അരകല്ലുപയോഗിച്ച് തലക്കടിച്ചു; ആശ്രിത നിയമന ജോലി അനുജന് നൽകിയതിന് അമ്മയെ കൊലപ്പെടുത്തി യുവാവ്
അനുജന് ജോലി ലഭിച്ചെന്ന കാരണത്താൽ വീട്ടിൽ അവഗണന നേരിട്ടിരുന്നതായാണ് യുവാവിന്റെ മൊഴി

ലഖ്‌നൗ: ആശ്രിത നിയമന ജോലിയുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് മാതാവിനെ കൊലപ്പെടുത്തി മകൻ. ഉത്തർപ്രദേശിലെ പണ്ഡിറ്റ് പൂർവ് ഗ്രാമത്തിലാണ് സംഭവം. 58കാരിയായ കാന്തി ദേവിയെയാണ് മകൻ സന്ദീപ് വാൽമീകി കൊലപ്പെടുത്തിയത്. അക്രമണം തടയാൻ ശ്രമിച്ച സഹോദരനും പരിക്കേറ്റു.
മുനിസിപ്പാലിറ്റിയിൽ ശുചീകരണ തൊഴിലാളികളായിരുന്നു കാന്തി ദേവിയും ഭർത്താവും. ഭർത്താവ് മരിച്ചതോടെ ആശ്രിത നിയമനമായി മക്കൾക്ക് ജോലി നൽകാൻ കോർപറേഷൻ തീരുമാനിച്ചു. ഈ ജോലിക്ക് ഇളയ മകനെയാണ് കാന്തി ദേവി ശുപാർശ ചെയ്തത്. ഇതോടെയാണ് വീട്ടിൽ പ്രശ്നങ്ങൾ തുടങ്ങിയത്. നാല് വർഷം മുമ്പാണ് അച്ഛൻ മരിച്ചതെന്നും ഈ ജോലി താൻ അറിയാതെ അനുജനുവേണ്ടി ഇത്രയും കാലം മാറ്റിവെച്ചുവെന്നും അതിൽ അസ്വസ്ഥനായിരുന്നുവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. അനുജന് ജോലി ലഭിച്ചെന്ന കാരണത്താൽ വീട്ടിൽ അവഗണന നേരിട്ടിരുന്നു. കുടുംബ സ്വത്തിനെ ചൊല്ലി ഇടയ്ക്കിടെ തർക്കങ്ങളുണ്ടായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ജോലി സംബന്ധിച്ച് മാതാവുമായി വീണ്ടും തർക്കിമുണ്ടായതിന് പിന്നാലെ യുവാവ് അരകല്ലുപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ മാതാവ് മരണടഞ്ഞതായി പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ച കാന്തി ദേവിയുടെ സഹോദരനും പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കാന്തി ദേവിയുടെ മുഖത്തും തലയ്ക്കുമാണ് പരിക്ക്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Adjust Story Font
16

