Quantcast

ഉത്തർപ്രദേശിൽ ബലിപെരുന്നാൾ ദിനത്തിലെ കൊലപാതക കേസ് പ്രതിയുടെ 'ഏറ്റുമുട്ടൽ കൊല'; രാഷ്ട്രീയപ്പോര് മുറുകുന്നു

ഉത്തർപ്രദേശിൽ വ്യാജ ഏറ്റുമുട്ടലുകൾ ഒരു പതിവായി മാറിയിരിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി ആരോപിച്ചു

MediaOne Logo
ഉത്തർപ്രദേശിൽ ബലിപെരുന്നാൾ ദിനത്തിലെ കൊലപാതക കേസ് പ്രതിയുടെ ഏറ്റുമുട്ടൽ കൊല; രാഷ്ട്രീയപ്പോര് മുറുകുന്നു
X

ന്യൂഡൽഹി: ഗാസിയാബാദിൽ പെരുന്നാൾ ദിനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസ് രാഷ്ട്രീയപ്പോരിലേക്ക് വഴിമാറുന്നു. പ്രതിയെ പൊലീസ് വെടിവെച്ചുകൊന്നതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ഗാസിയാബാദിൽ 17 കാരനായ സൂര്യപ്രതാപ് ചൗഹാൻ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രദേശത്ത് വൻ പ്രതിഷേധങ്ങളും ജനരോഷവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ മുഖ്യപ്രതിയായ അസദിനെ ശനിയാഴ്ച അർധരാത്രിയിലുണ്ടായ ഏറ്റുമുട്ടലിൽ വെടിവെച്ചുകൊന്നുവെന്ന് പൊലീസ് പറയുന്നത്.

ഒളിവിൽ പോയ അസദിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പൊലീസ് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഖോദ, ഇന്ദിരാപുരം പൊലീസ് സംഘങ്ങൾ സംയുക്തമായി നടത്തിയ റെയ്ഡിനിടെ, പ്രതികൾ വെടിയുതിർത്തപ്പോൾ നടത്തിയ തിരിച്ചടിയിലാണ് അസദിന് പരിക്കേറ്റത് എന്നാണ് പൊലീസ് പറയുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സൗഹൃദത്തിന്റെ മറവിലുള്ള കൊലപാതകങ്ങൾ ഒരിക്കലും അംഗീകരിക്കില്ല എന്നായിരുന്നു സൂര്യപ്രതാപിന്റെ കൊലപാതകത്തെ കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. മാതാപിതാക്കൾ മക്കളുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. വഴിതെറ്റിപ്പോകുന്ന മക്കളെ തിരുത്താനോ നേർവഴിക്ക് നടത്താനോ സാധിക്കുന്നില്ലെങ്കിൽ, തങ്ങൾ ചെയ്യുന്നത് വലിയ തെറ്റാണെന്ന് മാതാപിതാക്കൾ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പ്രതിയെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിനെതിരെ പ്രതിപക്ഷ പാർട്ടികളായ സമാജ്വാദി പാർട്ടിയും കോൺഗ്രസും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിൽ പ്രതികളുടെ മതം നോക്കിയാണ് പൊലീസ് ഏറ്റുമുട്ടലുകൾ നടത്തുന്നതെന്ന് ഇരുപാർട്ടികളും ആരോപിച്ചു.

ഉത്തർപ്രദേശിൽ വ്യാജ ഏറ്റുമുട്ടലുകൾ ഒരു പതിവായി മാറിയിരിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി ആരോപിച്ചു. 'കുറ്റവാളിയെ അറസ്റ്റ് ചെയ്യുക, കോടതിയിൽ കുറ്റം തെളിയിക്കുക, അതിനുശേഷം ശിക്ഷിക്കുക' അതാണ് നിയമപരമായ രീതി. എന്നാൽ ഉത്തർപ്രദേശിൽ മതം നോക്കിയാണ് ഏറ്റുമുട്ടലുകൾ നടക്കുന്നത്. കൊല്ലപ്പെട്ടത് ഒരു മുസ്‌ലിം ആണെങ്കിൽ പ്രതിയെ പൊലീസ് വെടിവെച്ചുകൊല്ലാറില്ല. എന്നാൽ ഒരു ഹിന്ദുവാണ് കൊല്ലപ്പെടുന്നതെങ്കിൽ, പ്രതി മുസ്‌ലിമോ യാദവോ ആണെങ്കിൽ പൊലീസ് വളരെ വേഗത്തിൽ ഏറ്റുമുട്ടൽ കൊലപാതകം നടത്തുമെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിന് നിയമം കൈയിലെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായും രംഗത്തെത്തി. ഇത്തരം ഏറ്റുമുട്ടലുകളെ ഞാൻ പൂർണമായും എതിർക്കുന്നു. സർക്കാർ നിയമവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നത്. ഭരണകൂടം ഇത്തരത്തിൽ നിയമം കൈയിലെടുക്കുന്നത് തികച്ചും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ബലിപെരുന്നാൾ ദിനമായ മെയ് 28-നാണ് ഗാസിയാബാദിലെ ഖോദ പ്രദേശത്ത് വെച്ച് സൂര്യപ്രതാപ് ചൗഹാൻ കൊല്ലപ്പെട്ടത്. ഈ സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ ജനരോഷത്തിന് കാരണമായിരുന്നു. ഇരയുടെ കുടുംബാംഗങ്ങളും നിരവധി ഹിന്ദു സംഘടനകളും തെരുവിൽ പ്രതിഷേധിക്കുകയും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വെടിവെച്ചുകൊല്ലണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രതിയെ കണ്ടെത്താനായി പൊലീസ് തുടർച്ചയായ റെയ്ഡുകൾ നടത്തിവരുന്നതിനിടയിലാണ് അസദ് കൊല്ലപ്പെട്ടത്.

പൊലീസ് നടപടിക്ക് പിന്നാലെ, കൊലപാതകത്തിൽ പങ്കാളികളായ മറ്റുള്ളവർക്കെതിരെയും സമാനമായ നടപടി വേണമെന്ന് സൂര്യപ്രതാപിന്റെ അമ്മ ആവശ്യപ്പെട്ടു. ''ഒരാളെ വധിച്ച വാർത്ത മാത്രമാണ് ഞാൻ അറിഞ്ഞത്. എനിക്ക് അസദിന്റെ മൃതദേഹത്തിന്റെ ചിത്രം കാണണം. അത് കണ്ടാലേ എനിക്ക് ആശ്വാസമാകൂ. ബാക്കിയുള്ള ഏഴ് പ്രതികളെയും ഇതേ രീതിയിൽ നേരിടണം. എന്റെ മകനോട് അവർ ക്രൂരതയാണ് കാണിച്ചത്. എല്ലാവരുടെയും വീടുകൾ ബുൾഡോസർ വെച്ച് ഇടിച്ചുനിരത്തണം''- അവർ ആവശ്യപ്പെട്ടു.

TAGS :

Next Story