'എന്ത് തരം ഭാഷയാണിത്, നിയമനടപടി സ്വീകരിക്കും': തലകീഴായി തൂക്കുമെന്ന അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ മമത
രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി എന്ന നിലയിൽ അമിത് ഷാ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു.

- Updated:
2026-04-25 16:19:48.0

അമിത് ഷാ- മമത ബാനര്‍ജി Photo-PTI
കൊൽക്കത്ത: ആക്രമണ ഭാഷ ഉപയോഗിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗങ്ങള്‍ക്കെതിരെ നിയമപരമായി നീങ്ങുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഹൂഗ്ലിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് മമത നിലപാട് വ്യക്തമാക്കിയത്. ഒരു രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി എന്ന നിലയിൽ അമിത് ഷാ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു.
ബിർഭും ജില്ലയിൽ നടന്ന ബിജെപി റാലിയിൽ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരെയാണ് മമത രംഗത്ത് എത്തിയത്. ബംഗാളിലെ അഴിമതിക്കാരെയും ‘സിൻഡിക്കേറ്റ്’ രാജിനെയും ബിജെപി അധികാരത്തിൽ വന്നാൽ ‘തലകീഴായി തൂക്കുമെന്നായിരുന്നു അമിത് ഷായുടെ പ്രസംഗം. ടി.എം.സി ഗുണ്ടകൾ ബോംബ് സ്ഫോടനങ്ങളിലൂടെ ജനങ്ങളെ ഭയപ്പെടുത്തുന്നത് അവസാനിക്കുമെന്നും വോട്ടർമാർ ബാലറ്റിലൂടെ ഇതിന് മറുപടി നൽകുമെന്നും ഷാ പറഞ്ഞിരുന്നു.
''ആളുകളെ തലകീഴായി കെട്ടിത്തൂക്കുമെന്ന് പറയാൻ ഒരു ആഭ്യന്തരമന്ത്രിക്ക് എങ്ങനെ സാധിക്കുന്നു? ഇത്തരം സംസാര രീതികൾ ബംഗാളിലെ ജനങ്ങൾക്കിടയിൽ വിലപ്പോകില്ല. ഈ മനോഭാവം വെച്ചുപുലർത്തുന്നവർക്ക് ഒരിക്കലും ബംഗാൾ കീഴടക്കാനുമാവില്ല''- മമത ബാനർജി പറഞ്ഞു.
അമിത് ഷായുടെ പരാമർശങ്ങൾ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് തൃണമൂൽ കോൺഗ്രസ് തീരുമാനം. ഏപ്രിൽ 29നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. അവസാന ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിനം മാത്രമാണ് ബാക്കി. ഒന്നാംഘട്ടം തങ്ങൾക്ക് അനുകൂലമാണെന്ന് തൃണമൂൽ കോൺഗ്രസും ബിജെപിയും ഒരേ പോലെ അവകാശപ്പെടുന്നുണ്ട്. മമത ബാനർജിയെ നേരിട്ട് ആക്രമിച്ചാണ് ബിജെപിയുടെ പ്രചാരണം. അമിത് ഷാ, ബംഗാളിൽ ക്യാമ്പ് ചെയ്താണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.
Adjust Story Font
16
