ദേശിയ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ യോഗം വിളിച്ച് ചേർക്കണമെന്ന ആവശ്യവുമായി മമത ബാനർജി
ഡിഎംകെ നിലപാട് നിർണായകമാവും. തമിഴ്‌നാട്ടിൽ തങ്ങളുടെ പിന്തുണയിൽ വിജയിച്ച കോൺഗ്രസ് വിജയിയുടെ ടിവികെ മന്ത്രി സഭയിൽ അംഗമായതിൽ ഡിഎംകെ നേതൃത്വം രോഷത്തിലാണ്.

- Published:
25 May 2026 6:07 PM IST

ന്യുഡൽഹി: ബംഗാൾ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ദേശിയ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ യോഗം വിളിച്ച് ചേർക്കണമെന്ന ആവശ്യവുമായി മമത ബാനർജി. ബംഗാളിലെ തോൽവിക്ക് പിന്നാലെ ചോദ്യചിഹ്നത്തിലായ തന്റെ രാഷ്ട്രീയ ഭാവി പ്രതിപക്ഷ പാർട്ടികളുടെ സഹായത്തോടെ വീണ്ടെടുക്കുക എന്നാതാണ് മമതയുടെ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ, യോഗം സംബന്ധിച്ച് ഇന്ത്യ സഖ്യത്തിലെ പ്രമുഖകക്ഷികളായ കോൺഗ്രസിനോ സമാജ് വാദി പാർട്ടിക്കോ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിവരം.
മറ്റ് കക്ഷികളുമായി ആലോചിച്ച ശേഷം ജൂൺ മാസത്തിൽ യോഗം ചേർന്നേക്കുമെന്നാണ് സൂചന. അതേസമയം, ഡിഎംകെ നിലപാട് നിർണായകമാവും. തമിഴ്‌നാട്ടിൽ തങ്ങളുടെ പിന്തുണയിൽ വിജയിച്ച കോൺഗ്രസ് വിജയിയുടെ ടിവികെ മന്ത്രി സഭയിൽ അംഗമായതിൽ ഡിഎംകെ നേതൃത്വം രോഷത്തിലാണ്. ടിവികെക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ പാർലമെന്റിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണണെന്നാവശ്യപ്പെട്ട് ഡിഎംകെ കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിനും കോൺഗ്രസിനെ കടന്നാക്രമിച്ചിരുന്നു. ബിജെപിയെ വളർത്തുന്നത് കോൺഗ്രസാണെന്നായിരുന്നു ഉദയനിധിയുടെ വിമർശനം. ഈ സഹാചര്യത്തിൽ ഇന്ത്യ മുന്നണി യോഗം വിളിച്ചാൽ ഡിഎംകെ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ 15 വർഷമായി ബംഗാളിൽ ബിജെപി മുന്നേറ്റത്തെ പ്രതിരോധിച്ച മമത ബാനർജിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് അടിപതറിയത്. കഴിഞ്ഞ തവണ 215 സീറ്റുകൾ നേടി ഭരണം നിലനിർത്തിയ തൃണമൂൽ കോൺഗ്രസ് ഇത്തവണ വെറും 80 സീറ്റുകളിലേക്കാണ് ഒതുങ്ങിയത്. മമതയുടെ ശക്തമായ കോട്ടയായിരുന്ന ഭവാനിപൂർ മണ്ഡലത്തിൽ മുൻ അനുയായിയും ഇപ്പോൾ ബിജെപി നേതാവുമായ സുവേന്ദു അധികാരിയോട് മമത പരാജയപ്പെടുകയും ചെയ്തു.
Adjust Story Font
16
