Quantcast

'ഇൻഡ്യ' സഖ്യ യോഗത്തിൽ ജോൺ ബ്രിട്ടാസ് പങ്കെടുക്കും; കോൺഗ്രസിനെതിരെയുള്ള സിപിഎം കത്ത് ചർച്ചയാക്കും

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി , മല്ലികാർജുൻ ഖാർഗെ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ വെറും തെരഞ്ഞെടുപ്പ് വിമർശനങ്ങൾക്കപ്പുറമുള്ളതാണെന്നാണ് സിപിഎം നിലപാട്. വ്യക്തത തേടി കോൺഗ്രസ് നേതൃത്വത്തിന് സിപിഎം ജനറൽ സെക്രട്ടറി കത്ത് എഴുതിയെങ്കിലും പ്രതികരിച്ചിട്ടില്ല

MediaOne Logo

ശരത് ഓങ്ങല്ലൂർ

  • Updated:

    2026-06-07 12:12:17

Published:

7 Jun 2026 3:43 PM IST

ഇൻഡ്യ സഖ്യ യോഗത്തിൽ ജോൺ ബ്രിട്ടാസ് പങ്കെടുക്കും; കോൺഗ്രസിനെതിരെയുള്ള സിപിഎം കത്ത് ചർച്ചയാക്കും
X

ന്യുഡൽഹി: തിങ്കളാഴ്ച നടക്കുന്ന 'ഇൻഡ്യ' സഖ്യ യോഗത്തിൽ സിപിഎമ്മിനെ പ്രതിനിധീകരിച്ച് രാജ്യസഭ എംപി ജോൺ ബ്രിട്ടാസ് പങ്കെടുത്തേക്കും. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ സിപിഎം-ബിജെപി അന്തർധാര എന്ന് കോൺഗ്രസ് നേതാക്കൾ പ്രചരിപ്പച്ചതിൽ വ്യക്തത തേടി എം.എ ബേബി എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെക്ക് കത്തെഴുതിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല. യോഗത്തിൽ സിപിഎം പ്രതിനിധി വിഷയം ഉന്നയിക്കും.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി , മല്ലികാർജുൻ ഖാർഗെ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ വെറും തെരഞ്ഞെടുപ്പ് വിമർശനങ്ങൾക്കപ്പുറമുള്ളതാണെന്നാണ് സിപിഎം നിലപാട്. ജനറൽ സെക്രട്ടറി എം.എ ബേബി അയച്ച കത്തിൽ അത് ചൂണ്ടിക്കാണിക്കുന്നുമുണ്ട്.ബിജെപിയെ സംയുക്തമായി നേരിടാൻ രൂപീകരിച്ച ഒരു സഖ്യത്തിന്റെ സുഗമമായ പ്രവർത്തനത്തെ തന്നെ ഇത്തരം ആരോപണങ്ങൾ ചോദ്യം ചെയ്യും. 'ഇൻഡ്യ' സഖ്യത്തിന്റെ സഹകരണ മനോഭാവത്തിന് നിരക്കാത്തതാണെന്നും കത്തിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ കത്തിന് കോൺഗ്രസ് ഇതുവരെയും ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല.പ്രതിപക്ഷ സഖ്യത്തിലെ മറ്റ് കക്ഷികൾക്കും ഈ കത്തിന്റെ പകർപ്പുകൾ സിപിഎം നൽകിയിട്ടുണ്ട്.

തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി, ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഡിഎംകെ, ആം ആദ്മി പാർട്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തേക്കില്ല.

കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷം നടക്കുന്ന യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്. മുൻ യോഗങ്ങളിൽ സജീവ പങ്കാളിയായിരുന്ന ഡിഎംകെ തിങ്കളാഴ്ചയിലെ യോഗത്തിന് എത്തില്ല. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിനൊപ്പം മത്സരിച്ച് കോൺഗ്രസ് ഫലം വന്നതിന് പിന്നാലെ വിജയിക്ക് പിന്തുണനൽകിയതോടെയാണ് ഡിഎംകെ 'ഇൻഡ്യ' സഖ്യത്തിൽ വിള്ളലുണ്ടാവുന്നത്. കഴിഞ്ഞ യോഗങ്ങളിൽ എത്താതിരുന്ന മമത ബാനർജി ഇത്തവണ യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് തോൽവിയും പാർട്ടിയിലെ വിമത പ്രശ്‌നങ്ങളുമാണ് മമതയെ മാറ്റി ചിന്തിപ്പിച്ചത്.

TAGS :

Next Story