Quantcast

പക്ഷാഘാതം സംഭവിച്ച വൃദ്ധന്റെ കൈയിൽ നാല് മണിക്കൂർ ചുറ്റിപ്പിണഞ്ഞ് വിഷപ്പാമ്പ്

തുറന്നിട്ട ജനലിലൂടെയാണ് പാമ്പ് മുറിയിൽ കയറിയത് എന്നാണ് കരുതുന്നത്

MediaOne Logo
പക്ഷാഘാതം സംഭവിച്ച വൃദ്ധന്റെ കൈയിൽ നാല് മണിക്കൂർ ചുറ്റിപ്പിണഞ്ഞ് വിഷപ്പാമ്പ്
X

ഭുവനേശ്വർ: പക്ഷാഘാതം വന്ന് കിടപ്പിലായ വൃദ്ധന്റെ ശരീരത്തിൽ നാല് മണിക്കൂറോളം ചുറ്റിപ്പിണഞ്ഞ് വിഷപ്പാമ്പ്. ഒഡീഷയിലെ ബൗദ്ധ് ജില്ലയിലാണ് കുടുംബാംഗങ്ങളെയും നാട്ടുകാരെയും ഒരേപോലെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ഹരഭംഗ ബ്ലോക്കിലെ അഡേനിഗഡ് ഗ്രാമത്തിലെ താമസക്കാരനായ കൃഷ്ണ ചന്ദ്ര സാഹു എന്ന വൃദ്ധനാണ് ഈ ഭീതിദമായ അവസ്ഥയെ അതിജീവിച്ചത്. സ്‌ട്രോക്ക് വന്ന് കിടപ്പിലായ ഇയാൾക്ക് ശരീരം പരിമിതമായ തോതിൽ മാത്രമേ അനക്കാൻ കഴിയുമായിരുന്നുള്ളൂ.

കഴിഞ്ഞ ദിവസം രാത്രി സാഹു ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. മുറിയിലെ ജനൽ തുറന്നിട്ടിരുന്നതിനാലാണ് പാമ്പ് ഉള്ളിൽ കടന്നതെന്നാണ് കരുതുന്നത്. കട്ടിലിലേക്ക് ഇഴഞ്ഞുകയറിയ പാമ്പ് സാഹുവിന്റെ ശരീരത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. തന്റെ ശരീരത്തിൽ പാമ്പ് ഇഴയുന്നുണ്ടെന്ന് സാഹുവിന് മനസിലായെങ്കിലും പക്ഷാഘാതം കാരണം പെട്ടെന്ന് പ്രതികരിക്കാനോ മാറിക്കിടക്കാനോ കഴിഞ്ഞില്ല.

ഇതിനിടയിൽ സാഹു ചെറുതായൊന്ന് മാറാൻ ശ്രമിച്ചതോടെ കാര്യങ്ങൾ കൂടുതൽ അപകടത്തിലായി. പാമ്പ് അദ്ദേഹത്തിന്റെ ഒരു കൈയിൽ മുറുകെ ചുറ്റുകയും, ശരീരത്തിന്റെ ബാക്കി ഭാഗം കട്ടിലിനടുത്തുള്ള കസേരയിൽ പെടുത്തി വെക്കുകയും ചെയ്തു. ഇതോടെ അദ്ദേഹത്തിന് ഒട്ടും അനങ്ങാൻ പറ്റാത്ത അവസ്ഥയായി. എന്തെങ്കിലും തരത്തിലുള്ള പെട്ടെന്നുള്ള ചലനങ്ങൾ പാമ്പിനെ പ്രകോപിപ്പിക്കുമെന്നും അത് കടിയേൽക്കാൻ കാരണമാകുമെന്നും ഭയന്ന് നാല് മണിക്കൂറോളമാണ് ഇദ്ദേഹം ഒരേ കിടപ്പ് കിടന്നത്.

പിന്നീട് മുറിയിലെത്തിയ കുടുംബാംഗങ്ങളാണ് സാഹുവിന്റെ കൈയിലും കസേരയിലുമായി പാമ്പ് ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് കണ്ട് ഞെട്ടിയത്. പാമ്പിനെ ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചാൽ അത് ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ ഏറെ പണിപ്പെട്ടാണ് സാഹുവിനെ രക്ഷപ്പെടുത്തിയത്. മണിക്കൂറുകളോളം മാരക വിഷമുള്ള പാമ്പിനോടൊപ്പം കഴിഞ്ഞിട്ടും ഒരു തവണ പോലും കടിയേൽക്കാതെയാണ് സാഹു രക്ഷപ്പെട്ടത്. നിലവിൽ സാഹു സുരക്ഷിതനാണെന്നും എന്നാൽ സംഭവിച്ച ഞെട്ടലിൽ നിന്ന് പൂർണമായി മുക്തനായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

TAGS :

Next Story