മുസ്‌ലിം സംഘടനാ പ്രതിനിധിസംഘം ജോർദാൻ അംബാസഡറെ സന്ദർശിച്ചു
ഗസ്സയിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ ജോർദാൻ സർക്കാർ ഇടപെടൽ നടത്തണമെന്ന് പ്രതിനിധിസംഘം ആവശ്യപ്പെട്ടു.

ന്യൂഡൽഹി: വിവിധ മുസ്‌ലിം സംഘടനകളുടെ സംയുക്ത പ്രതിനിധിസംഘം ജോർദാൻ അംബാസഡർ യൂസുഫ് മുസ്തഫ അലി അബ്ദുൽ ഗനിയുമായി കൂടിക്കാഴ്ച നടത്തി. ഗസ്സയിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ ജോർദാൻ സർക്കാർ അർഥവത്തായ ഇടപെടൽ നടത്തണമെന്ന് പ്രതിനിധിസംഘം ആവശ്യപ്പെട്ടു.
ഇസ്രായേലി അതിക്രമങ്ങളെ ശക്തമായി അപലപിക്കാനും, ഫലസ്തീനികൾക്കുള്ള മാനുഷിക സഹായം നൽകാനും, സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനായി വാദിക്കാനും അംബാസഡർ മുഖേന ജോർദാൻ സർക്കാരിനോട് പ്രതിനിധി സംഘം അഭ്യർഥിച്ചു.
ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സാദത്തുല്ല ഹുസൈനി, ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് വക്താവ് ഖാസിം റസൂൽ ഇല്യാസ്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നാഷണൽ കോർഡിനേറ്റർ അസീമുല്ല ഖാസിമി, എപിസിആർ ജനറൽ സെക്രട്ടറി മാലിക് മുഅ്തസിം ഖാൻ, മർക്കസി ജംഇയ്യത് അഹ്‌ലെ ഹദീസ് ഹിന്ദ് സെക്രട്ടറി ഷീസ് ഇദ്‌രീസ് തൈമി, എസ്‌ഐഒ ദേശീയ പ്രസിഡന്റ് അബ്ദുൽ ഹഫീസ്, ജമാഅത്തെ ഇസ്‌ലാമി ദേശീയ അസിസ്റ്റന്റ് സെക്രട്ടറി റിസ്‌വാൻ അഹമ്മദ് റഫീഖി, എസ്‌ഐഒ ദേശീയ സെക്രട്ടറി യൂനുസ് മുല്ല എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Adjust Story Font
16

