Quantcast

'ഇരുട്ട് മുറിക്കുള്ളിലാക്കി കുറ്റിയിട്ടു, എന്തിനാണ് ഇങ്ങനെ ചെയ്തത്': ദുരിതം പറഞ്ഞ് ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്ത ബംഗാളി കുടിയേറ്റക്കാർ

''ഹുസൈനെ ആദ്യം ഒരു ഇരുണ്ട മുറിയിലേക്കാണ് കൊണ്ടുപോയത്. തന്നെപ്പോലെ വേറെയും ആളുകളുണ്ടെന്ന് അയാള്‍ക്ക് മനസിലായി''

MediaOne Logo

Web Desk

  • Published:

    7 Aug 2025 2:32 PM IST

ഇരുട്ട് മുറിക്കുള്ളിലാക്കി കുറ്റിയിട്ടു, എന്തിനാണ് ഇങ്ങനെ ചെയ്തത്: ദുരിതം പറഞ്ഞ് ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്ത ബംഗാളി കുടിയേറ്റക്കാർ
X

(ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് ഹരിയാനയില്‍ നിന്നും നിരവധി പശ്ചിമബംഗാള്‍ സ്വദേശികളെയാണ് ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു സുപ്രഭാതത്തില്‍ ജോലിയിടത്തേക്കും വീട്ടിലേക്കും കയറിവരുന്ന പൊലീസുകാര്‍ രേഖകള്‍ ആവശ്യപ്പെടുകയാണ്. പിന്നെ കസ്റ്റഡിയിലെടുക്കുന്നു. വെളിച്ചംപോലം കടയ്ക്കാത്ത മുറിക്കുള്ളിലടച്ച് മാനസികമായി പീഡിപ്പിക്കുന്നു. ഹരിയാനയില്‍ ഇത്തരത്തില്‍ പൊലീസിന്റെ നടപടിക്ക് വിധേയമായവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ് ദി ക്വിന്റ്.)

സ്ഥലം ഹരിയാനയിലെ ഗുരുഗ്രാമിലെ സെക്ടർ 37ന് സമീപമുള്ള ബസായി ഗ്രാമം. ദിവസം ജൂലൈ 18. സമയം രാത്രി ഏകദേശം 10 മണി. ഭാര്യ തയ്യാറാക്കിയ അത്താഴം കഴിക്കുകയായിരുന്നു ആ ഒറ്റമുറി വാടകവീട്ടിലിരുന്ന് മുപ്പതുകാരനായ മുകുള്‍ ഹുസൈന്‍. ഇതിനിടിയിലാണ് വാതിലില്‍ മുട്ട് കേള്‍ക്കുന്നത്.

തുറന്നപ്പോള്‍ ഒരു യൂണിഫോമിലല്ലാത്തൊരു പൊലീസുകാരന്‍. രേഖകളുമായി കെട്ടിടത്തിന് പുറത്തേക്ക് വരാനാണ് അയാള്‍ ആദ്യം ആവശ്യപ്പെട്ടത്. പിന്നെ ആധാർ കാർഡുകൾ, റേഷൻ കാർഡുകൾ, വോട്ടർ കാർഡുകൾ എന്നിവയുൾപ്പെടെയുള്ള രേഖകൾ 'സെക്ടർ 10 പൊലീസ്' സ്റ്റേഷനിൽ വെച്ച് പരിശോധിക്കണമെന്നും പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലെത്തിയ ഹുസൈനെ ആദ്യം ഒരു ഇരുണ്ട മുറിയിലേക്കാണ് കൊണ്ടുപോയത്. തന്നെപ്പോലെ വേറെയും ആളുകളുണ്ടെന്ന് അയാള്‍ക്ക് മനസിലായി. വെളിച്ചം കടക്കാത്ത അവിടെ, മണിക്കൂറുകളോളമാണ് പൂട്ടിയിട്ടത്. ഫോണുകളും ഐഡികളും നേരത്തെ തന്നെ പിടിച്ചെടുത്തിരുന്നു. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലെ ശ്രീപതിപൂർ ഗ്രാമത്തിൽ നിന്നുള്ള നൂർ ആലമാണ് ഹുസൈനപ്പൊമുണ്ടായിരുന്ന രണ്ടാമത്തെയാള്‍.

