രണ്ട് ജോലികൾ, മാസം ഏഴ് ലക്ഷം രൂപ ശമ്പളം; എന്നിട്ടും സാമ്പത്തിക ഭദ്രതയോർത്ത് ആശങ്കയിലെന്ന് ടെക് യുവാവ്
ദിവസവും 16 മണിക്കൂറോളം ജോലി ചെയ്യുന്നതിലൂടെ തന്റെ ആരോഗ്യവും സമയവും പൂർണമായും ഇല്ലാതായതായും യുവാവ് പറയുന്നു

ബംഗളൂരു: ഒരേസമയം രണ്ട് ജോലികൾ ചെയ്ത് ഏഴ് ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഇന്ത്യൻ ടെക്കിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾസോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏഴ് ലക്ഷം ശമ്പളം ലഭിക്കുമ്പോഴും സാമ്പത്തിക ഭദ്രതയെക്കുറിച്ചോർത്ത് താൻ ആശങ്കയിലാണെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ.
പോഡ്കാസ്റ്റർ അൻഷുമാൻ ശർമ്മയുടെ ഫിക്സ് യുവർ ഫിനാൻസ് എന്ന പേഴ്സണൽ ഫിനാൻസ് ഷോയിലാണ് 29കാരനായ രോഹിത് എന്ന ടെക് യുവാവ് തന്റെ ആശങ്കകൾ പങ്കുവെച്ചത്. എ.ഐ മൂലമുണ്ടാകുന്ന തൊഴിൽ നഷ്ടത്തെക്കുറിച്ചുള്ള ഭയത്തിലാണ് ഇത്തരമൊരു തുറന്നു പറച്ചിൽ. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾക്ക് വേണ്ടി രാവിലെയും രാത്രിയുമായാണ് ജോലി ചെയ്യുന്നത്. ദിവസവും 16 മണിക്കൂറോളം ജോലി ചെയ്യുന്നതിലൂടെ തന്റെ ആരോഗ്യവും സമയവും പൂർണമായും ഇല്ലാതായതായും യുവാവ് പറയുന്നു.
സ്വന്തമായി രണ്ട് വീടും കാറും 80 ലക്ഷത്തിലധികം രൂപയുടെ സമ്പാദ്യവുമുണ്ടായിട്ടും താന്റെ ജീവിതത്തിൽ സന്തോഷമില്ലെന്നും ഇയാൾ പറയുന്നു. എന്നാൽ എന്തിനാണ് ഇത്രയും കഷ്ടപ്പാടുകൾ സഹിച്ച് 16 മണിക്കൂർ ജോലി ചെയ്യുന്നതെന്ന ചോദ്യത്തിന് തന്റെ കുട്ടിക്കാലത്തെ കഷ്ടപ്പാടുകളാണെന്നായിരുന്നു മറുപടി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ജ്യേഷ്ഠന് പഠനം തുടരാൻ സാധിച്ചില്ലെന്നും ആ കഷ്ടപ്പാടുകളാണ് സാമ്പത്തിക ഭദ്രതയുണ്ടായിട്ടും ഇപ്പോഴും വിശ്രമമില്ലാതെ ജോലി ചെയ്യാൻ കാരണമെന്നുമായിരുന്നു മറുപടി.
Adjust Story Font
16

