Quantcast

പാകിസ്താൻ വഴി ഇന്ത്യയിലേക്ക് പിസ്റ്റൾ കടത്ത്; ഐഎസ്ഐ ബന്ധമുള്ള അന്താരാഷ്ട്ര ആയുധക്കടത്ത് സംഘം പിടിയിൽ

ലോറൻസ് ബിഷ്ണോയ്, ഭംബീഹ തുടങ്ങിയ കുപ്രസിദ്ധ ​ഗുണ്ടാസംഘങ്ങൾക്കാണ് ഇവർ ആയുധങ്ങൾ കൈമാറിയിരുന്നത്.

MediaOne Logo

Web Desk

  • Updated:

    2025-11-22 08:10:03.0

Published:

22 Nov 2025 1:34 PM IST

Made In China and Turkey Supplied To India Via Pak Major Arms Racket Busted,
X

Photo| Special Arrangement

ന്യൂഡൽഹി: ഡൽഹിയിൽ പാകിസ്താൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്‌ഐയുമായി നേരിട്ട് ബന്ധമുള്ള അന്താരാഷ്ട്ര ആയുധക്കടത്ത് സംഘം പിടിയിൽ. ചൈനീസ്, തുർക്കി നിർമിത പിസ്റ്റളുകൾ ഇന്ത്യയിലെ ക്രിമിനൽ സംഘങ്ങൾക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളെയാണ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഡിസിപി സഞ്ജീവ് കുമാർ യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷൻ നടത്തിയത്.

അജയ്, മൻദീപ്, ദൽവീന്ദർ, രോഹൻ എന്നിവരാണ് പിടിയിലായത്. ലോറൻസ് ബിഷ്ണോയ്, ഭംബീഹ തുടങ്ങിയ കുപ്രസിദ്ധ ​ഗുണ്ടാസംഘങ്ങൾക്കാണ് ഇവർ ആയുധങ്ങൾ കൈമാറിയിരുന്നത്. ഗുണ്ടാസംഘങ്ങൾക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന നൂതന വിദേശ നിർമിത തോക്കുകളുടെ ശേഖരം ഇവരിൽ നിന്ന് പിടിച്ചെടുത്തു.

പത്ത് അത്യാധുനിക വിദേശ നിർമിത സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 92 തിരകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുവെന്ന് സ്പെഷ്യൽ കമ്മീഷണർ ദേവേഷ് ശ്രീവാസ്തവ പറഞ്ഞു. ഡ്രോണുകൾ ഉപയോഗിച്ചാണ് ഇവർ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. അതിർത്തി കടന്നുള്ള നുഴഞ്ഞു കയറ്റത്തിന്‍റെയും ആയുധക്കടത്തിന്‍റെയും പുതിയ രീതിയാണിതെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.

കണ്ടെടുത്ത തോക്കുകളിൽ തുർക്കി നിർമിത പിഎക്സ് 5.7 പിസ്റ്റളുകളും ചൈനയിൽ നിർമിച്ച പിഎക്സ്-3 പിസ്റ്റളുകളും ഉൾപ്പെടുന്നു. പ്രത്യേക സേനകൾ മാത്രം ഉപയോഗിക്കുന്ന ഉയർന്ന നിലവാരമുള്ള ആയുധമാണ് പിഎക്സ് 5.7 പിസ്റ്റൾ. പിടിയിലായ സംഘം ഇന്ത്യയിൽ വിറ്റ ആയുധങ്ങളുടെ എണ്ണവും നിയമവിരുദ്ധ റാക്കറ്റിൽ ഉൾപ്പെട്ട സംഘങ്ങളും വ്യക്തികളും ഏതൊക്കെയാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

സംഘത്തിലെ മറ്റുള്ളവരെയും മൊബൈൽ ഫോണുകൾ, ബാങ്ക് വിവരങ്ങൾ, സോഷ്യൽമീഡിയ എന്നിവ ഉപയോഗിച്ചുള്ള അവരുടെ ബന്ധങ്ങളേയും കുറിച്ചും സുരക്ഷാ ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. ആയുധക്കടത്ത് ശൃംഖലയുടെ പ്രവർത്തന വ്യാപ്തിയും അവരുടെ ബന്ധങ്ങളും ഈ മാരകായുധങ്ങളുടെ സ്വീകർത്താക്കളേയും കണ്ടെത്തുന്നതിന് ഇപ്പോഴത്തെ അറസ്റ്റ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോയിന്റ് സ്പെഷ്യൽ കമ്മീഷണർ സുരേന്ദ്ര കുമാർ പറഞ്ഞു.

നിലവില്‍ ലഭിച്ച തെളിവുകള്‍ പൂര്‍ണമാണെന്നും ആയുധക്കടത്തിന്റെ ലക്ഷ്യമുള്‍പ്പെടെ വ്യക്തമാകുന്ന വിവരം പുറത്തുവരാന്‍ സാഹചര്യമൊരുക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. അത്യാധുനിക തോക്കുകളുടെ അതിർത്തി കടന്നുള്ള കള്ളക്കടത്തിന് കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ അറസ്റ്റെന്നും പൊലീസ് വ്യക്തമാക്കുന്നു.

TAGS :

Next Story