പുലർച്ചെയോടെ തങ്ങളെ ബാദ്ഷാപൂരിലേക്ക്(ഹരിയാനയിലെ മറ്റൊരു സ്ഥലം) മാറ്റിയെന്നും പിന്നീട് സെക്ടർ 10 എയിലെ തന്നെ "തടങ്കൽ കേന്ദ്രം" എന്നറിയപ്പെടുന്നൊരു സെന്ററിലേക്ക് അയച്ചതായും ആലമും ഹുസൈനും പറയുന്നു. അവിടെ എത്തിയപ്പോള്‍ കുടുംബങ്ങളുമായി സംസാരിക്കാന്‍ ഫോണ്‍ കൊടുത്തെങ്കിലും കുടുംബത്തിന് കാണാന്‍ അനുമതി നിഷേധിച്ചു. വീട്ടുകാര്‍ സ്ഥലത്ത് എത്തിയെങ്കിലും പൂട്ടിയിട്ട നിലയിലായിരുന്നുവെന്നും ഇവര്‍ പറയുന്നു.

അഞ്ച് ദിവസമാണ് അവിടെ ഇവര്‍ തങ്ങിയത്. ജയില്‍ സമാന സാഹചര്യം എന്നാണ് അഞ്ച് ദിവസത്തെ അവര്‍ വിശേഷിപ്പിക്കുന്നതും. അങ്ങനെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് ഇവര്‍ക്ക് പുറത്തിറങ്ങാനായത്. വെളിച്ചം കടയ്ക്കാത്ത ഈ അഞ്ച് ദിവസം തന്നെ അവര്‍ക്ക് മതിയായിരുന്നു. ആലം, ഗുരുഗ്രാമിൽ തന്നെ തുടര്‍ന്നപ്പോള്‍ ഹുസൈൻ എല്ലാം ഉപേക്ഷിച്ച് പശ്ചിമ ബംഗാളിലേക്ക് മടങ്ങി. നാട്ടില്‍ എന്ത് ജോലി ചെയ്യുമെന്ന് അറിയില്ലെന്നും ഹുസൈന്‍ പറയുന്നു.

ഇവരെ കൂടാതെ മറ്റുപലരും സമാന സാഹചര്യത്തിലൂടെ കടന്നുപോയെന്ന് ദി ക്വിന്റ് പറയുന്നു. പലരും പൊലീസിന്റെ പീഡനമുറകള്‍ക്ക് വിധേയമായെന്നും ക്വിന്റ് പറയുന്നു.

ഇത്തരത്തില്‍ പിടികൂടിയവരിലൊരാളാണ് ദിവസ വേതന തൊഴിലാളിയായ ജാഷിമുദ്ദീൻ ഹുസൈൻ. ബംഗാളിലെ മാൽഡ ജില്ലയാണ് സ്വദേശം. ജൂലൈ 15 നാണ് ജാഷിമുദ്ദീനെ ഒരു സംഘം ആളുകൾ പിടികൂടുന്നത്. തുടര്‍ന്ന് "വെരിഫിക്കേഷൻ" എന്ന പേരിൽ ഒരു അജ്ഞാത വാഹനത്തിൽ ഒരു ഇരുണ്ട മുറിയിലേക്ക് കൊണ്ടുപോയി. ഒടുവിൽ, ഒരു സെല്ലിലേക്ക് മാറ്റി, അവിടെ ഏഴ് ദിവസമാണ് ചെലവഴിച്ചത്. രേഖകളെല്ലാം കൈവശമുണ്ടെങ്കിലും മോചനത്തിനായി കുടുംബം ഒരു പ്രാദേശിക കച്ചവടക്കാരന് പണം നൽകിയെന്ന് അദ്ദേഹം ദി ക്വിന്റിനോട് പറയുന്നു.

അതേസമയം ഇത്തരത്തില്‍ പലരെയും തടങ്കലിലാക്കുന്നുണ്ടെന്നും എന്നാല്‍ എത്രപേരെയെന്നത് സംബന്ധിച്ച് മറുപടി നല്‍കാനാവില്ലെന്നുമാണ് ഗുരുഗ്രാം പൊലീസ് ദി ക്വിന്റിനോട് പറയുന്നത്. നിയമവിരുദ്ധ തടങ്കലുകളൊന്നും നടക്കുന്നില്ലെന്നും ഗുരുഗ്രാം പൊലീസ് അവകാശപ്പെടുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള നീക്കം ഏറ്റവും കൂടുതല്‍ നടക്കുന്നത്. അതില്‍ പ്രധാനപ്പെട്ടൊരു സംസ്ഥാനമാണ് ഹരിയാന. ഛത്തീസ്ഗഢ്, ഗുജറാത്ത്, മഹാരാഷ്ട്ര, അസം എന്നിവിടങ്ങളിലും സമാനമായ നടപടികൾ അധികാരികൾ സ്വീകരിച്ചിട്ടുണ്ട്. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളാണ്‌ നാടുകടത്തലിന്റെ പ്രധാന ഇരകൾ.

TAGS :

Next Story