Quantcast

മമത ബാനർജി വീട്ടുതടങ്കലിലെന്ന് ടിഎംസി

മമതയുടെ വസതിക്ക് ചുറ്റും വൻ തോതിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്

MediaOne Logo
I Wont Resign Mamata Banerjee
X

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി വീട്ടുതടങ്കലിലെന്ന് ടിഎംസി. 12 കാരി ബലാത്സംഗത്തിന് ഇരയായ പ്രദേശം സന്ദർശിക്കുന്നത് തടയാനാണ് ഇതെന്ന് ടിഎംസി നേതാക്കൾ ആരോപിച്ചു. മമതയുടെ വസതിക്ക് ചുറ്റും വൻ തോതിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസിൽ പ്രതിയായ വ്യക്തി, പെൺകുട്ടിയുടെ കുടുംബത്തിന്റെയും പ്രദേശവാസികളുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ സംഭവം പ്രദേശത്ത് വ്യാപകമായ പ്രതിഷേധത്തിനും സംഘർഷത്തിനും കാരണമായിട്ടുണ്ട്. കേസിൽ ബിജെപി പ്രവർത്തകനെന്ന് ആരോപിക്കപ്പെടുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബാരൂയിപൂരിലെ സൂര്യപൂർ പ്രദേശത്താണ് സംഭവം നടന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് കൂട്ടുകാരിയുടെ ജന്മദിനത്തിന് സമ്മാനം വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. നാല് പേർ ചേർന്ന് കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയെന്നാണ് കുടുംബം ആരോപിക്കുന്നത്. രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും, സഹായത്തിനായി പൊലീസിനെ സമീപിച്ചപ്പോൾ അവർ കാര്യമായെടുത്തില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.

ഞായറാഴ്ച രാവിലെ പ്രദേശവാസികൾ സംശയിക്കുന്നവരിൽ ഒരാളെ പിടികൂടുകയും, ഇയാൾ പെൺകുട്ടിയുടെ മൃതദേഹം എവിടെയുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ, സൂര്യപൂർ ഹാട്ട് പ്രദേശത്തെ ഒരു കുളത്തിനടുത്തുനിന്ന് ചാക്കിൽ കെട്ടിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.

മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ പ്രകോപിതരായ കുടുംബാംഗങ്ങളും പ്രദേശവാസികളും ചേർന്ന് പ്രതിയായ വ്യക്തിയെ ക്രൂരമായി മർദിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ പിന്നീട് മരിച്ചതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് പ്രകോപിതരായ ആൾക്കൂട്ടം ഇയാളെ അടിച്ചുകൊല്ലുകയായിരുന്നുവെന്ന് ഐജി കങ്കർപ്രസാദ് ബരുയി സ്ഥിരീകരിച്ചു.

മൃതദേഹം കണ്ടെടുത്തതോടെ പ്രദേശത്ത് വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ബാരൂയിപൂർ-ജോയ്നഗർ റോഡ് ഉപരോധിച്ച നാട്ടുകാർ ടയറുകൾ കത്തിക്കുകയും നിരവധി പൊലീസ് വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

TAGS :

Next Story