രാജ്യസഭാ തെരഞ്ഞെടുപ്പ്: ബിഹാറില്‍ അഞ്ച് സീറ്റിലും എന്‍ഡിഎക്ക് ജയം
കോണ്‍ഗ്രസിൻ്റെ മൂന്നും ആര്‍ജെഡിയുടെ ഒരു എംഎല്‍എയും വോട്ട് ചെയ്യാതെ വിട്ടുനിന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയായി

പാട്‌ന: ബിഹാറില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ അഞ്ച് സ്ഥാനാര്‍ഥികള്‍ക്കും വിജയം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍, കേന്ദ്ര കൃഷിമന്ത്രി രാംനാഥ് താക്കൂര്‍, രാഷ്ട്രീയ ലോക്‌മോര്‍ച അധ്യക്ഷന്‍ ഉപേന്ദ്ര കുശ്വാഹ, മുന്‍ എംഎല്‍എ ശിവേഷ് കുമാര്‍ എന്നിവരാണ് വിജയിച്ചത്.
കോണ്‍ഗ്രസിന്റെ മൂന്നും ആര്‍ജെഡിയുടെ ഒരു എംഎല്‍എയും വോട്ട് ചെയ്യാതെ വിട്ടുനിന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. കോണ്‍ഗ്രസിലെ സുരേന്ദ്ര പ്രസാദ് കുശ്വാഹ, മനോജ് ബിശ്വാസ്, മനോഹര്‍ പ്രസാദ് സിങ് എന്നിവരും ആര്‍ജെഡി എംഎല്‍എ ഫൈസല്‍ റഹ്മാനും വിട്ടുനിന്നു. അതേസമയം, എന്‍ഡിഎയുടെ 202 എംഎല്‍എമാരും വോട്ട് ചെയ്തു.
ആര്‍ജെഡിയുടെ അമരേന്ദ്ര ദാരി സിങ്ങായിരുന്നു പ്രതിപക്ഷ സ്ഥാനാര്‍ഥി. ബിഹാറില്‍ ഒരു രാജ്യസഭാ സീറ്റ് ജയിക്കാന്‍ 41 എംഎല്‍എമാരുടെ പിന്തുണയാണ് ആവശ്യം. പ്രതിപക്ഷ മഹാഗഡ്ബന്ധന്‍ സഖ്യത്തിന്റെ 35 എംഎല്‍എമാരുടെ പിന്തുണക്കൊപ്പം എഐഎംഐഎമ്മിന്റെ അഞ്ച് എംഎല്‍എമാരുടെയും ബിഎസ്പിയുടെ ഏക എംഎല്‍എയുടെയും പിന്തുണയുണ്ടെങ്കില്‍ അമരേന്ദ്ര ദാരി സിങ്ങിന് ജയിക്കാമായിരുന്നു. എഐഎംഐഎം, ബിഎസ്പി എംഎല്‍എമാര്‍ അമരേന്ദ്ര ധാരി സിങിന് വോട്ടു ചെയ്‌തെങ്കിലും കോണ്‍ഗ്രസിന്റെ മൂന്നും ആര്‍ജെഡിയുടെ ഒരു എംഎല്‍എയും വിട്ടുനിന്നതോടെ എന്‍ഡിഎ സമ്പൂര്‍ണ ജയം നേടുകയായിരുന്നു.
Adjust Story Font
16

