കോട്ട തകർന്നു, സുരക്ഷയും നീങ്ങി; മമതയുടെ വസതിക്ക് മുന്നിലെ ബാരിക്കേഡുകൾ മാറ്റി പൊലീസ്
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. രാജിവെക്കില്ലെന്നാണ് മമത വ്യക്തമാക്കുന്നത്.

- Published:
6 May 2026 4:40 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ പതനത്തിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജിയുടെയും അനന്തരവൻ അഭിഷേക് ബാനർജിയുടെയും സുരക്ഷാ ക്രമീകരണങ്ങള്‍ വെട്ടിക്കുറച്ചു. ബുധനാഴ്ച രാവിലെ മുതൽ ഇവരുടെ വസതികൾക്ക് മുന്നിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം പൊലീസ് വെട്ടിക്കുറച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. മമതയ്ക്കും അഭിഷേകിനും ഇനി Z+ കാറ്റഗറി സുരക്ഷ മാത്രമാണ് ലഭിക്കുക. ഇതിനുപുറമെ അധികമായി വിന്യസിച്ചിരുന്ന പൊലീസ് സേനയെ പൂർണ്ണമായും പിൻവലിച്ചു. മമത ബാനർജിയുടെ വസതിയായ 188എ ഹരീഷ് ചാറ്റർജി സ്ട്രീറ്റ്, പാർട്ടിയുടെ ആസ്ഥാനമായ 121 കാളിഘട്ട് റോഡ്, അഭിഷേക് ബാനർജിയുടെ ഓഫീസായ 9 കാമാക് സ്ട്രീറ്റ് എന്നിവിടങ്ങളിലെ സുരക്ഷയാണ് കുറച്ചത്. ബാരിക്കേഡുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
നേരത്തെ ഉണ്ടായിരുന്ന സിസർ ബാരിക്കേഡുകൾക്ക് പകരം സാധാരണ ഗാർഡ് റെയിലുകൾ സ്ഥാപിച്ചു. ഭരണം കൈവിട്ടതോടെ ഔദ്യോഗിക പദവികളുടെ ഭാഗമായി ലഭിച്ചിരുന്ന പ്രത്യേക പരിഗണനകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പൊലീസിന്റെ ഈ അടിയന്തര നീക്കം. 294 സീറ്റുകളിലേക്ക് നടന്ന ആവേശകരമായ പോരാട്ടത്തിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. നിലവിലെ ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകൾ മാത്രമാണ് നേടാനായത്. ഒരു സീറ്റിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുനർപോളിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ബംഗാളിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാഷ്ട്രീയ നാടകം തുടരുകയാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. രാജിവെക്കില്ലെന്നാണ് മമത വ്യക്തമാക്കുന്നത്.
Adjust Story Font
16
