'പ്രിയങ്കയുടെ ജന്മദിനത്തിൽ 100 ദിവസത്തെ കർമപരിപാടി'; യുപിയിൽ പ്രതാപം തിരിച്ചുപിടിക്കാൻ നിർണായക നീക്കങ്ങളുമായി കോൺഗ്രസ്
പ്രധാന പ്രചാരണ പരിപാടികളെ പ്രിയങ്കയുമായി ബന്ധിപ്പിക്കുന്നതിലൂടെ, 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ നിർണായക പങ്കുവഹിക്കുമെന്ന സൂചനയാണ് യുപി കോൺഗ്രസ് നൽകുന്നത്

- Published:
12 Jan 2026 6:56 PM IST

ലഖ്‌നൗ: കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി 2019ൽ പ്രിയങ്കാ ഗാന്ധി നിയമിതയായപ്പോൾ, 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ നേട്ടമുണ്ടാക്കാനാവുമെന്നാണ് ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, വെറും രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങിയ വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിടേണ്ടിവന്നത്. ഇതിന് ശേഷം 2023 അവസാനത്തോടെ പ്രിയങ്ക യുപി രാഷ്ട്രീയത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയായിരുന്നു.
രണ്ട് വർഷത്തിന് ശേഷം വയനാട് എം.പി കൂടിയായ പ്രിയങ്കയുടെ ജന്മദിനമായ ഇന്ന് യുപി കോൺഗ്രസ് 100 ദിവസത്തെ ജനസമ്പർക്ക പരിപാടി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. ഇതിന് പുറമെ, പാർട്ടിയുടെ ഒബിസി വിഭാഗം സാമൂഹിക നീതി ഉയർത്തിക്കാട്ടിക്കൊണ്ട് ഒരു വർഷം നീണ്ടുനിൽക്കുന്ന 'പരിവർത്തൻ പ്രതിജ്ഞ' പ്രചാരണത്തിനും തുടക്കം കുറിക്കും. ഉത്തർപ്രദേശിലെ പാർട്ടി കാര്യങ്ങളിൽ പ്രിയങ്കാ ഗാന്ധി വീണ്ടും സജീവമാവുകയാണ്. കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച കോൺഗ്രസിന്റെ 'എംജിഎൻആർഇജിഎ ബച്ചാവോ അഭിയാൻ' പദ്ധതിയുടെ ശിൽപി പ്രിയങ്കയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വന്ദേമാതരം സംവാദത്തിനിടെ പാർലമെന്റിൽ പ്രിയങ്ക നടത്തിയ പ്രസംഗവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതോടെ പ്രിയങ്കയെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
തങ്ങളുടെ പ്രധാന പ്രചാരണ പരിപാടികളെ പ്രിയങ്കയുമായി ബന്ധിപ്പിക്കുന്നതിലൂടെ, 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ നിർണായക പങ്കുവഹിക്കുമെന്ന സൂചനയാണ് യുപി കോൺഗ്രസ് നൽകുന്നത്. 100 ദിവസത്തെ കർമപദ്ധതിയാണ് കോൺഗ്രസ് ആസൂത്രണം ചെയ്യുന്നത്. സംസ്ഥാനത്തെ 20 പ്രധാന ജില്ലാ-നഗര യൂണിറ്റുകളിലായി മുതിർന്ന നേതാക്കൾ ഈ പദ്ധതിക്ക് തുടക്കം കുറിക്കും. 'സംവിധാൻ സംവാദ് മഹാപഞ്ചായത്തുകൾ' എന്ന പേരിൽ പൊതുയോഗങ്ങളും റാലികളും സംഘടിപ്പിക്കും. ഭരണഘടനാ അവകാശങ്ങൾ, വോട്ടർപട്ടിക പുതുക്കലിലെ വിവാദങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങൾ എന്നിവ ഇതിൽ പ്രധാന വിഷയങ്ങളാകും. സമിനാറുകളും തെരുവുയോഗങ്ങളും വഴി പ്രാദേശിക പ്രശ്‌നങ്ങളിൽ ജനങ്ങളിലേക്ക് എത്തും. ലഖ്നൗവിൽ നടക്കുന്ന വൻ റാലിയോടെയാണ് ഈ പ്രചാരണ പരിപാടികൾ അവസാനിക്കുക. ഇതിൽ പ്രിയങ്കാ ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുക്കുമെന്നാണ് യുപി കോൺഗ്രസ് നേതാക്കൾ പറയുന്നത്.
'ദീർഘനാളത്തെ ഇടവേളക്ക് ശേഷമാണ് പാർട്ടി സംസ്ഥാനത്ത് ഇത്തരമൊരു സംഘടിത പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ഒരു വർഷത്തോളമായി സംഘടനയെ ശക്തിപ്പെടുത്തുന്ന തിരക്കിലായിരുന്നു ഞങ്ങൾ. പ്രിയങ്കാ ഗാന്ധിയുടെ ജന്മദിനത്തിൽ പ്രഖ്യാപിക്കുന്ന ഈ 100 ദിവസത്തെ കർമപദ്ധതി 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഞങ്ങളുടെ ആദ്യ പടിയാണ്'- ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
നേരത്തെ യുപിയിൽ ഉണ്ടായിരുന്നപ്പോൾ യോഗി ആദിത്യനാഥിനെതിരെയുള്ള കോൺഗ്രസിന്റെ പോരാട്ടമുഖമായിരുന്നു പ്രിയങ്ക. 'ലഡ്കി ഹൂം, ലഡ് ശക്തി ഹൂം' (ഞാൻ ഒരു പെൺകുട്ടിയാണ്, എനിക്ക് പോരാടാൻ കഴിയും) എന്ന ക്യാമ്പയിനും ലഖിംപൂർ ഖേരി അക്രമത്തിനെതിരെയുള്ള പ്രതിഷേധങ്ങളും അവരെ ശ്രദ്ധേയയാക്കിയിരുന്നു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം ഊർജമാക്കി, പ്രിയങ്കയെ മുൻനിർത്തി 2027ൽ തങ്ങളുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ്് കോൺഗ്രസ്.
Adjust Story Font
16
