'റോലക്‌സ്, കാർട്ടിയർ വാച്ചുകൾ, 54,000 രൂപയുടെ ഗുച്ചി വൂൾ സ്‌കാർഫ്'; കോടീശ്വരനായ കർണാടകയുടെ ട്രബിൾ ഷൂട്ടർ ഡി.കെ
2023-ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച് 1,413.80 കോടി രൂപയാണ് ഡി.കെ ശിവകുമാറിന്റെ ആസ്തി

- Published:
29 May 2026 6:23 PM IST

ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കൾ എന്നും തങ്ങളുടെ ലളിതജീവിതം പൊതുമധ്യത്തിൽ പ്രദർശിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. വെളുത്ത കുർത്ത, റബ്ബർ ചെരുപ്പ്, ലളിതമായ ശൈലി... ആഡംബരങ്ങൾ ഉണ്ടെങ്കിൽ പോലും അവ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്നു. എന്നാൽ ആ കാലമൊക്കെ കഴിഞ്ഞുവരികയാണ്. ഒരു മാസം മുമ്പാണ് തമിഴ്നാട് രാജ്യത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് നടനും രാഷ്ട്രീയക്കാരനുമായ വിജയിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. 624 കോടി രൂപയുടെ പ്രഖ്യാപിത സ്വത്തും, 13 കോടിയിലധികം വിലവരുന്ന ആഡംബര കാറുകളും, കോടിക്കണക്കിന് രൂപ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപവുമുള്ള നേതാവാണ് വിജയ്. ഇപ്പോൾ ഇതാ, അയൽസംസ്ഥാനമായ കർണാടകയും സമാനമായ മറ്റൊരു വമ്പന് അധികാരം കൈമാറാൻ ഒരുങ്ങുകയാണ്.
സിദ്ധരാമയ്യയുടെ രാജിക്ക് ശേഷം കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകുന്ന 'കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടർ' ഡി.കെ ശിവകുമാർ താനൊരു ലളിത ജീവിതം നയിക്കുന്ന രാഷ്ട്രീയക്കാരനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ആഡംബര വാച്ചുകളും ഡിസൈനർ സ്‌കാർഫുകളും അദ്ദേഹം ധരിക്കാറുണ്ട്. വിലകൂടിയ ബ്രാൻഡുകളോടുള്ള തന്റെ താത്പര്യം മറ്റ് രാഷ്ട്രീയക്കാരെപ്പോലെ അദ്ദേഹം ഒളിച്ചുവെക്കാറുമില്ല.
''എനിക്ക് ഇഷ്ടമുള്ള വാച്ച് ധരിക്കാൻ എനിക്ക് അവകാശമില്ലേ?'' തന്റെ റോലക്‌സ്, കാർട്ടിയർ വാച്ചുകളെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് ഡി.കെ മറുപടി ഇങ്ങനെയായിരുന്നു. ഡി.കെ ശിവകുമാറിന്റെ ആഡംബര ശൈലി വർഷങ്ങളായി അദ്ദേഹത്തിന്റെ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഗുച്ചി, ലൂയി വിറ്റൺ, ഫെരഗാമോ തുടങ്ങിയ ആഗോള ബ്രാൻഡുകളുടെ സ്‌കാർഫുകളും, കോടികൾ വിലമതിക്കുന്ന റോലക്‌സ് ഡെയ്റ്റോണ, കാർട്ടിയർ വാച്ചുകളും ധരിച്ചാണ് ഡി.കെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്.
ഡി.കെ ധരിക്കുന്ന 54,000 രൂപ വിലവരുന്ന ഗുച്ചി വൂൾ സ്‌കാർഫും, ഒരു ലക്ഷത്തിന് മുകളിൽ വിലയുള്ള ലൂയി വിറ്റൺ സ്‌കാർഫും, 15 ലക്ഷം മുതൽ 1.4 കോടി രൂപ വരെ വിലവരുന്ന റോലക്‌സ് കോസ്‌മോഗ്രാഫ് ഡെയ്റ്റോണ വാച്ചുകളും എപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. രാഷ്ട്രീയ എതിരാളികൾ ഈ ആഡംബര ജീവിതത്തെ നിരന്തരം ലക്ഷ്യമിടാറുണ്ടെങ്കിലും ശിവകുമാറിന് അതൊരു പ്രശ്‌നമേയല്ല.
2023-ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച് 1,413.80 കോടി രൂപയാണ് ഡി.കെ ശിവകുമാറിന്റെ ആസ്തി. 265 കോടിയിലധികം കടബാധ്യത ഉണ്ടെങ്കിലും രാജ്യത്തെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയക്കാരിൽ ഒരാളാണ് ഡി.കെ. റിയൽ എസ്റ്റേറ്റ്, ക്വാറി, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹത്തിന് നിക്ഷേപമുണ്ട്. കർണാടകയിലുടനീളം എഞ്ചിനീയറിങ്, ഫാർമസി കോളജുകളും പബ്ലിക് സ്‌കൂളുകളും ഡി.കെയുടെ കുടുംബവുമായി ബന്ധപ്പെട്ട ട്രസ്റ്റുകൾ നടത്തുന്നുണ്ട്. ഇതുകൂടാതെ, ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത ടൗൺഷിപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിദാദിയിലെ 9,000 ഏക്കറിലെ 'ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ്' പദ്ധതിക്ക് പിന്നിലും ശിവകുമാറാണ്.
Adjust Story Font
16
