Quantcast

'370 രൂപയുടെ ബിരിയാണി പരമാർശം'; സ്റ്റാൻഡ് അപ് കൊമേഡിയനും കാണിക്കുമെതിരെ കേസെടുത്ത് വനിത കമ്മീഷനും സൈബർ പൊലീസും

ഗുരുഗ്രാമിലെ ഷോയ്ക്കിടെ കൊമേഡിയൻ പ്രണിത് മോറെ കാണികളിലൊരാളായ ഹിമാൻഷു ജാൻഗ്രയുമായി നടത്തിയ സംഭാഷം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം വിവാദമായത്

MediaOne Logo
370 രൂപയുടെ ബിരിയാണി പരമാർശം; സ്റ്റാൻഡ് അപ് കൊമേഡിയനും കാണിക്കുമെതിരെ കേസെടുത്ത് വനിത കമ്മീഷനും സൈബർ പൊലീസും
X

ന്യൂഡൽഹി/മുംബൈ: ഗുരുഗ്രാമിൽ സ്റ്റാൻഡ്-അപ്പ് കോമഡി ഷോയ്ക്കിടെ സ്ത്രീത്വത്തെ അപമാനിച്ച സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറെയ്ക്കും കാണിയായ യുവാവിനുമെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. സോഷ്യൽ മീഡിയയിലൂടെ അശ്ലീലവും ആക്ഷേപകരവുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് മഹാരാഷ്ട്ര സൈബർ പൊലീസ് മുംബൈയിൽ ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഗുരുഗ്രാമിലെ ഷോയ്ക്കിടെ കൊമേഡിയൻ പ്രണിത് മോറെ കാണികളിലൊരാളായ ഹിമാൻഷു ജാൻഗ്രയുമായി നടത്തിയ സംഭാഷം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം വിവാദമായത്.

എന്താണ് വിവാദം?

സ്റ്റാൻഡപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ പരിപാടിയിലാണ് 23കാരനായ ഹിമാൻഷു ജാംഗ്ര വിവാദ പ്രസ്താവന നടത്തിയത്. ഒരു യുവതിയുമായുള്ള ഡേറ്റിങ്ങിൽ താൻ 370 രൂപയ്ക്ക് ബിരിയാണി വാങ്ങി നൽകിയെന്നും ഇത് മുതലാക്കാൻ യുവതിയെ ലൈംഗികമായി സമീപിച്ചെന്നുമായിരുന്നു വാക്കുകൾ.

താൻ പണം നൽകിയതുകൊണ്ട് അതിന് പകരമായി എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്. ചിലവാക്കിയ പണം എങ്ങനെയെങ്കിലും തിരിച്ചുപിടിക്കണമെന്ന ആഗ്രഹത്തിൽ ആ യുവതിക്ക് ഒട്ടും താല്പര്യമില്ലാതിരുന്നിട്ടും അവരെ ലൈംഗികമായി സമീപിച്ചു. യുവതിയോട് ചെയ്ത കാര്യങ്ങൾ വിവരിച്ചപ്പോൾ ഷോയിൽ പങ്കെടുത്തവരെല്ലാം ചിരിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വ്യാപക വിമർശനമുയരുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലെ പ്രതികരണം

ഈ വീഡിയോ പുറത്ത് വന്നതോടെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഈ സംഭവം ഗുരുതരമായ ലൈംഗികാതിക്രമമാണെന്നും ചിരിക്കാനുള്ള തമാശയല്ലെന്നും പലരും ചൂണ്ടിക്കാട്ടി. അതിക്രമത്തെ വിനോദമാക്കി മാറ്റുന്ന ക്രൂരതയാണെന്നാണ് പലരും പ്രതികരിച്ചത്. പണം ചെലവാക്കുന്നത് അതിക്രമം നടത്താനുള്ള അധികാരമാണെന്നാണോ പുതിയ തലമുറ മനസ്സിലാക്കിയിരിക്കുന്നത് എന്നും ചോദ്യമുയർന്നു. ചർച്ചകൾ പല തലങ്ങളിലേക്ക് വ്യാപിക്കുകയും #BiryaniIsNotConsent എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തു.

മാപ്പു പറഞ്ഞ് ഹിമാൻഷുവും പ്രണിത് മോറും

സംഭവം വിവാദമായതോടെ കൊമേഡിയൻ പ്രണിത് മോറും പ്രസ്താവന നടത്തിയ ടെക്കി ഹിമാൻഷു ജാംഗ്രയും മാപ്പുപറഞ്ഞു. പരിപാടിക്കിടെ ഹിമാൻഷുവിന്റെ കമന്റ് കേട്ട് പ്രണിത് മോറെ ചിരിക്കുന്നത് വിഡിയോയിലുണ്ടായിരുന്നു. ഇതോടെയാണ് പ്രണിത് മോറെക്കും വിമർശനമേൽക്കേണ്ടിവന്നത്. സംഭവം വിവാദമായതോടെ പ്രണിതും ഹിമാൻഷുവും സോഷ്യൽ മീഡിയയിലൂടെ ക്ഷമാപണം നടത്തുകയും ഹിമാൻഷു തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു. തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വിവേചനക്കുറവാണെന്നും തത്സമയം പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നുമാണ് പ്രണീത് മോറെ ക്ഷമാപണത്തിൽ പറഞ്ഞത്. 'ചിരിച്ച് തള്ളുന്നതിനു പകരം ആ പരാമർശത്തെ ഞാൻ ചോദ്യം ചെയ്യണമായിരുന്നു. അത് എന്റെ ഭാഗത്തുനിന്നുണ്ടായ വലിയൊരു വീഴ്ചയാണ്' -പ്രണീത് മോറെ വിശദീകരിച്ചു.

ഹിമാൻഷുവിനെ പുറത്താക്കി കമ്പനി

വിവാദത്തിനൊടുവിൽ ഗുഡ്ഗാവിലെ സ്റ്റാർവിക് ഡിസൈൻ എന്ന സ്ഥാപനമാണ് വെബ് ഡെവലപ്പറായ ഹിമാൻഷുവിനെ പിരിച്ചുവിട്ടത്. ഹിമാൻഷു ഓഫീസിൽ തികച്ചും പ്രൊഫഷണലായാണ് പെരുമാറിയിരുന്നതെന്ന് സാക്ഷ്യപ്പെടുത്തിയെങ്കിലും, ഓഫീസിന് പുറത്തുള്ള പെരുമാറ്റം സ്ഥാപനത്തിന്റെ പ്രതിച്ഛായയെയും തൊഴിൽ അന്തരീക്ഷത്തെയും ബാധിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് കമ്പനി സ്ഥാപകൻ വിവേക് വിശ്വകർമ്മ പറഞ്ഞു. തെറ്റുകൾക്ക് എപ്പോഴും പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും എന്നാൽ അവ സ്വയം ചിന്തിക്കാനും തിരുത്താനുമുള്ള അവസരമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

TAGS :

Next Story