ഗർഭിണിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തി കാമുകൻ, കത്തി വലിച്ചൂരി കാമുകനെ കുത്തി ഭർത്താവ്; ഡൽഹിയിൽ ഇരട്ടക്കൊലപാതകം
പരിക്കേറ്റ മൂവരെയും യുവതിയുടെ സഹോദരൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശാലിനിയും ആഷുവും മരണപ്പെട്ടു

ഇടത്തുനിന്ന് ആകാശ്, ശാലിനി, ആഷു|Photo|Special Arrangement
ന്യൂഡൽഹി: നാടിനെ നടുക്കി ഡൽഹി രാംനഗറിൽ രണ്ടുകൊലപാതകങ്ങൾ. വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഗർഭിണിയായ യുവതിയെ നടുറോഡിൽ വച്ച് കാമുകൻ കുത്തിക്കൊലപ്പെടുത്തി. പിന്നാലെ യുവതിയുടെ ഭർത്താവ് കാമുകനെ ഇതേ കത്തി കൊണ്ടു തന്നെ കുത്തിക്കൊലപ്പെടുത്തി. ഇതിനിടെ ഉണ്ടായ സംഘർഷത്തിൽ യുവതിയുടെ ഭർത്താവിനും പരിക്കേറ്റു. 22 കാരിയായ ശാലിനി രണ്ട് പെൺകുട്ടികളുടെ അമ്മയാണ്. ഓട്ടോറിക്ഷാ ഡ്രൈവറായ ശാലിനുയുടെ ഭർത്താവ് ആകാശ് (23) ആശുപത്രിയിൽ ചികിത്സയിലാണ്. ശാലിനിയുമായി ബന്ധമുണ്ടായിരുന്ന ആശു എന്ന ശൈലേന്ദ്ര (34)യാണ് ശാലിനിയെ കൊലപ്പെടുത്തിയത്.
ഭർത്താവിനൊപ്പം താമസിക്കരുതെന്ന ശൈലേന്ദ്രയുടെ തീരുമാനം ശാലിനി എതിർത്തതാണ് യുവതിക്ക് നേരെ ആക്രമണത്തിന് കാരണം. പരിക്കേറ്റ മൂവരെയും യുവതിയുടെ സഹോദരൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശാലിനിയും ആഷുവും മരണപ്പെട്ടു. പരിക്കേറ്റ ആകാശ് എൽഎംസിഎച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
ഡൽഹിയിലെ നബികരീം പ്രദേശത്ത് ശനിയാഴ്ച്ച രാത്രി 10.15ഓടെയായിരുന്നു സംഭവം. ശാലിനിയും ആകാശും ശാലിനിയുടെ അമ്മയെ കാണുന്നതിനായി പോയതായിരുന്നു. ഇവിടേക്ക് എത്തിയ ആഷു കത്തി ഉപയോഗിച്ച് ആകാശിനെ ആക്രമിച്ചു. ഇതിൽ നിന്ന് ആകാശ് രക്ഷപ്പെടുമ്പോഴേക്കും ആഷു റിക്ഷയിൽ ഇരുന്ന ശാലിനിയെ കുത്തുകയായിരുന്നു. കത്തി ഉപയോഗിച്ച് പലതവണ ശാലിനിയെ ആഷു കുത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ശാലിനിയെ ആക്രമിക്കുന്നത് തടയാൻ എത്തിയപ്പോളാണ് ആകാശിനും കുത്തേറ്റത്. പിന്നീടുണ്ടായ പിടിവലിയിൽ കത്തി വരുതിയിലാക്കിയ ആകാശ് ആഷുവിനെ കുത്തി. ഉടൻ തന്നെ ശാലിനിയുടെ സഹോദരൻ രോഹിത് മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ആഷുവിനെയും ശാലിനിയെയും രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ രണ്ടുപേരും മരിച്ചതായി ഡോക്ടർമാർ പറഞ്ഞു.
ശാലിനിക്കും ആകാശിനും രണ്ട് മക്കളാണുള്ളത്. കുറച്ച് കാലങ്ങളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. വീണ്ടും ഒരുമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ആകാശുമായി അകന്ന് കഴിഞ്ഞ സമയത്ത് ശാലിനിയും ആഷുവും ഡൽഹിക്ക് പുറത്ത് ലിവ് ഇൻ ടുഗതറിലായിരുന്നുവെന്ന്‌റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശാലിനി ഭർത്താവിനരികിലേക്ക് തിരികെ പോയതാണ് ആഷുവിനെ ചൊടിപ്പിച്ചത്. ഗർഭസ്ഥ ശിശു തന്റേതാണെന്നും തനിക്കൊപ്പം ജീവിക്കണമെന്നുമായിരുന്നു ആഷുവിന്റെ ആവശ്യം.
ആഷുവിന്റെയും ആകാശിന്റെയും പേരിൽ മുമ്പും ക്രിമിനൽ കേസുകൾ ഉണ്ടായിട്ടുണ്ട്. ശിലിനിയുടെ അമ്മ ഷീലയുടെ മൊഴിയിൽ ആകാശിനെതിരെ കൊലപാതകത്തിനും കൊലപാതക ശ്രമത്തിനുമടക്കം കേസെടുത്തിട്ടുണ്ട് സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.
Adjust Story Font
16

