Quantcast

കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി മുങ്ങിയത് 40 വർഷം; മികച്ച അധ്യാപകനുമുള്ള പുരസ്‌കാരവും നേടി

സർക്കാർ സ്കൂളിലെ അധ്യാപകനായിരുന്ന പ്രതിയെ വിരമിച്ചതിന് ശേഷമാണ് പൊലീസിന് പിടികൂടാനായത്

MediaOne Logo
കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി മുങ്ങിയത് 40 വർഷം; മികച്ച അധ്യാപകനുമുള്ള പുരസ്‌കാരവും നേടി
X

ഹൈദരാബാദ്: ജീവപര്യന്തം ശിക്ഷ അനുഭവിക്കവെ പരോളിലിറങ്ങി മുങ്ങി 40 വർഷത്തോളം പൊലീസിനെ വെട്ടിച്ച് ജീവിച്ച 73-കാരന്റെ അപൂർവ്വ വിവരങ്ങൾ പുറത്ത്. പരോൾ കാലാവധി കഴിഞ്ഞ് തിരിച്ചെത്താതിരുന്ന പ്രതി, വ്യാജ വിവരങ്ങൾ നൽകി സർക്കാർ അധ്യാപകനായി ജോലി നേടുകയും സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്ത സംഭവമാണ് ഇപ്പോൾ തെലങ്കാനയിൽ ചർച്ചയാകുന്നത്.

1984 മാർച്ചിലാണ് കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി മുങ്ങിയത്. തുടർന്നുള്ള 40 വർഷക്കാലം ജയിൽ അധികൃതരെയും പൊലീസിനെയും വെട്ടിച്ച് കഴിഞ്ഞ ഇയാൾ അധ്യാപക ജോലിയിൽ പ്രവേശിക്കുകയും സർവീസിലിരിക്കെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം വരെ കരസ്ഥമാക്കുകയും ചെയ്തു. തുടർന്ന് 2024-ലാണ് പൊലീസിന് ഇയാളെ പിടികൂടാൻ സാധിച്ചത്.

73 വയസുള്ള ഭർത്താവിന് വീണ്ടും പരോൾ അനുവദിക്കണമെന്നും, മൂന്ന് വർഷത്തേക്ക് പരോൾ നൽകരുതെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഇയാളുടെ ഭാര്യ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഈ ഹരജി തള്ളി.

പരോളിലിറങ്ങി 40 വർഷത്തോളം തടവുകാരൻ പുറത്തുപോയിട്ടും ജയിൽ അധികൃതർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് ജയിൽ ഭരണസംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് ജസ്റ്റിസ് ടി. മാധവി ദേവി നിരീക്ഷിച്ചു. പരോളിലും ജാമ്യത്തിലും ഇറങ്ങുന്ന തടവുകാരെ കൃത്യമായി നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനുമായി ഒരു പുതിയ സംവിധാനം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി അധികൃതർക്ക് നിർദേശം നൽകി.

സമൂഹത്തിൽ മാന്യനായി ജീവിക്കുകയും വിരമിക്കുകയും ചെയ്‌തെങ്കിലും, നിയമത്തിന് മുന്നിൽ ഇയാൾ ഇപ്പോഴും പരോൾ ലംഘിച്ച കുറ്റവാളിയാണെന്നും കോടതി വ്യക്തമാക്കി.

TAGS :

Next Story