ബിഹാറിൽ ദലിത് സ്ത്രീക്ക് രക്തം നൽകാനെത്തിയ മുസ്‌ലിം യുവാവ് ആശുപത്രിയിൽ മർദനമേറ്റ് മരിച്ചതായി പരാതി
പരിചയക്കാരിയായ സ്ത്രീക്ക് രക്തം നൽകാനാണ് സിക്കന്ദർ ഖാൻ ആശുപത്രിയിലെത്തിയതെന്ന് പ്രാദേശിക മാധ്യമപ്രവർത്തകനായ സീമാബ് റിപ്പോർട്ട് ചെയ്തു

പട്ന: ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ ദലിത് സ്ത്രീക്ക് രക്തം നൽകാനായി ആശുപത്രിയിലെത്തിയ യുവാവ് മർദനമേറ്റ് മരിച്ചതായി ആരോപണം. ചാർക്കുപ്പ ഗ്രാമവാസിയായ സിക്കന്ദർ ഖാൻ ആണ് പട്നയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
റഫിഗഞ്ചിലെ ആശുപത്രിയിൽവെച്ച് സിക്കന്ദർ ഖാന് മർദനമേറ്റതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ദലിത് സ്ത്രീക്ക് രക്തം നൽകാനായി ആശുപത്രിയിലെത്തിയ ഇദ്ദേഹവും ആശുപത്രി അധികൃതരും തമ്മിൽ ചികിത്സയുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും തുടർന്ന് മുറിയിലിട്ട് പൂട്ടി ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ സിക്കന്ദർ ഖാനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പട്നയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിചയക്കാരിയായ സ്ത്രീക്ക് രക്തം നൽകാനാണ് സിക്കന്ദർ ഖാൻ ആശുപത്രിയിലെത്തിയതെന്ന് പ്രാദേശിക മാധ്യമപ്രവർത്തകനായ സീമാബ് റിപ്പോർട്ട് ചെയ്തു. സന്ദർശനത്തിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ ആശുപത്രി ഉടമ ഡോ.രഞ്ജീത് യാദവ് സിക്കന്ദർ ഖാനെ മർദിച്ചതായാണ് ആരോപണം. മുറിക്കുള്ളിൽ പൂട്ടിയിട്ട് വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് മർദിച്ചതെന്നും ആശുപത്രി ജീവനക്കാർക്കും ഇതിൽ പങ്കുണ്ടെന്നും സീമാബ് ആരോപിക്കുന്നു. സംഭവം നടക്കുമ്പോൾ സമീപത്ത് പൊലീസുകാരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, മർദനത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചോ സംഭവങ്ങളുടെ കൃത്യമായ ക്രമത്തെക്കുറിച്ചോ സ്വതന്ത്രമായ സ്ഥിരീകരണം ലഭ്യമായിട്ടില്ല.
മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും മുന്നിലുണ്ടായിരുന്ന വ്യക്തിയായിരുന്നു സിക്കന്ദർ ഖാനെന്നും അദ്ദേഹത്തിന്റെ മരണം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെന്നും സീമാബ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കേസിലെ ആരോപണവിധേയനായ ഡോ. രഞ്ജീത് യാദവിന് ആർജെഡി നേതാവ് തേജസ്വി യാദവുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തേജസ്വി യാദവിന്റെ പരിപാടികളിൽ ഡോക്ടർ പങ്കെടുക്കുന്നതിന്റെയും ആദരവ് ഏറ്റുവാങ്ങുന്നതിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ലഭ്യമാണെന്നും സീമാബ് ചൂണ്ടിക്കാട്ടി.
ബിഹാർ പ്രതിപക്ഷ നേതാവായ തേജസ്വി യാദവ് സിക്കന്ദർ ഖാന്റെ കുടുംബത്തെ സന്ദർശിക്കണമെന്നും ആരോപണവിധേയനോട് വിശദീകരണം തേടി കർശന നടപടി ആവശ്യപ്പെടണമെന്നും സീമാബ് അഭ്യർഥിച്ചു. പൊലീസിന്റെ നടപടികളെയും അദ്ദേഹം ചോദ്യം ചെയ്തു. പൊലീസ് സ്റ്റേഷനിൽ പ്രതിക്ക് അനുകൂലമായ സമീപനമാണ് ലഭിക്കുന്നതെന്നും ആരോപണമുണ്ട്.
Adjust Story Font
16

