Quantcast

മോദിക്കെതിരെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിക്കെതിരെ കേസെടുത്ത് പൊലീസ്

തങ്ങളുടെ ആധാർ കാർഡുകൾ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന രണ്ടുപേരുടെ പരാതിയിലാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    18 May 2024 5:48 AM GMT

മോദിക്കെതിരെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിക്കെതിരെ കേസെടുത്ത് പൊലീസ്
X

വാരാണാസി: പ്രധാനമന്ത്രി മോദിക്കെതിരെ വരാണാസിയിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിക്കെതിരെ കേസെടുത്ത് പൊലീസ്. വാരാണാസിയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിക്കാൻ അനുവദിച്ചില്ലെന്ന പരാതിയുമായി കൊമേഡിയൻ ശ്യാം രംഗീല കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് യുഗ തുളസി പാർട്ടിയു​ടെ പിന്തുണയോടെ സ്ഥാനാർഥിയായ ഹൈദരാബാദ് സ്വദേശിയായ കോലിസെട്ടി ശിവകുമാറിനെതിരെയാണ് വെള്ളിയാഴ്ച പൊലീസ് കേസെടുത്തത്.

ശിവകുമാറിന്റെ നാമനിർദേശത്തിൽ പിന്തുണച്ചവരുടെ പരാതിയിലാണ് പൊലീസ് കേ​സെടുത്തത്. നോമിനേഷൻ നൽകുകയും അവ സൂക്ഷ്മ പരിശോധനക്ക് ശേഷം അവ സ്വീകരിച്ചതിന് ​പിന്നാ​ലെയാണ് പരാതിവരുന്നതും പൊലീസ് കേസെടുക്കുന്നതും.

സോനേർപുര സ്വദേശികളായ മഞ്ജുദേവിയും മഹേഷും നൽകിയ പരാതിയിലാണ് കേ​സെടുത്തിരിക്കുന്നത്. തങ്ങളുടെ ആധാറുകൾ അനുവാദമില്ലാതെ ഉപയോഗിക്കുകയും അതുപയോഗിച്ച് നാമനിർദേശക പത്രികയിൽ പിന്തുണക്കുന്നവരായി ഉപ​യോഗിച്ചുവെന്നുമാണ് പരാതിയിലുള്ളത്.

ഐ.പി.സി 419, 420, 506 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് വരാണാസിയിലെ ബെഹ്‌ലുപൂർ പൊലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ശിവകുമാറുമായി തങ്ങൾക്ക് പരിചയമില്ലെന്നും അദ്ദേഹത്തിന് വേണ്ടി ഒരു രേഖയിലും ഒപ്പിട്ടിട്ടില്ലെന്നും പരാതിക്കാർ പറയുന്നു. ജൂൺ 1 നാണ് വാരാണസി തെരഞ്ഞെടുപ്പ്.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൽ നിന്ന് പല തവണ തഴയപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച് ശ്രദ്ധേയനായ ശ്യാം രം​ഗീല പറഞ്ഞിരുന്നു. മെയ് 10 മുതൽ താൻ പത്രിക സമർപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് ശ്യാം പറയുന്നു. എന്നാൽ ചില ഒഴികഴിവുകൾ പറഞ്ഞ് അധികൃതർ നിരുത്സാഹപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

'ഇന്ന് ജനാധിപത്യം കഴുത്തു ഞെരിച്ച് കൊല്ലപ്പെടുന്നത് ഞാൻ സ്വന്തം കണ്ണുകൊണ്ട് കണ്ടു. ഞാനൊരു നേതാവല്ല, ഒരു ഹാസ്യനടനാണ്. എന്നിട്ടും നാമനിർ​ദേശ പത്രിക സമർപ്പിക്കാൻ ഞാൻ പോയി. എന്ത് സംഭവിച്ചാലും വരുന്നിടത്ത് വച്ച് കാണാമെന്ന് ഞാൻ കരുതി. ഫോം വാങ്ങി പൂരിപ്പിച്ചു, പക്ഷേ ആരും അത് സ്വീകരിക്കാൻ തയാറായില്ല. ‍ഞാൻ വീണ്ടും ശ്രമിക്കും'- അദ്ദേഹം വിശദമാക്കി.

വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ശ്യാം പരാതി നൽകിയിട്ടുണ്ട്. നോട്ട് നിരോധനം പോലുള്ള വിഷയങ്ങളിൽ യൂട്യൂബിൽ തരം​ഗമായ നിരവധി മോക്ക് വീഡിയോകളിലൂടെ ജനപ്രിയനായ ഹാസ്യനടനാണ് 29കാരനായ ശ്യാം രം​ഗീല.

TAGS :

Next Story