Quantcast

പോയിന്റ് ബ്ലാങ്കിൽ മുസ്‌ലിംകൾക്ക് നേരെ വെടിയുതിർക്കുന്ന ഹിമന്ത ബിശ്വ ശർമ; വീഡിയോ പങ്കുവെച്ച് അസം ബിജെപി

അസം ബിജെപിയുടെ ഔദ്യോ​ഗിക എക്സ് പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

MediaOne Logo
പോയിന്റ് ബ്ലാങ്കിൽ മുസ്‌ലിംകൾക്ക് നേരെ വെടിയുതിർക്കുന്ന ഹിമന്ത ബിശ്വ ശർമ; വീഡിയോ പങ്കുവെച്ച് അസം ബിജെപി
X

ഗുവാഹതി: മുസ്‌ലിംകൾക്ക് നേരെ പ്രതീകാത്മകമായി വെടിയുതിർക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വീഡിയോ പങ്കുവെച്ച് ബിജെപി. അസം ബിജെപിയുടെ ഔദ്യോഗിക എക്‌സ് പേജിലാണ് പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുന്ന ഹിമന്തയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'പോയിന്റ് ബ്ലാങ്ക് ഷൂട്ട്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ.

ബംഗാളി മുസ്‌ലിംകൾക്കെതിരെ ഹിമന്തയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് വീഡിയോ. തോക്ക് പിടിച്ചുനിൽക്കുന്ന മുഖ്യമന്ത്രി എഐ വഴി നിർമിച്ച മുസ്‌ലിംകളുടെ ഫോട്ടോക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

'വിദേശി മുക്ത അസം', 'ഒരു ദയയും കാണിക്കില്ല', 'എന്തുകൊണ്ടാണ് നിങ്ങൾ പാകിസ്താനിൽ പോകാത്തത്?', 'ബംഗ്ലാദേശികൾക്ക് മാപ്പില്ല' തുടങ്ങിയ വരികളും വീഡിയോയിലുണ്ട്.

വീഡിയോക്ക് എതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ''അപമാനകരം, ഈ വീഡിയോ നിർമിച്ചത് ആരായാലും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം''- തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ് ആവശ്യപ്പെട്ടു.

'ഇത് പ്രചരിപ്പിക്കാൻ എനിക്ക് താത്പര്യമില്ല, എങ്കിലും ഭരണകൂടത്തിന്റെ അധഃപതനം ഇത് തുറന്നുകാട്ടുന്നു. പ്രധാനമന്ത്രി മോദി മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയിൽ തനിക്ക് ലഭിച്ച വലിയ സ്വീകരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഹിമന്ത ബിശ്വ ശർമ മുസ്‌ലിംകൾക്ക് നേരെ വെടിയുതിർക്കുന്ന മീം ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവെക്കുന്നു'- മാധ്യമപ്രവർത്തക റാണാ അയ്യൂബ് എക്‌സ് പോസ്റ്റിൽ പറഞ്ഞു.

ബംഗാളി മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പരാമർശങ്ങളുടെ പേരിൽ നേരത്തെയും ഹിമന്ത ബിശ്വ ശർമക്കെതിരെ വലിയ വിമർശനമുയർന്നിരുന്നു. ദിഗ്ബോയിയിൽ നടന്ന ഒരു പരിപാടിയിൽ വോട്ടർപട്ടിക പരിഷ്‌കരണത്തിൽ 'മിയ വിഭാഗത്തിലുള്ളവരെ കഷ്ടപ്പെടുത്താൻ' താൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബംഗാളി മുസ്‌ലിംകളെ 'ബുദ്ധിമുട്ടിക്കണം' എന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. 'മിയ മുസ്‌ലിമിന്റെ' ഓട്ടോ വിളിച്ചാൽ വാടക അഞ്ച് രൂപയാണെങ്കിൽ നാല് രൂപ മാത്രം നൽകിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ പ്രസംഗം ഭരണഘടനാ തത്വങ്ങൾക്കും സംസ്ഥാനത്തെ ന്യൂനപക്ഷ അവകാശങ്ങൾക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദർ പോലീസിൽ പരാതി നൽകി. അസം മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾക്കെതിരെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

TAGS :

Next Story