മണിപ്പൂരിലെ സഭാനേതാക്കളുടെ കൊലപാതകം: ഡൽഹിയിൽ കുക്കി സമുദായത്തിന്റെ പ്രാർത്ഥനാസംഗമം; സംസ്ഥാനത്ത് വീണ്ടും പ്രതിഷേധം
ചുരാചന്ദ്പൂരിലെ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷനില്‍ നിന്ന് മടങ്ങുകയായിരുന്ന മതനേതാക്കളുടെ വാഹനങ്ങള്‍ക്ക് നേരെ ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ മൂന്ന് സഭാ നേതാക്കൾ കൊല്ലപ്പെട്ടിരുന്നു

- Published:
15 May 2026 4:12 PM IST

ന്യൂഡല്‍ഹി: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയില്‍ ബുധനാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട കുക്കി സമുദായത്തില്‍ പെട്ട സഭാനേതാക്കള്‍ക്ക് ആദരാഞ്ജലിയർപ്പിച്ച് കുക്കി സമുദായാംഗങ്ങൾ. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അർപ്പിക്കാനായി ഡല്‍ഹി മുനിരകയിൽ നൂറുകണക്കിനാളുകളാണ് മെഴുകുതിരി തെളിയിച്ച് പ്രാര്‍ത്ഥനാസംഗമത്തില്‍ പങ്കുചേര്‍ന്നത്. ബുധനാഴ്ചയിലെ ആക്രമണത്തിന് പിന്നാലെ കുക്കി സമുദായത്തിൽ പെട്ട ചില വിദ്യാഭ്യാസ സംഘടനകളാണ് പ്രാർത്ഥനാസംഗമം സംഘടിപ്പിച്ചത്. പരിപാടിയിലേക്ക് വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട സഭാനേതാക്കളും വിശ്വാസികളും സാധാരണക്കാരും പങ്കെടുത്തു.
ചുരാചന്ദ്പൂരിലെ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷനില്‍ നിന്ന് മടങ്ങുകയായിരുന്ന മതനേതാക്കളുടെ വാഹനങ്ങള്‍ക്ക് നേരെയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. മൂന്ന് സഭാനേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റവ.വുംതാങ് സിറ്റ്‌ലൗ, റവ.കൈഗൗലുന്‍ ലൗവം, പാസ്റ്റര്‍ പൗഗൗലൗന്‍ സിറ്റ്‌ലൗ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാങ്‌പോക്പി, ചുരാചന്ദ്പൂര്‍ തുടങ്ങിയ ജില്ലകളില്‍ വിവിധ കുക്കി, സോമി സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പ്രതിഷേധക്കാര്‍ കടകളും മാര്‍ക്കറ്റുകളും അടപ്പിച്ചു. സഭാനേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ മണിപ്പൂരിന്റെ വിവിധയിടങ്ങളില്‍ വീണ്ടും സംഘര്‍ഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.
സംഭവത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി യുമ്‌നം ഖേംചന്ദ് സിങ് ആക്രമണത്തെ അപലപിക്കുകയും പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. അതേസമയം, ആക്രമണത്തില്‍ പിന്നില്‍ ആരാണെന്ന് ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. വിവിധ വിഭാഗങ്ങള്‍ പരസ്പരം പഴിചാരുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടുപിടിക്കാനാവാത്തിടത്തോളം മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരാന്‍ സാധ്യതയേറെയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
Adjust Story Font
16
