ബലിപെരുന്നാൾ ദിനത്തിൽ ഗാസിയാബാദ് സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 'ഏറ്റുമുട്ടലിൽ' വധിച്ചെന്ന് പൊലീസ്
കേസിലെ പ്രതിയായ അസദ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു

- Published:
31 May 2026 3:28 PM IST

ഗാസിയാബാദ്: ബലിപെരുന്നാൾ ദിനത്തിൽ 17-കാരനായ സൂര്യ ചൗഹാൻ എന്ന കൗമാരക്കാരനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ ശനിയാഴ്ച രാത്രി വൈകി 'ഏറ്റുമുട്ടലിൽ' വധിച്ചെന്ന് പൊലീസ്. കേസിലെ പ്രതിയായ അസദ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം നഗരത്തിൽ നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് സുഹൃത്തിൽ നിന്ന് പണം വാങ്ങാൻ അസദ് ഖോര എന്ന സ്ഥലത്ത് എത്തുമെന്ന പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഈ പ്രദേശത്ത് കെണിയൊരുക്കുകയും പ്രതി വരാൻ സാധ്യതയുള്ള വഴികളിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.
മറ്റൊരു വ്യക്തിക്കൊപ്പം മോട്ടോർ സൈക്കിളിലാണ് അസദ് നിശ്ചിത സ്ഥലത്ത് എത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തടയാൻ ശ്രമിച്ചതോടെ അസദ് സംഘത്തിന് നേരെ വെടിയുതിർത്തുവെന്നും തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ അസദിന് വെടിയേറ്റെന്നുമാണ് പൊലീസ് പറയുന്നത്.
പരിക്കേറ്റ അസദിനെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു പൊലീസ് കോൺസ്റ്റബിളിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
പ്രതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിളും ആക്രമണത്തിന് ഉപയോഗിച്ച നാടൻ തോക്കും പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. അതേസമയം, അസദിനൊപ്പമുണ്ടായിരുന്ന രണ്ടാമൻ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Adjust Story Font
16
