ലോക്‌സഭാ സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസപ്രമേയത്തിന് പ്രതിപക്ഷ നീക്കം
ഭരണപക്ഷത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്പീക്കർ സ്വീകരിക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം

- Published:
9 Feb 2026 1:38 PM IST

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം. സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഭരണപക്ഷത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്പീക്കർ സ്വീകരിക്കുന്നത് എന്നാരോപിച്ചാണ് അവിശ്വസപ്രമേയത്തിന് നീക്കം. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക്സഭയിലെ തന്റെ പ്രസംഗം റദ്ദാക്കേണ്ടി വന്നിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച, പ്രധാനമന്ത്രി പ്രസംഗിക്കാനിരിക്കെ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെ തുടർന്ന് സഭ നേരത്തെ പിരിഞ്ഞു. 'പ്രതിപക്ഷ എംപിമാർ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് അപ്രതീക്ഷിതമായ നീക്കങ്ങൾ നടത്തിയേക്കാം' എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സഭ നിർത്തിവെച്ചതെന്നാണ് സ്പീക്കർ വിശദീകരിച്ചത്. ഏതാനും വനിതാ എംപിമാർ പ്ലക്കാർഡുകളുമായി പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് ചുറ്റും പ്രതിഷേധിച്ചത് വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു.
പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം സ്പീക്കറുടെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. പ്രധാനമന്ത്രിക്ക് നേരെ ആരും കയ്യോങ്ങാനോ ഉപദ്രവിക്കാനോ ശ്രമിച്ചിട്ടില്ല. പ്രധാനമന്ത്രി സ്പീക്കറുടെ പിന്നിൽ ഒളിച്ചിരിക്കുകയാണെന്നും പ്രിയങ്ക പരിഹസിച്ചു.
മുൻ കരസേനാ മേധാവി ജനറൽ എം.എം നരവാനെയുടെ പുസ്തകത്തിലെ ഭാഗങ്ങൾ വായിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഭാഗങ്ങൾ വായിക്കാൻ പാടില്ല എന്ന പ്രതിരോധമന്ത്രിയുടെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു സ്പീക്കറുടെ നടപടി. 2020 ലെ ഇന്ത്യ- ചൈന അതിർത്തി തർക്കത്തെക്കുറിച്ചുള്ളതായിരുന്നു ഈ ഭാഗങ്ങൾ.
രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ച സ്പീക്കർ, ഗാന്ധി കുടുംബത്തെ വിമർശിക്കുന്ന പുസ്തകഭാഗങ്ങൾ വായിക്കാൻ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്ക് അനുമതി നൽകിയത് പ്രതിപക്ഷം ചോദ്യം ചെയ്യുന്നു. ചെയറിലുണ്ടായിരുന്ന ടിഡിപി എംപി കൃഷ്ണ തെന്നെട്ടി വിലക്കിയിട്ടും നിഷികാന്ത് ദുബെ പ്രസംഗം തുടർന്നതിനെതിരെ നടപടിയുണ്ടാകാത്തതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.
സഭയിൽ പ്രതിഷേധിച്ച ഹൈബി ഈഡൻ, അമരീന്ദർ രാജ വാറിങ്, മാണിക്കം ടാഗോർ എന്നിവരടക്കം എട്ട് കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ സഭാ സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്‌പെൻഷൻ. ഇവർ സഭക്ക് പുറത്ത് പ്രതിഷേധം തുടരുകയാണ്.
അതേസമയം, സ്പീക്കറുടെ നടപടികളെ ബിജെപി ന്യായീകരിച്ചു. പ്രതിപക്ഷ എംപിമാർ അക്രമാസക്തമായ രീതിയിലാണ് പ്രതിഷേധിക്കുന്നതെന്ന് കേന്ദ്രമന്ത്രി എസ്.പി സിങ് ബാഗേൽ പറഞ്ഞു. രാഹുൽ ഗാന്ധി ജനാധിപത്യത്തെ അപമാനിക്കുകയാണെന്ന് ബിജെപി എംപി അനുരാഗ് ഠാക്കൂറും കുറ്റപ്പെടുത്തി.
Adjust Story Font
16
