Quantcast

നീറ്റ് ചോദ്യപേപ്പർ ചോർച്ച: മുഖ്യസൂത്രധാരൻ പൂനെയിൽ പിടിയിൽ

കെമിസ്ട്രി പ്രൊഫസറായ പി.വി കുൽക്കർണിയാണ് പിടിയിലായത്

MediaOne Logo
നീറ്റ് ചോദ്യപേപ്പർ ചോർച്ച: മുഖ്യസൂത്രധാരൻ പൂനെയിൽ പിടിയിൽ
X

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർത്തിയതിൽ മുഖ്യ സൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. പൂനെയിലെ കെമിസ്ട്രി പ്രൊഫസറായ പി.വി കുൽക്കർണിയാണ് പിടിയിലായത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ പങ്കാളിയാണ് കുൽക്കർണി. വീട്ടിൽ രഹസ്യമായി നടത്തിയ കോച്ചിങ് ക്ലാസ് വഴി നിരവധി പരീക്ഷാർഥികൾക്ക് ചോദ്യങ്ങൾ ചോർത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.

പ്രതിയായ പി.വി കുൽക്കർണി പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിങ് ഏജൻസിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെന്നും അതുവഴിയാണ് മേയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പറുകൾ അദ്ദേഹത്തിന് ലഭിച്ചതെന്നും സിബിഐ വ്യക്തമാക്കി. വർഷങ്ങളായി നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കുന്ന സമിതിയിലെ അംഗമായിരുന്നു കുൽക്കർണിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിരമിച്ച കോളജ് പ്രൊഫസറായ കുൽക്കർണിയെ ഇന്നലെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

കേസിലെ മറ്റൊരു പ്രതിയായ മനീഷ വാഗ്മാരെയുടെ സഹായത്തോടെ, ഏപ്രിൽ അവസാനവാരം പൂനെയിലെ തന്റെ വീട്ടിൽ നടത്തിയ രഹസ്യ പരിശീലന ക്ലാസിൽ നീറ്റ് പരീക്ഷയിലെ ചോദ്യങ്ങളും ശരിയുത്തരങ്ങളും ഒരു കൂട്ടം വിദ്യാർഥികൾക്ക് കുൽക്കർണി കൈമാറിയെന്നാണ് സിബിഐയുടെ ആരോപണം. മനീഷ വാഗ്മാരെയും വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

''ഈ പ്രത്യേക ക്ലാസുകളിൽ കുൽക്കർണി ചോദ്യങ്ങളും ഓപ്ഷനുകളും ശരിയുത്തരങ്ങളും വിദ്യാർഥികൾക്ക് പറഞ്ഞുകൊടുത്തു. വിദ്യാർഥികൾ അത് അവരുടെ നോട്ട്ബുക്കുകളിൽ എഴുതിയെടുത്തു. മേയ് മൂന്നിന് നടത്തിയ നീറ്റ് പരീക്ഷയിൽ ഇതേ ചോദ്യങ്ങൾ തന്നെയാണ് ആവർത്തിച്ചത്''- സിബിഐ പ്രസ്താവനയിൽ പറഞ്ഞു. ക്ലാസിൽ പങ്കെടുക്കാൻ വിദ്യാർഥികൾ ലക്ഷക്കണക്കിന് രൂപ നൽകിയതായും ഏജൻസി വ്യക്തമാക്കി.

പല സംസ്ഥാനങ്ങളിലായി വ്യാപിച്ചിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ഏഴ് പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ രണ്ടുപേർ രാജസ്ഥാനിലെ ജയ്പൂർ സ്വദേശികളായ മംഗി ലാൽ, ദിനേഷ് ബിവാൽ എന്നിവരാണ്. സിബിഐ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇവർ രാജസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. രാജസ്ഥാനിലെ സികാർ വഴി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ച ചോദ്യപേപ്പർ ചോർച്ച ശൃംഖലയിലെ പ്രധാന കണ്ണികളായാണ് ഇവരെ കണക്കാക്കുന്നത്.

മുൻ വർഷങ്ങളിലും മെഡിക്കൽ പ്രവേശന പരീക്ഷ ചോദ്യപേപ്പറുകൾ ചോർത്തി വിറ്റുമെന്ന ആരോപണവും ഇവർക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. മംഗി ലാലും ദിനേഷ് ബിവാലും ഈ വർഷത്തെ ചോദ്യപേപ്പർ സികാറിലെ കോച്ചിങ് സ്ഥാപനങ്ങൾക്ക് ചോർത്തിക്കൊടുത്തതോടൊപ്പം, മുൻ വർഷങ്ങളിലും സ്വന്തം കുടുംബത്തിനായി മെഡിക്കൽ പ്രവേശന പരീക്ഷ ചോദ്യപേപ്പറുകൾ സമ്പാദിച്ചശേഷം മറ്റുള്ളവർക്ക് വിറ്റതായും അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്.

TAGS :

Next Story