Quantcast

'ഇനി കേന്ദ്രത്തിന്റെ കണ്ണ് തുറക്കം'; രാജും ഉദ്ധവും ഒന്നിച്ചതിൽ അഭിനന്ദനങ്ങളുമായി എം.കെ സ്റ്റാലിൻ

''ഹിന്ദി അടിച്ചേൽപ്പിക്കലിനെ പരാജയപ്പെടുത്താൻ ഉദ്ധവ്-രാജ് താക്കറെമാരുടെ ഒന്നിക്കൽ വഴിയൊരുക്കുമെന്നും സ്റ്റാലിൻ

MediaOne Logo

Web Desk

  • Published:

    6 July 2025 11:02 AM IST

ഇനി കേന്ദ്രത്തിന്റെ കണ്ണ് തുറക്കം; രാജും ഉദ്ധവും ഒന്നിച്ചതിൽ അഭിനന്ദനങ്ങളുമായി എം.കെ സ്റ്റാലിൻ
X

ചെന്നൈ: രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉദ്ധവ് താക്കറെയും രാജ് താക്കറെയും വേദി പങ്കിട്ടതിന് പിന്നാലെ ഇരുവരെയും അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഹിന്ദി അടിച്ചേൽപ്പിക്കലിനെ പരാജയപ്പെടുത്താൻ ഇവരുടെ നീക്കം വഴിയൊരുക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

"ഹിന്ദി അടിച്ചേൽപ്പിക്കലിനെ ചെറുക്കാൻ ദ്രാവിഡ മുന്നേറ്റ കഴകവും തമിഴ്‌നാട്ടിലെ ജനങ്ങളും തലമുറകളായി നടത്തിയ ഭാഷാ അവകാശ പോരാട്ടം ഇപ്പോൾ സംസ്ഥാന അതിർത്തികൾ കടന്ന് മഹാരാഷ്ട്രയിൽ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ്''- എക്സിലെഴുതിയ കുറിപ്പില്‍ സ്റ്റാലിന്‍ പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ മുംബൈയിൽ നടന്ന വിജയറാലിയുടെ ആവേശവും അതിശക്തമായ പ്രസംഗങ്ങളും ഞങ്ങളെ വളരെയധികം ആവേശഭരിതരാക്കുന്നു'- അദ്ദേഹം വ്യക്തമാക്കി.

'' ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയും മൂന്നാം ഭാഷ ഏതായിരിക്കുമെന്നും, സംസാരഭാഷയായി ഹിന്ദി ഉപയോഗിക്കാത്ത പുരോഗമനാത്മകമായ സംസ്ഥാനങ്ങളില്‍ ഹിന്ദി എന്തിന് 'അടിച്ചേല്‍പ്പിക്കുന്നു' എന്നുമുള്ള എംഎന്‍എസ് തലവന്‍ രാജ് താക്കറെയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടാകില്ലെന്ന് എനിക്കറിയാം, ഹിന്ദിയുടെയും സംസ്‌കൃതത്തിന്റെയും പ്രോത്സാഹനത്തിന് മുഴുവൻ സമയവും മുൻഗണന നൽകുകയാണ് കേന്ദ്രം.

ഹിന്ദി പഠിച്ചാൽ ജോലി ലഭിക്കും എന്നതുപോലുള്ള വാക്കുകൾ ഇവിടെ ചില നിഷ്കളങ്കരായ വ്യക്തികൾ ഉരുവിടുന്നുണ്ട്. ഇത്തരത്തിലുള്ള കാഴ്ചപ്പാടുകളൊക്കെ മാറണം, മഹാരാഷ്ട്രയിലെ പ്രക്ഷോഭം അവരുടെ കണ്ണുകൾ ഇനി തുറക്കും"- സ്റ്റാലിൻ വ്യക്തമാക്കി.

പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചെങ്കിലും, മഹാരാഷ്ട്രയിലെ പ്രൈമറി സ്കൂളുകളിൽ ഹിന്ദിയെ മൂന്നാം ഭാഷയാക്കാനുള്ള ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാര്‍ നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് ഉദ്ധവും രാജും വിമര്‍ശിച്ചിരുന്നത്.

TAGS :

Next Story