Quantcast

'ഞാൻ മടുത്തു'; എസ്ഐആർ ജോലിഭാരം മൂലം ​ഗുജറാത്തിലും ബിഎൽഒ ജീവനൊടുക്കി

ഇതോടെ എസ്ഐആർ ജോലിഭാരത്തെ തുടർന്ന് തുടർന്ന് രാജ്യത്ത് മരിച്ച ബിഎൽഒമാരുടെ എണ്ണം ആറായി.

MediaOne Logo

Web Desk

  • Updated:

    2025-11-21 10:28:13.0

Published:

21 Nov 2025 3:53 PM IST

Gujarat BLO dies by suicide blames SIR workload in note
X

അഹമ്മദാബാദ്: വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആർ മൂലം വീണ്ടും ജീവൻ പൊലിഞ്ഞു. അമിത ജോലിഭാരത്തെ തുടർന്ന് ​ഗുജറാത്തിലെ ​ഗിർ സോമനാഥ് ജില്ലയിൽ ബിഎൽഒ ആത്മഹത്യ ചെയ്തു. കോഡിനാർ താലൂക്കിലെ ഛാര ​ഗ്രാമത്തിലെ ബിഎൽഒ ആയ അധ്യാപകൻ അരവിന്ദ് വധെർ (40) ആണ് മരിച്ചത്. ഇതോടെ എസ്ഐആർ ജോലിഭാരത്തെ തുടർന്ന് തുടർന്ന് രാജ്യത്ത് മരിച്ച ബിഎൽഒമാരുടെ എണ്ണം ആറായി.

എസ്ഐആറിന്റെ ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. 'എനിക്ക് ഈ എസ്ഐആർ ജോലിയുമായി മുന്നോട്ടുപോകാനാവുന്നില്ല. ഞാൻ മടുത്തു. കുറച്ചുദിവസമായി ഞാനേറെ ക്ഷീണിതനും അസ്വസ്ഥനുമാണ്. പ്രിയപ്പെട്ട ഭാര്യ, മകൻ ക്രിഷയ്, ക്ഷമിക്കണം'- എന്നാണ് ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ. ഔദ്യോഗിക രേഖകൾ അടങ്ങിയ തന്റെ ബാഗ് സ്കൂളിൽ സമർപ്പിക്കണമെന്നും കുറിപ്പിൽ പറയുന്നു.

ബിഎൽഒയുടെ മരണം ഗുജറാത്തിലെ വിദ്യാഭ്യാസ യൂണിയനുകൾക്കിടയിൽ രോഷം ആളിക്കത്തിച്ചിട്ടുണ്ട്. എസ്‌ഐആർ ഓൺലൈൻ പ്രക്രിയ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച ഗുജറാത്തിലെ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ്‌, തുടർ നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അറിയിച്ചു. രാജ്യത്തുടനീളം എസ്‌ഐആർ ജോലിസമ്മർദവുമായി ബന്ധപ്പെട്ട മരണങ്ങൾക്കും ആത്മഹത്യാ ശ്രമങ്ങൾക്കുമിടെയാണ് പുതിയ സംഭവം.

ഗുജറാത്തിലെ ഖേഡ ജില്ലയിൽ, 50കാരനായ ബിഎൽഒ രമേശ്ഭായ് പർമർ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. എസ്‌ഐആർ ജോലിയിലെ അമിത സമ്മർദമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ബുധനാഴ്ച രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലും എസ്‌ഐആർ ജോലിക്കിടെ ബിഎൽഒ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഹരിറാം എന്ന ഹരിഓം ബർവ (34) ആണ് തഹസിൽദാറുടെ ഫോൺകോൾ വന്ന് മിനിറ്റുകൾക്കുള്ളിൽ മരിച്ചത്. സേവ്തി ഖുർദ് സർക്കാർ സ്‌കൂളിലെ ഗ്രേഡ്-3 അധ്യാപകനായ ഹരിറാം തഹസിൽദാറുടെ ഫോൺകോൾ വന്നതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

എസ്‌ഐആർ ജോലിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഹരിറാമിന് മേൽ അമിത സമ്മർദം ചെലുത്തിയിരുന്നുവെന്നും ഇതുമൂലം കഴിഞ്ഞ ആറ് ദിവസമായി ഇയാൾ കടുത്ത സമ്മർദത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ജോലിഭാരം കാരണം ഇയാൾ വീട്ടുകാരോട് പോലും സംസാരിക്കാറില്ലായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.

ദിവസങ്ങൾക്ക് മുമ്പ്, ജയ്പൂരിലും ബി‌എൽ‌ഒ ആത്മഹത്യ ചെയ്തിരുന്നു. ജയ്‌പൂരിലെ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ് ജൻ​ഗിദ് (45) ആണ് കടുത്ത ജോലി സമ്മർദമുണ്ടെന്ന്‌ ആത്മഹത്യാക്കുറിപ്പെഴുതി വച്ച്‌ ജീവനൊടുക്കിയത്. എസ്‌ഐആർ ജോലികൾ കാരണം താൻ സമ്മർദത്തിലാണെന്നും സൂപ്പർവൈസർ സമ്മർ​ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻ ഭീഷണി ഉണ്ടെന്നുമായിരുന്നു ആത്മഹത്യാക്കുറിപ്പ്. എസ്‌ഐആർ ജോലിഭാരം കാരണം മുകേഷ് ജൻ​ഗിദ് കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് കുടുംബവും ആരോപിച്ചു.

തമിഴ്‌നാട്ടിലെ കുംഭകോണത്ത്, ബിഎൽഒ ആയിരുന്ന അങ്കണവാടി ജീവനക്കാരി രാത്രി വൈകി എസ്‌ഐആർ ജോലികൾ പൂർത്തിയാക്കാൻ സമ്മർദമുണ്ടായതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കേരളത്തിൽ ബിഎൽഒ ജീവനൊടുക്കിയതോടെയാണ് എസ്ഐആർ ജോലിഭാരം ചർച്ചയാകുന്നത്. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ അനീഷ് മാത്യു ആണ് നവംബർ 16ന് ജീവനൊടുക്കിയത്. പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയിലെ ബിഎൽഒ നമിത ഹൻസ്ദ മസ്തിഷ്‌കാഘാതം കാരണം മരിച്ചിരുന്നു. കടുത്ത ജോലി സമ്മർദം മൂലമാണ് ഹൻസ്ദ മരിച്ചതെന്ന് ഇവരുടെ ഭർത്താവ് പറഞ്ഞിരുന്നു.

അമിതജോലിഭാരവും മാനസിക സമ്മർദവും ചൂണ്ടിക്കാട്ടി കേരളം, തമിഴ്നാട് അടക്കം വിവിധയിടങ്ങളിൽ ബിഎൽഒമാർ എസ്‌ഐ‌ആർ പ്രക്രിയ ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു. ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് എസ്‌ഐആർ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. തമിഴ്‌നാട്, പുതുച്ചേരി, കേരളം, അസം എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.




TAGS :

Next Story