ടിവികെക്ക് കോണ്‍ഗ്രസ് പിന്തുണ; സഖ്യകക്ഷികൾക്ക് തീരുമാനമെടുക്കാൻ അവകാശമുണ്ടെന്ന് കനിമൊഴി
ടിവികെ ഉയര്‍ത്തുന്ന വെല്ലുവിളിയെ ഭയപ്പെടുന്നില്ലെന്നും കനിമൊഴി

- Published:
6 May 2026 3:26 PM IST

ചെന്നൈ: തങ്ങളുടെ സഖ്യകക്ഷികൾക്ക് ശരിയെന്ന് തോന്നുന്നത് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന് ഡിഎംകെ എം.പി കനിമൊഴി. വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) അടുത്ത സർക്കാർ രൂപീകരിക്കുന്നതിനെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഡിഎംകെ സഖ്യം വിട്ടാണ് കോൺഗ്രസ് ഈ നിർണ്ണായക തീരുമാനം എടുത്തത്. ഈ നീക്കത്തിന് തൊട്ടുമുമ്പായി, എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഡിഎംകെ എം.പി കനിമൊഴി ഇക്കാര്യം പറഞ്ഞത്. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തീരുമാനിക്കാൻ സഖ്യകക്ഷികൾക്ക് അവകാശമുണ്ടെന്നായിരുന്നു കനിമൊഴിയുടെ വാക്കുകൾ. സഖ്യകക്ഷികളുടെ തീരുമാനങ്ങളെ മാനിക്കുന്നുവെന്നും ജനാധിപത്യപരമായ തീരുമാനങ്ങൾ എടുക്കാൻ അവർക്ക് സ്വതന്ത്ര്യമുണ്ടെന്നും കനിമൊഴി വ്യക്തമാക്കി.
108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ പിന്തുണയ്ക്കുമെന്ന് എഐസിസി തമിഴ്‌നാട് ഇൻ-ചാർജ് ഗിരീഷ് ചോദങ്കർ ഔദ്യോഗികമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുമായോ മറ്റ് വർഗീയ ശക്തികളുമായോ സഖ്യമുണ്ടാക്കരുത് എന്ന കർശന ഉപാധിയോടെയാണ് കോൺഗ്രസ് വിജയിയെ പിന്തുണയ്ക്കുന്നത്. ഈ നീക്കത്തോടെ തമിഴ്‌നാട്ടിലെ വർഷങ്ങൾ നീണ്ട ഡിഎംകെ-കോൺഗ്രസ് സഖ്യത്തിനാണ് വിള്ളൽ വീണിരിക്കുന്നത്. അതേസമയം വരും ദിവസങ്ങളിലും തമിഴ്‌നാട് രാഷ്ട്രീയത്തിൽ കൂടുതൽ നാടകീയമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
ടിവികെ ഉയര്‍ത്തുന്ന വെല്ലുവിളിയെ ഭയപ്പെടുന്നില്ലെന്നും കനിമൊഴി പറഞ്ഞു. ഡിഎംകെ കൈവശം വെച്ചിരിക്കുന്ന മതേതര വോട്ടുകള്‍ ടിവികെ പിടിച്ചെടുക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. കൂടുതൽ മതേതര പാർട്ടികൾ രാഷ്ട്രീയത്തിലേക്ക് വരുന്നത് സന്തോഷകരമായ കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടിയുടെ പരാജയകാരണങ്ങൾ വിശദമായി പരിശോധിക്കുമെന്നും കനിമൊഴി പറഞ്ഞു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്റെ കോട്ടയായ കൊളത്തൂരിൽ പോലും പരാജയപ്പെട്ടത് ഡി.എം.കെയ്ക്ക് വലിയ ആഘാതമായിട്ടുണ്ട്. ആകെയുള്ള 234 സീറ്റുകളിൽ വെറും 59 സീറ്റുകൾ മാത്രമാണ് ഭരണകക്ഷിയായ ഡിഎംകെയ്ക്ക് നേടാനായത്.
Adjust Story Font
16
