കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വരുന്ന വ്യാഴാഴ്ച അല്ലെങ്കിൽ വെള്ളിയാഴ്ച രാജിവെച്ചേക്കുമെന്ന് സൂചന
സിദ്ധരാമയ്യ സ്ഥാനമൊഴിയുന്നതോടെ നിലവിലെ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയായേക്കും

- Updated:
2026-05-26 17:20:07

ബംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണികൾക്ക് വഴിതുറന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ രാജിവെച്ചേക്കും. വ്യാഴാഴ്ചയോടെ രാജി സമർപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഡല്‍ഹി ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹം ബംഗളൂരുവിലേക്ക് തിരിച്ചു. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ഭരണത്തിലും പാർട്ടി നേതൃത്വത്തിലും വലിയൊരു പുനഃക്രമീകരണത്തിനാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഒരുങ്ങുന്നത്.
സിദ്ധരാമയ്യയെ ഡൽഹിയിലെത്തിച്ച് പാർട്ടിയിൽ വലിയൊരു ദേശീയ ചുമതല നൽകാനാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കം. ഇതിനായി അദ്ദേഹത്തിന് രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്തതായാണ് വിവരം. രാജ്യവ്യാപകമായി കോൺഗ്രസ് ഉയർത്തുന്ന പിന്നാക്ക വിഭാഗ (ഒബിസി) രാഷ്ട്രീയത്തിന് കരുത്തുപകരാൻ സിദ്ധരാമയ്യയുടെ ജനപ്രീതിയും അനുഭവസമ്പത്തും ഗുണം ചെയ്യുമെന്നാണ് രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും കണക്കുകൂട്ടൽ.
മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായും ഡൽഹിയിൽ നീണ്ട ചർച്ചകൾ നടന്നിരുന്നു. രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുകളെക്കുറിച്ച് മാത്രമാണ് ചർച്ച ചെയ്തതെന്ന് കോൺഗ്രസ് ഔദ്യോഗികമായി വ്യക്തമാക്കുമ്പോഴും, കർണാടകയിലെ അധികാര കൈമാറ്റമാണ് പ്രധാന അജണ്ടയെന്നാണ് വിവരം.
സിദ്ധരാമയ്യ സ്ഥാനമൊഴിയുന്നതോടെ നിലവിലെ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയായേക്കും. മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച് നേരത്തെയുണ്ടായിരുന്ന ധാരണകളുടെയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നാണ് വിലയിരുത്തൽ. 2023-ൽ കോൺഗ്രസ് കർണാടകയിൽ വലിയ വിജയം നേടിയത് മുതൽ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിലുള്ള അധികാര തർക്കം നിലനിന്നിരുന്നു.
Adjust Story Font
16
