ബിഹാറിൽ 243 നിയമസഭാ മണ്ഡലങ്ങൾ: മുസ്‌ലിം സ്ഥാനാർഥികൾ വെറും 35, കണക്കുകൾ ഇങ്ങനെ...
ജനസംഖ്യാ ആനുപാതികമായി മുസ്‌ലിം സ്ഥാനാര്‍ഥികള്‍ കുറവാണെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ബിഹാറില്‍ നടന്നൊരു തെരഞ്ഞെടുപ്പ് റാലി Photo-PTI
പറ്റ്ന: ബിഹാറിലെ 243 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും സ്ഥാനാര്‍ഥികളായി നിര്‍ത്തിയിരിക്കുന്നത് 35 മുസ്‌ലിംകളെ മാത്രം. ജനസംഖ്യാ ആനുപാതികമായി മുസ്‌ലിം സ്ഥാനാര്‍ഥികള്‍ കുറവാണെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 17.7 ശതമാനമാണ് മുസ്‌ലിം സമുദായം.
മുസ്‌ലിംകളുടെ അഭ്യുദയകാംക്ഷികളാണെന്ന് അവകാശപ്പെടുന്ന ഇന്‍ഡ്യ സഖ്യത്തിലെ രണ്ട് പ്രധാന കക്ഷികളായ ആർജെഡിയും കോൺഗ്രസും ചേര്‍ന്ന് 28 മുസ്‌ലിം സ്ഥാനാർത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. 143 സീറ്റുകളിൽ മത്സരിക്കുന്ന ആർജെഡി 18 മുസ്‌ലിം സ്ഥാനാർത്ഥികളെ നിർത്തിയപ്പോൾ 61 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ് നിർത്തിയിരിക്കുന്നത് 10 പേരെ മാത്രം. സിപിഐ-എംഎൽ (ലിബറേഷൻ) രണ്ട് മുസ്‌ലിം സ്ഥാനാർത്ഥികള്‍ക്ക് സീറ്റ് അനുവദിച്ചപ്പോള്‍ സഖ്യത്തിലെ മറ്റൊരു കക്ഷിയായ മുകേഷ് സഹാനിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി മുസ്‌ലിം സ്ഥാനാർത്ഥികളെ നിര്‍ത്തിയിട്ടുമില്ല.
അതേസമയം എന്‍ഡിഎ ക്യാമ്പില്‍ ആകെ അഞ്ച് മുസ്‌ലിം സ്ഥാനാര്‍ഥികളെ മാത്രമാണ് നിര്‍ത്തിയിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 101 സീറ്റുകളിലാണ് ജനവിധി തേടുന്നത്. ഇതില്‍ നാലിടത്താണ് പാര്‍ട്ടി മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. സഖ്യത്തിലെ മറ്റൊരു പാര്‍ട്ടിയായ കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന്‍ നയിക്കുന്ന ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) 29 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ഒരു സീറ്റാണ് മുസ്‌ലിം സമുദായത്തിലെ സ്ഥാനാര്‍ഥിക്കായി നല്‍കിയത്. ബിജെപിയാകട്ടെ ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയേയും നിര്‍ത്തിയിട്ടില്ല.
2020ലെ തെരഞ്ഞെടുപ്പിൽ ആർജെഡി മത്സരിപ്പിച്ച 144 സ്ഥാനാർത്ഥികളിൽ 15 പേര്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നായിരുന്നു. കോൺഗ്രസാകട്ടെ 12 മുസ്‌ലിം സ്ഥാനാർത്ഥികള്‍ക്കും അവസരം കൊടുത്തു. 70 സീറ്റുകളിലായിരുന്നു അന്ന് കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. അവസാന തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്ന് സീറ്റുകള്‍ അധികം മുസ്‌ലിം വിഭാഗത്തിന് ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടി നല്‍കിയിട്ടുണ്ട്.
1990നും 2020നും ഇടയിലെ നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം ശരാശരി 8 ശതമാനമായിരുന്നു. 2020ലെ നിയമസഭയില്‍ 19 മുസ്‌ലിം എംഎല്‍എമാരുണ്ടായിരുന്നു, പ്രാതിനിധ്യം 7.81%. 2015ലായിരുന്നു മുസ്‌ലിം എംഎല്‍എമാരുടെ എണ്ണം ഏറ്റവും ഉയര്‍ന്നത്. 24 പേരായിരുന്നു അന്ന്. 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മുസ്‌ലിം പ്രാതിനിധ്യവും 2015ലായിരുന്നു. സഖ്യങ്ങളില്‍ വന്ന മാറ്റമാണ് പിന്നീട് മുസ്‌ലിം പ്രാതിനിധ്യം കുറയാന്‍ കാരണം. 1989ലെ ഭഗല്‍പുര്‍ വര്‍ഗീയ കലാപത്തിന് ശേഷമാണ് മുസ്‌ലിംകള്‍ കോണ്‍ഗ്രസിനോട് അകലം പാലിക്കാന്‍ തുടങ്ങിയതെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ പറയുന്നു. കോണ്‍ഗ്രസില്‍ നിന്ന് അകന്ന മുസ്‌ലിം വിഭാഗം, ആര്‍ജെഡിയോടാണ് പിന്നീട് ആഭിമുഖ്യം കാണിച്ചത്.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് ടിക്കറ്റ് നല്‍കുന്നതില്‍ മതേതര പാര്‍ട്ടികള്‍ പിശുക്ക് കാണിക്കാറുണ്ട്. കൂടുതല്‍ പ്രാതിനിധ്യം നല്‍കിയാല്‍ അപ്പുറത്ത് വോട്ടുകള്‍ ധ്രുവീകരിക്കപ്പെടുമോ എന്ന ഭയമാണ് തീരുമാനത്തന് പിന്നിലെന്നും വിദഗ്ധര്‍ വിയിരുത്തുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Adjust Story Font
16

