'ഗുജറാത്തിൽ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത ബെഞ്ചമിൻ നെതന്യാഹുവിനെ പോലെ യുദ്ധ കുറ്റവാളിയാണ് ഇയാൾ' മോദിയെ കുറിച്ചുള്ള ന്യൂയോർക് മേയർ സ്ഥാനാർഥിയുടെ വാക്കുകൾ ചർച്ചയാകുന്നു
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള സൊഹ്‌റാൻ മംദാനിയുടെ മുൻകാല പരാമർശങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്

ന്യൂയോർക്: ന്യൂയോർക് മേയർ പ്രൈമറി തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മാംദാനിയാണ് ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. മുൻ മേയർ ആൻഡ്രൂ ക്യൂമോയെ അട്ടിമറിച്ച് വിജയിച്ചത് അമേരിക്കയിലെ വലതുപക്ഷത്തിന്റെ അത്ര ദഹിച്ചിട്ടില്ല. കടുത്ത വംശീയതയും മുസ്‌ലിംവിരുദ്ധതയും കൊണ്ടാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള വലതുപക്ഷ രാഷ്ട്രീയക്കാർ ഈ ഫലത്തോട് പ്രതികരിച്ചത്.
എന്നാൽ ഇതേ മംദാനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സ്പോട് ലൈറ്റിലുള്ളത്. സൊഹ്‌റാൻ മംദാനിയുടെ പിതാവും കൊളംബിയ യൂണിവേഴ്സിറ്റി പ്രഫസറുമായ മഹ്മൂദ് മംദാനി ഒരു ഗുജറാത്തി മുസ്‌ലിമാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള സൊഹ്‌റാൻ മംദാനിയുടെ മുൻകാല പരാമർശങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിൽ അദ്ദേഹം മോദിയെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും കുറിച്ച് പറയുന്നു.
Zohran Mamdani's view on Narendra Modi
— 𝑪𝒂𝒕𝒂𝒍𝒆𝒚𝒂🛡 (@catale7a) June 25, 2025
[New York City Mayoral Democratic Nominee] pic.twitter.com/Laa5VSwxJQ
ഈ വർഷം ആദ്യം നടന്ന ഒരു പൊതുപരിപാടിയിൽ പ്രധാനമന്ത്രി മോദിയുമായി ഒരു വേദി പങ്കിടുന്നത് പരിഗണിക്കുമോ എന്ന് ചോദിച്ചപ്പോൾ മംദാനി ആ ആശയം ശക്തമായി നിരസിച്ചു. 2002 ലെ ഗുജറാത്ത് കലാപത്തെ പരാമർശിച്ചുകൊണ്ട് തന്റെ നിലപാടിന് വിശദമായ വിശദീകരണവും അദ്ദേഹം നൽകി. 'ഗുജറാത്തിൽ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാൻ സഹായിച്ച ഒരാളാണ് ഇയാൾ. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ മോദിയുടെ പങ്കിനെ പരാമർശിച്ചുകൊണ്ട് മംദാനി പറഞ്ഞു. 'ഗുജറാത്തി മുസ്ലിംകൾ ഇപ്പോൾ ഉണ്ടെന്ന് പോലും വിശ്വസിക്കുന്നില്ല. ബെഞ്ചമിൻ നെതന്യാഹുവിനെ പോലെ തന്നെ നമ്മൾ കാണേണ്ട ഒരു യുദ്ധ കുറ്റവാളിയാണ് ഇയാൾ.' അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ വംശജനായ ഉഗാണ്ടൻ അക്കാദമിക് മഹ്മൂദ് മംദാനിയുടെയും പ്രശസ്ത ചലച്ചിത്ര പ്രവർത്തക മീര നായരുടെയും മകനാണ് 33 കാരനായ സൊഹ്‌റാൻ മംദാനി. നിലവിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ അദ്ദേഹം 2020 മുതൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ അസ്റ്റോറിയയെ പ്രതിനിധാനം ചെയ്ത് വരുന്നു. ഉഗാണ്ടയിൽ ജനിച്ച സൊഹ്‌റാൻ മംദാനി ഏഴാം വയസ്സിൽ അമേരിക്കയിലേക്ക് താമസം മാറി. 2018 ൽ യുഎസ് പൗരനായി. പാരമ്പര്യമായി ഒന്നാം തലമുറ ഗുജറാത്തി മുസ്‌ലിമായ മംദാനി ബൗഡോയിൻ കോളേജിലെ പഠനകാലത്ത് ഫലസ്തീൻ അവകാശങ്ങൾക്കുവേണ്ടി വാദിച്ചത് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയങ്ങളിൽ വളരെക്കാലമായി ശബ്ദമുയർത്തിവരുന്നു. അവിടെ അദ്ദേഹം സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീൻ ചാപ്റ്റർ സഹസ്ഥാപകനാണ്.
Adjust Story Font
16

