Quantcast

'കോണ്‍ഗ്രസിന് അധികാരക്കൊതി, ഡിഎംകെയെ പിന്നില്‍ നിന്ന് കുത്തി'; വിമര്‍ശിച്ച് പ്രധാനമന്ത്രി

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയിയെ മോദി അഭിനന്ദിച്ചു

MediaOne Logo
PM Modi Tears Into Congress
X

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ടിവികെ അധ്യക്ഷന്‍ വിജയിയെ അഭിനന്ദിച്ചും ഡിഎംകെ സഖ്യം വിട്ട് ടിവികെക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരക്കൊതിയില്‍ ഡിഎംകെയെ കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തിയെന്നാണ് മോദിയുടെ വിമര്‍ശനം. ജനജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരുമായി ഒന്നിച്ചുപ്രവര്‍ത്തിക്കുന്നത് തുടരുമെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസ് പരാദജീവിയാണെന്ന് മോദി വിമര്‍ശിച്ചു. 'തമിഴ്‌നാട്ടിലെ സാഹചര്യം നോക്കൂ. 30 വര്‍ഷത്തോളമായി കോണ്‍ഗ്രസും ഡിഎംകെയും അടുത്ത ബന്ധത്തിലാണ്. പല പ്രതിസന്ധി ഘട്ടങ്ങളിലും കോണ്‍ഗ്രസിന് സഹായകമായത് ഡിഎംകെയുമായുള്ള സഖ്യമാണ്. 2014ന് മുമ്പ് 10 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ സര്‍ക്കാരിനെ നിലനിര്‍ത്തിയത് തന്നെ ഡിഎംകെയാണ്. കോണ്‍ഗ്രസിന്റെ പുരോഗതിക്കായി സ്ഥിരമായി പ്രവര്‍ത്തിച്ചിരുന്ന അതേ ഡിഎംകെയെയാണ് രാഷ്ട്രീയ കാറ്റ് മാറിയ നിമിഷത്തില്‍ തന്നെ വഞ്ചിച്ചത്. അധികാരക്കൊതി മൂത്ത കോണ്‍ഗ്രസ് ഡിഎംകെയെ പിന്നില്‍ നിന്ന് കുത്തി. രാഷ്ട്രീയ പ്രസക്തിയോടെ തുടരാന്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ മറ്റൊരു പാര്‍ട്ടിയെ വേണം, അതിന്റെ മുതുകില്‍ കയറി സഞ്ചരിക്കണം' -മോദി പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ടിവികെക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കിയതിനെ കുറ്റപ്പെടുത്തിയാണ് മോദിയുടെ വിമര്‍ശനം. ഇന്ന് വിജയിയോടൊപ്പം ഒന്‍പത് ടിവികെ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് ആരും മന്ത്രിമാരായിട്ടില്ല. കൂടുതല്‍ മന്ത്രിമാരുടെ പ്രഖ്യാപനം വരുംനാളുകളിലുണ്ടാകും.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെക്ക് തനിച്ച് കേവല ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് അഞ്ച് എംഎല്‍എമാരുള്ള കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍, സഖ്യകക്ഷിയായ തങ്ങളോട് ആലോചിക്കുക പോലും ചെയ്യാതെ കോണ്‍ഗ്രസ് ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ ഡിഎംകെ കടുത്ത അതൃപ്തി പരസ്യമാക്കിയിരുന്നു. കോണ്‍ഗ്രസിന് പിന്നാലെ സിപിഎം, സിപിഐ, വിസികെ, മുസ്‌ലിം ലീഗ് എന്നിവര്‍ കൂടി പിന്തുണച്ചതോടെയാണ് ടിവികെ കേവലഭൂരിപക്ഷം നേടിയത്.

TAGS :

Next Story