Quantcast

ഒഡിഷയിൽ ക്രിസ്ത്യൻ പാസ്റ്ററെ ക്രൂരമായി മർദിച്ച് ചാണകവെള്ളം കുടിപ്പിച്ച് ബജ്രം​ഗ്ദൾ പ്രവർത്തകർ; ചെരിപ്പുമാല അണിയിച്ചു, ജയ് ശ്രീറാം വിളിപ്പിച്ചു

മതപരിവർത്തന ശ്രമം ആരോപിച്ചായിരുന്നു മർദനം. പാസ്റ്ററെ പ്രദേശത്തെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ അക്രമി സംഘം തലമുടി വടിക്കുകയും വി​ഗ്രഹത്തിന് മുന്നിൽ തൊഴാൻ നിർ‌ബന്ധിക്കുകയും ചെയ്തു.

MediaOne Logo
Odisha Pastor Attacked Forced To Drink Cow dung Water By Bajrang Dal
X

ഭുവനേശ്വർ: രാജ്യത്ത് വീണ്ടും ക്രിസ്ത്യൻ വിശ്വാസികൾക്ക് നേരെ ഹിന്ദുത്വ സംഘടനാ പ്രവർത്തകരുടെ ആക്രമണം. ഒഡിഷയിൽ പാസ്റ്ററെ ക്രൂരമായി മർദിച്ച ബജ്രം​ഗ്ദൾ പ്രവർത്തകർ ചാണകവെള്ളവും മലിനജലവും കുടിപ്പിക്കുകയും കഴുത്തിൽ ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിക്കുകയും തലമുടി വടിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ധെങ്കനാൽ ജില്ലയിലെ പർജംഗിലെ കന്ദർസിംഗ ഗ്രാമത്തിൽ ജനുവരി നാലിന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ബിപൻ ബിഹാരി നായിക് എന്ന പാസ്റ്ററാണ് ആക്രമണത്തിന് ഇരയായത്.

മതപരിവർത്തന ശ്രമം ആരോപിച്ചായിരുന്നു മർദനം. ജനുവരി 13നാണ് ബിപിന്റെ ഭാര്യ ബന്ദന നായിക് പൊലീസിൽ പരാതി നൽകുന്നത്. മുളവടികളും കമ്പികളുമായി ഇരച്ചെത്തിയ 15-20 പേരടങ്ങുന്ന ബജ്രം​ഗ്ദൾ സംഘം ഭർത്താവിനെ പുറത്തേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് ബന്ദനയുടെ പരാതിയിൽ പറയുന്നു. തുടരെത്തുടരെ ശരീരമാസകലം മർദിച്ച അക്രമിസംഘം, ഒടുവിൽ പാസ്റ്ററുടെ കഴുത്തിൽ ചെരിപ്പുമാല അണിയിച്ച് പുറത്തേക്ക് കൊണ്ടുപോയി.

തുടർന്ന് ​ഗ്രാമത്തിലൂടെ രണ്ട് മണിക്കൂറോളം നടത്തിയ അക്രമികൾ, ശേഷം ഹനുമാൻ ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയും ബിപിന്റെ തലമുടി വടിക്കുകയും ചെയ്തു. തുടർന്ന്, വി​ഗ്രഹത്തിന് മുന്നിൽ കുനിയാനും തൊഴാനും നിർബന്ധിച്ച അക്രമി സംഘം, ബലംപ്രയോ​ഗിച്ച് മലിനജലവും ചാണകവെള്ളവും കുടിപ്പിക്കുകയും ചെയ്തു. ഒടുവിൽ, പാസ്റ്ററുടെ കൈകൾ ക്ഷേത്രത്തിന് പിന്നിലെ ഒരു ഇരുമ്പുകമ്പിയുമായി ബന്ധിച്ച ശേഷം ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും വീണ്ടും മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നും പരാതിയിൽ വിശദമാക്കുന്നു.

ആരോ​ഗ്യത്തിനും സൗഖ്യത്തിനുമായി പ്രാർഥിക്കാൻ പ്രദേശവാസിയായ കൃഷ്ണ നായിക് വിളിച്ചതുപ്രകാരം രാവിലെ 11ഓടെ ബിപിൻ അദ്ദേഹത്തിന്റെ വീട്ടിലെത്തുകയായിരുന്നു. 11.30ഓടെ ബജ്‌റംഗ്ദൾ പ്രവർത്തകർ മുളവടികളുമായി ബൈക്കുകളിൽ എത്തി ഈ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും മർദിക്കുകയുമായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെ പാസ്റ്ററെ മുളവടികൾ ഉപയോ​ഗിച്ച് മർദിക്കുകയും മുഷ്ടി ചുരുട്ടി ഇടിക്കുകയും ചവിട്ടുകയും ചെയ്തെന്നും എഫ്‌ഐആറിലുണ്ട്. ഒരു പ്രാദേശിക പത്രത്തിന്റെ റിപ്പോർട്ടറായി അറിയപ്പെടുന്ന നിഗമാനന്ദ ദൾ ബെഹെറ എന്നയാളുടെ പേരും എഫ്ഐആറിലുണ്ട്.

പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതികളിൽ ഒമ്പത് പേരെ പിടികൂടി. ഇവരുടെ അറസ്റ്റ് ധെങ്കനാൽ പൊലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു. "സംഭവത്തിൽ ജനുവരി 13ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ആദ്യം നാല് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇപ്പോൾ അഞ്ച് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ ചോദ്യം ചെയ്യും"- ധെങ്കനാൽ എസ്പി അഭിനവ് സോങ്കർ പറഞ്ഞു.

സംഭവത്തിൽ, ഭാരതീയ ന്യായ് സം​ഹിത 191(2), 191(3), 126(2), 115(2), 351(2), 190 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അക്രമികളുടെ ആരോപണം വസ്തുതാരഹിതമാണെന്നും തന്റെ ഭർത്താവ് കടുത്ത ശാരീരിക- മാനസിക പീഡനങ്ങൾക്കിരയായെന്നും ബന്ദന വ്യക്തമാക്കി. അതേസമയം, മതപരിവർത്തനങ്ങളിൽ പങ്കുണ്ടെന്ന ആരോപണം ബന്ദന നായിക് നിഷേധിച്ചു. പാസ്റ്റർക്കെതിരായ ആക്രമണത്തെ രാഷ്ട്രീയ ക്രിസ്ത്യൻ മോർച്ച അപലപിച്ചു.

ഇതൊരു വ്യക്തിക്കെതിരായ കുറ്റകൃത്യം മാത്രമല്ല, ഭരണഘടനാപരമായ ആരാധനാ അവകാശത്തിനും പൗരന്റെ അടിസ്ഥാന മാനുഷിക അന്തസിനും നേരെയുള്ള ആക്രമണമാണെന്നും ആർ‌സി‌എം ജനറൽ സെക്രട്ടറി പല്ലബ് ലിമ പറഞ്ഞു. സംസ്ഥാനത്തിന്റെ സമാധാനം തകർന്നിരിക്കുകയാണെന്നും ആർക്കും സുരക്ഷിതത്വമില്ലെന്നും ബിജെഡി വക്താവ് ലെനിൻ മൊഹന്തി പറഞ്ഞു. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ പർജങ്ങിൽ വളരെ കുറച്ച് ക്രിസ്ത്യൻ കുടുംബങ്ങൾ മാത്രമേ താമസിക്കുന്നുള്ളൂ.

2024ൽ ഒഡീഷയിൽ ബിജെപി ആദ്യ സർക്കാർ രൂപീകരിച്ചതിനുശേഷം ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചെന്ന് കോൺഗ്രസ് നേതാവ് അമിയ പാണ്ഡവ് കുറ്റപ്പെടുത്തി. ഹിന്ദുത്വ ഗ്രൂപ്പുകൾ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും അകാരണമായി ആക്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

ബാലസോർ ജില്ലയിൽ മകന്ദർ മഹമ്മദ് എന്ന 35കാരനെ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ച് മർദിച്ച് കൊലപ്പെടുത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് പാസ്റ്റർക്കെതിരായ ആക്രമണം. കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ പിക്കപ്പ് വാൻ തടഞ്ഞുനിർത്തി ബജ്‌റംഗ്ദൾ പ്രവർത്തകരാണ് യുവാവിനെ ആക്രമിച്ചത്. കേസിൽ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്.

2024 ഡിസംബറിൽ മതപരിവർത്തനം ആരോപിച്ച് രണ്ട് ആദിവാസി സ്ത്രീകളെ ആക്രമിച്ചതും 2025 ജൂണിൽ ഭുവനേശ്വറിൽ നിന്ന് 20 കിലോമീറ്റർ അകലെ ജതാനിയിൽ ഒരു കന്യാസ്ത്രീയെ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടതും ഉൾപ്പെടെ നിരവധി സംഭവങ്ങളാണ് മുമ്പ് റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ, സാന്താ തൊപ്പികൾ വിൽക്കുന്ന തെരുവ് കച്ചവടക്കാർക്കെതിരെയും ആക്രമണം നടന്നിട്ടുണ്ട്.

ഒഡിഷയിൽ സമീപമാസങ്ങളിൽ നടക്കുന്ന മൂന്നാമത്തെ ആൾക്കൂട്ട ആക്രമണമാണിത്. ഡിസംബറിൽ സാംബൽപൂർ ജില്ലയിൽ, ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ഷെയ്ഖ് ജുയാലിനെ ഹിന്ദുത്വ അക്രമികൾ ബം​ഗ്ലാദേശിയെന്ന് ആരോപിച്ച് തല്ലിക്കൊന്നിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ, ദിയോഗഡ് ജില്ലയിൽ 35കാരനായ ദലിത് യുവാവിനെയും തല്ലിക്കാന്നിരുന്നു. ​ഗോവധം നടത്തിയെന്ന സംശയത്തിന്റെ പേരിലായിരുന്നു ഹിന്ദുത്വവാദികളുടെ ആക്രമണം. കഴിഞ്ഞ നാല് വർഷത്തിനിടെ, സംസ്ഥാനത്തുടനീളം മുസ്‌ലിംകൾക്കെതിരായ ഏകദേശം 300 ആക്രമണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കന്നുകാലി കടത്തോ പശുക്കശാപ്പോ ആരോപിച്ചാണ് ഇവയിലേറെയും.

TAGS :

Next Story