Quantcast

'ഭർത്താവ് മോദിയുടെ പേര് പറഞ്ഞുനടന്നാൽ, അത്താഴം കൊടുക്കരുത്'; വനിതാ വോട്ടർമാരോട് കെജ്‌രിവാൾ

'പണമുണ്ടായാൽ ശാക്തീകരണം സംഭവിക്കും, ഓരോ സ്ത്രീക്കും ഓരോ മാസവും 1000 രൂപ ലഭിക്കുമ്പോൾ യഥാർത്ഥ ശാക്തീകരണം സംഭവിക്കും'; 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാ വനിതകൾക്കും മാസംതോറും ആയിരം രൂപ പ്രഖ്യാപിച്ച്‌ ഡൽഹി സർക്കാർ

MediaOne Logo

Web Desk

  • Published:

    10 March 2024 6:14 AM GMT

ഭർത്താവ് മോദിയുടെ പേര് പറഞ്ഞുനടന്നാൽ, അത്താഴം കൊടുക്കരുത്; വനിതാ വോട്ടർമാരോട് കെജ്‌രിവാൾ
X

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പറഞ്ഞുനടന്നാൽ ഭർത്താവിന് അത്താഴം കൊടുക്കരുതെന്ന് ആം ആദ്മി പാർട്ടി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഡൽഹി ടൗൺഹാളിൽ ആം ആദ്മി പാർട്ടി സംഘടിപ്പിച്ച 'മഹിളാ സമ്മാൻ സംറ്രോഹ് പരിപാടിക്കിടെയാണ് കെജ്‌രിവാൾ രസകരമായി വോട്ട് ചോദിച്ചത്. 'പല പുരുഷന്മാരും പ്രധാനമന്ത്രി മോദിയുടെ പേര് പറഞ്ഞു നടക്കും. പക്ഷേ നിങ്ങൾ അവരെ ശരിയാക്കണം. നിങ്ങളുടെ ഭർത്താവ് മോദിയുടെ പേര് പറഞ്ഞാൽ, അത്താഴം തരില്ലെന്ന് പറയണം' കെജ്‌രിവാൾ പറഞ്ഞു. 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാ വനിതകൾക്കും ഡൽഹി സർക്കാർ മാസംതോറും ആയിരം രൂപ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ചടങ്ങ് നടന്നത്. 2024-25 ബജറ്റിലാണ് പുതിയ പദ്ധതി ആം ആദ്മി സർക്കാർ പ്രഖ്യാപിച്ചത്.

തന്നെയും ആം ആദ്മി പാർട്ടിയെയും പിന്തുണയ്ക്കുമെന്ന് സത്യം ചെയ്യാൻ കുടുംബാംഗങ്ങളോട് ആവശ്യപ്പെടണമെന്ന് അരവിന്ദ് കെജ്രിവാൾ സ്ത്രീകളോട് പറഞ്ഞു. 'നിങ്ങളുടെ സഹോദരൻ കെജ്രിവാൾ മാത്രമേ നിങ്ങളോടൊപ്പം നിൽക്കൂ' എന്ന് ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് സ്ത്രീകളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ഞാൻ അവരുടെ വൈദ്യുതി സൗജന്യമാക്കിയെന്നും ബസ് ടിക്കറ്റുകൾ സൗജന്യമാക്കിയെന്നും പറയൂ, ഇപ്പോൾ ഞാൻ സ്ത്രീകൾക്ക് 1000 രൂപ എല്ലാ മാസവും നൽകുന്നു. ബിജെപി അവർക്കായി എന്താണ് ചെയ്തത്? പിന്നെ എന്തിനാണ് ബിജെപിക്ക് വോട്ട്? ഇത്തവണ കെജ്‌രിവാളിന് വോട്ട് ചെയ്യുക' എഎപി മേധാവി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ ഇതുവരെ തട്ടിപ്പാണ് നടന്നതെന്നും ഡൽഹി മുഖ്യമന്ത്രി വിമർശിച്ചു.

'പാർട്ടികൾ ഒരു സ്ത്രീക്ക് ചില പദവികൾ നൽകി സ്ത്രീകളെ ശാക്തീകരിച്ചുവെന്ന് പറയുന്നു. സ്ത്രീകൾക്ക് സ്ഥാനങ്ങൾ ലഭിക്കരുതെന്ന് ഞാൻ പറയുന്നില്ല, അവർക്ക് വലിയ സ്ഥാനങ്ങളും അവസരങ്ങളുമാണ് ലഭിക്കേണ്ടത്. അവർക്ക് എല്ലാം ലഭിക്കണം. പക്ഷേ, രണ്ടോ നാലോ സ്ത്രീകൾക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂ. ബാക്കി സ്ത്രീകൾക്ക് എന്ത് കിട്ടും?' കെജ്രിവാൾ ചോദിച്ചു. തന്റെ സർക്കാരിന് കീഴിലുള്ള പുതിയ പദ്ധതി 'മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന' യഥാർത്ഥ ശാക്തീകരണം കൊണ്ടുവരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

'പണമുണ്ടായാൽ ശാക്തീകരണം സംഭവിക്കും, ഓരോ സ്ത്രീക്കും ഓരോ മാസവും 1000 രൂപ ലഭിക്കുമ്പോൾ യഥാർത്ഥ ശാക്തീകരണം സംഭവിക്കും' അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പരിപാടിയായിരിക്കും ഈ പദ്ധതിയെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story