'നിങ്ങളൊക്കെ ചെയ്യുന്നതുപോലെ അതൊരു റീലായിരുന്നു, പക്ഷെ ഇക്കാര്യം പെടുത്തി': ഗൂഗിൾ മാപ്പിനെ ട്രോളിയതിന് യുവാവിന് 47 ദിവസത്തെ ജയിൽവാസം
നിരവധി പേർ പിന്തുടരുന്ന സമൂഹമാധ്യമ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട ഭരദ്വാജിന്‍റെ പോസ്റ്റ് ചൂടപ്പം പോലെയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നിസാരമായ കോമഡി റീൽ ഇത്രയും ഭീകരമായ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതിന്‍റെ നടുക്കത്തിലാണ് കമന്‍റ് ബോക്സിന്‍റെ ഭൂരിഭാഗവും. തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നറിയിച്ചുകൊണ്ട് പിന്തുണ പ്രഖ്യാപിക്കുകയാണ് അവരിലധികവും.

- Published:
3 Jun 2026 7:36 PM IST

ന്യൂഡൽഹി: കാലികപ്രസക്തിയുള്ള സാമൂഹിക വിഷയങ്ങളെ നർമം കലർത്തി അവതരിപ്പിച്ചുകൊണ്ട് കാണികളെ ചിരിപ്പിക്കുകയും, ചിലപ്പോഴൊക്കെ ചിന്തിപ്പിക്കുകയും ചെയ്ത ഇന്ത്യൻ സ്റ്റാൻഡ് അപ്പ് കൊമേഡിയനാണ് യശ് ഭരദ്വാജ്. കൈകാര്യം ചെയ്യുന്ന വിഷയത്തിന്‍റെ മർമപ്രധാന ഭാഗങ്ങളിൽ തൊട്ടുംതലോടിയും അദ്ദേഹം അവതരിപ്പിച്ച റീലുകളിൽ പലതും ലക്ഷങ്ങളാണ് ഞൊടിയിടയിൽ കണ്ടുതീർക്കാറുള്ളത്. ഇപ്പോഴിതാ, ജീവിതത്തിൽ അടുത്തിടെ നേരിടേണ്ടിവന്ന അപ്രതീക്ഷിതമായ സംഭവത്തെ വിശദീകരിച്ചുകൊണ്ടുള്ള വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹം.
പശ്ചിമേഷ്യൻ സംഘർഷം കാരണം ക്രമരഹിതമായി പ്രവർത്തിക്കുന്ന ഗൂഗിൾ മാപ്പിന്‍റെ പ്രവർത്തനത്തെച്ചൊല്ലിയുള്ള റീൽ പോസ്റ്റ് ചെയ്തെന്ന് ചൂണ്ടിക്കാട്ടി 47 ദിവസം ദുബൈയിൽ തടങ്കലിൽ കഴിയേണ്ടിവന്നുവെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ ഭരദ്വാജ് വെളിപ്പെടുത്തുന്നത്. ദുബൈയിൽ അടുത്തിടെ നടന്ന കോമഡി പരിപാടിക്കിടെയാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നും വിഡിയോയിൽ ഇയാൾ വിശദീകരിക്കുന്നുണ്ട്.
പൊലീസ് ആസ്ഥാനത്ത് എത്തണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ മാർച്ച് 19-നാണ് ദുബൈ പൊലീസ് തന്നെ ബന്ധപ്പെട്ടതെന്നാണ് ഭരദ്വാജിന്‍റെ വെളിപ്പെടുത്തൽ. മുൻപും പലതവണ പരിപാടികൾക്കായി ഇവിടെ വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്തരമൊരു സംഭവം. തമാശരൂപേണ താൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച റീൽ രാജ്യസുരക്ഷയെ കുറിച്ച് ആശങ്ക ജനിപ്പിക്കുന്ന തരത്തിലുള്ളതാണെന്നായിരുന്നു പൊലീസിന്‍റെ വാദം. ഇത് അനുവദിക്കാനാവില്ലായെന്നും കൊമേഡിയൻ തടങ്കലിൽ കഴിയണമെന്നും അവർ വിധിക്കുകയായിരുന്നു. 47 ദിവസം അവിടെ തടങ്കലിൽ കഴിഞ്ഞതിന് ശേഷം മെയ് അഞ്ചിനാണ് ഇന്ത്യയിലെത്തിയതെന്നും ഭരദ്വാജ് വിഡിയോയിൽ പറഞ്ഞു.
'എന്നെയും കുടുംബത്തെയും ട്രോളിക്കൊണ്ടുള്ള റീലായിരുന്നു അത്. ശാരീരികമായും മാനസികമായും ഞങ്ങളെ കുറിച്ചും അതിൽ പരാമർശിച്ചുപോകുന്നുണ്ട്. എന്നിട്ടും, ഇത്തരമൊരു നടപടി തീരെ പ്രതീക്ഷിച്ചിരുന്നില്ല'. ഭരദ്വാജ് വ്യക്തമാക്കി. ഇന്ത്യയിലേക്ക് തിരിച്ചെത്താനായതിൽ സന്തോഷമുണ്ടെന്നും കരിയറിൽ ഫോക്കസ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും വിഡിയോയിൽ പറയുന്നു.
നിരവധി പേർ പിന്തുടരുന്ന സമൂഹമാധ്യമ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട ഭരദ്വാജിന്‍റെ പോസ്റ്റ് ചൂടപ്പം പോലെയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നിസാരമായ കോമഡി റീൽ ഇത്രയും ഭീകരമായ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതിന്‍റെ നടുക്കത്തിലാണ് കമന്‍റ് ബോക്സിന്‍റെ ഭൂരിഭാഗവും. തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നറിയിച്ചുകൊണ്ട് പിന്തുണ പ്രഖ്യാപിക്കുകയാണ് അവരിലധികവും.
'തികച്ചും നിരാശാജനകമായ വാർത്ത. സംഭവിച്ചതിനെല്ലാമുള്ളത് ദൈവം തരാതിരിക്കില്ല. ഇനിയും മികവോടെ മുന്നോട്ട് പോകാനാവട്ടെ'. ഒരാൾ കുറിച്ചു.
നാട്ടിലെ സ്വൈര്യജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സഹായിച്ച മുംബൈ നഗരത്തിലെ പ്രിയപ്പെട്ടവർക്കും നിരവധി കോമഡി ഗ്രൂപ്പുകൾക്കും സംഘടനകൾക്കും അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു. കഴിഞ്ഞ 16 വർഷമായി ബംഗളൂരുവിൽ സ്റ്റാൻഡ് അപ്പ് കൊമേഡിയനായി കഴിയുകയാണ് ഭരദ്വാജ്. തന്‍റെ കരിയറിലെ പുത്തൻ ചാപ്റ്ററായി ഈ സംഭവത്തെ കാണുമെന്നും കൂടുതൽ ക്രിയാത്മകമായി മുന്നോട്ടുപോകുമെന്നും അയാൾ വിഡിയോയിൽ കൂട്ടിച്ചേർത്തു.
Adjust Story Font
16
