മോദി എപ്പോഴാണ് ചായ വിറ്റിരിക്കുന്നത്? എല്ലാം വോട്ടിന് വേണ്ടിയുള്ള നാടകം മാത്രം: ഖാർഗെ
'ജനങ്ങൾക്ക് ചായ കൊടുക്കാൻ അദ്ദേഹം എപ്പോഴെങ്കിലും കെറ്റിലുമായി നടന്നിട്ടുണ്ടോ?'

- Updated:
2026-01-22 15:47:04.0

ന്യൂഡൽഹി: താൻ ചായ വിറ്റിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തിൽ പരിഹാസവുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. മോദി എപ്പോഴാണ് ചായ വിറ്റിരിക്കുന്നതെന്നും എല്ലാം വോട്ട് കിട്ടാനുള്ള അവകാശവാദം മാത്രമാണെന്നും ഖാർഗെ പറഞ്ഞു. താനൊരു ചായ വിൽപ്പനക്കാരനായിരുന്നെന്ന മോദിയുടെ അവകാശവാദം കളവാണെന്നും ഖാർഗെ.
'വോട്ട് കിട്ടാൻ, താനൊരു ചായ വിൽപ്പനക്കാരനായിരുന്നെന്ന് മോദി പറഞ്ഞുകൊണ്ടിരിക്കുന്നു. അദ്ദേഹം എപ്പോഴാണ് ചായ വിറ്റിരിക്കുന്നത്? ജനങ്ങൾക്ക് ചായ കൊടുക്കാൻ അദ്ദേഹം എപ്പോഴെങ്കിലും ഒരു കെറ്റിലുമായി നടന്നിട്ടുണ്ടോ? ഇതെല്ലാം വെറും നാടകം മാത്രമാണ്. ദരിദ്രരെ അടിച്ചമർത്തുക എന്നതാണ് അദ്ദേഹത്തിന്റെ പതിവ്'- ഖാർഗെ വിശദമാക്കി.
ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു നിരവധി പദ്ധതികൾ കൊണ്ടുവന്നു. അത്തരത്തിൽ ഒരൊറ്റ പദ്ധതിയെങ്കിലും ബിജെപി ഇക്കാലംവരെ അവതരിപ്പിച്ചിട്ടുണ്ടോയെന്നും ഖാർഗെ ചോദിച്ചു. യുപിഎ കാലത്തെ മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമം ഇല്ലാതാക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന വി ബി ജി റാം ജി ആക്ടിനെതിരായ പ്രതിഷേധ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ കുട്ടിക്കാലത്ത്, പിതാവ് ഗുജറാത്തിലെ വദ്നഗർ റെയിൽവേ സ്റ്റേഷനിൽ ചായക്കട നടത്തിയിരുന്നതായും താൻ അദ്ദേഹത്തെ സഹായിച്ചിരുന്നതായും മോദി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ പലപ്പോഴും കോൺഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്. മുമ്പ്, അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് ഡോ. പ്രവീൺ തൊഗാഡിയയും മോദിയുടെ ഈ അവകാശവാദം ഖണ്ഡിച്ചിരുന്നു.
മോദിയുമായുള്ള 43 വർഷത്തെ സൗഹൃദത്തിനിടയിൽ ഒരിക്കൽപ്പോലും അദ്ദേഹം ചായ വിൽക്കുന്നത് താൻ കണ്ടിട്ടില്ലെന്നും ചായക്കടക്കാരൻ എന്ന പ്രതിച്ഛായ സഹതാപം കിട്ടാനുള്ള തട്ടിപ്പ് മാത്രമാണെന്നുമാണ് തൊഗാഡിയ പറഞ്ഞത്.
ആർഎസ്എസിൽ മോദിക്കൊപ്പം വളർന്ന തൊഗാഡിയ, പിന്നീട് 1980കളിൽ വിഎച്ച്പിയിലേക്ക് മാറുകയായിരുന്നു. കുട്ടിക്കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും തീവണ്ടികളിലും ചായ വിറ്റതിന് രേഖകളില്ലെന്ന് ഇന്ത്യൻ റെയിൽവേ വിവരാവകാശ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. 2015ൽ കോൺഗ്രസ് അനുഭാവിയും ആക്ടിവിസ്റ്റുമായ തെഹ്‌സീൻ പൂനാവല്ല സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കാണ് റെയിൽവേ മറുപടി നൽകിയത്.
Adjust Story Font
16
