Quantcast

അമേരിക്കയിൽ പിസ്സ ഡെലിവറിക്കിടെ ഇന്ത്യൻ യുവാവ് വെടിയേറ്റു മരിച്ചു; വ്യാജ ഓർഡർ നൽകിയുള്ള കെണിയെന്ന് കുടുംബം

തെലങ്കാന സ്വദേശിയായ അൻഷുൽ കുഞ്ച (28) ആണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    7 Jun 2026 3:32 PM IST

അമേരിക്കയിൽ പിസ്സ ഡെലിവറിക്കിടെ ഇന്ത്യൻ യുവാവ് വെടിയേറ്റു മരിച്ചു; വ്യാജ ഓർഡർ നൽകിയുള്ള കെണിയെന്ന് കുടുംബം
X

ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ പിസ്സ ഡെലിവറിക്കിടെ തെലങ്കാന സ്വദേശിയായ ഇന്ത്യൻ യുവാവ് വെടിയേറ്റു മരിച്ചു. ഹൈദരാബാദിന് സമീപമുള്ള മേഡ്‌ചൽ-മൽക്കജ്‌ഗിരി ജില്ലയിലെ ഗുണ്ട്ലപോച്ചംപള്ളി സ്വദേശിയായ അൻഷുൽ കുഞ്ച (28) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 12.30ഓടെ നോർത്ത് ഫിലാഡൽഫിയയിലെ ഒരു ഭവനസമുച്ചയത്തിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. വ്യാജ ഓർഡർ നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി അൻഷുലിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

അമേരിക്കയിലെ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ മുഴുവൻ സമയ ജോലി ചെയ്യുന്നതിനൊപ്പം വാരാന്ത്യങ്ങളിൽ ഒരു പിസ്സ ഷോപ്പിൽ ഡെലിവറി ബോയി ആയും അൻഷുൽ ജോലി ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി വൈകി ലഭിച്ച ഒരു ഓർഡർ പ്രകാരം ഡെലിവറിക്കായി എത്തിയപ്പോഴാണ് ദാരുണമായ കൊലപാതകം നടന്നത്. ഓർഡർ നൽകിയിരുന്ന വിലാസത്തിലുള്ള വീട്ടിൽ ആരും താമസിച്ചിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അൻഷുൽ കൊണ്ടുവന്ന പിസ്സയും ബാഗും അവിടെ നിന്ന് തന്നെ പൊലീസ് കണ്ടെടുത്തു. പിസ്സ ഡെലിവറി ചെയ്ത ഉടനെയാണ് ഇദ്ദേഹത്തിന് വെടിയേറ്റതെന്നാണ് നിഗമനം.

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ അൻഷുലിനെ പിന്തുടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരാളുടെ കൈവശം ഒരു ബാക്ക്പാക്കും ഉണ്ടായിരുന്നു. വളരെ അടുത്തുനിന്നാണ് അക്രമികൾ വെടിയുതിർത്തത്. തലയ്ക്ക് വെടിയേറ്റ അൻഷുൽ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അൻഷുലിന്റെ പക്കലുണ്ടായിരുന്ന പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ അക്രമികൾ അപഹരിച്ചിട്ടില്ല. അതിനാൽ ഇതൊരു മോഷണശ്രമമല്ലെന്നും, കൊലപാതകം ലക്ഷ്യം വെച്ചുള്ള ആക്രമണമാണെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ഓർഡർ ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

യാതൊരു പ്രകോപനവുമില്ലാതെ തന്റെ സഹോദരനെ കൊലപ്പെടുത്തിയതാണെന്ന് അൻഷുലിന്റെ സഹോദരി തൻവി പറഞ്ഞു. 'ആളൊഴിഞ്ഞ ഒരു പ്രദേശത്തേക്ക് പിസ്സ എത്തിക്കാൻ ആരോ ആവശ്യപ്പെടുകയായിരുന്നു. അത് അവനെ കുടുക്കാനുള്ള ഒരു കെണിയായിരുന്നുവെന്ന് പിന്നീടാണ് ഞങ്ങൾ അറിഞ്ഞത്. അവരെന്താണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് ഞങ്ങൾക്ക് അറിയില്ല,' തൻവി മാധ്യമങ്ങളോട് പ്രതികരിച്ചു. എംബിഎ പഠനത്തിനായി അമേരിക്കയിലെത്തിയ അൻഷുൽ നേരത്തെയും അവിടെവെച്ച് ആക്രമിക്കപ്പെട്ടിരുന്നു. അന്ന് ഫോണും സ്വർണമാലയും പണവും നഷ്ടപ്പെട്ടതായും കുടുംബം വെളിപ്പെടുത്തി. കെ. ശ്രീനിവാസ്, നീലിമ എന്നിവരാണ് അൻഷുലിന്റെ മാതാപിതാക്കൾ.

മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം അവർ അഭ്യർഥിച്ചു. സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ്, അൻഷുലിന്റെ കുടുംബവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story