Quantcast

'ഗാന്ധിയുടെ നാട്ടിൽ ഗാന്ധി ഘാതകനെ ഹീറോ ആക്കാൻ അനുവദിക്കില്ല'; ഗുജറാത്തിൽ ഗോഡ്‌സെ നാടകത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം; ഷോ റദ്ദാക്കി

​'ഗോഡ്സെ മുർദാബാദ്', '​ഗാന്ധിജി മരിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു നാടക വേദികളിൽ പ്രതിഷേധം.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-02-10 10:25:40.0

Published:

10 Feb 2026 3:51 PM IST

Protests erupt over I am Nathuram Godse play in Gujarat shows cancelled
X

അഹമ്മദാബാദ്: ​ഗുജറാത്തിൽ‌ ​ഗാന്ധി ഘാതകൻ നാഥുറാം ​ഗോഡ്സെയെ പ്രകീർത്തിക്കുന്ന നാടകത്തിന്റെ പ്രദർശനത്തിനെതിരെ കോൺ​ഗ്രസ് പ്രതിഷേധം. 'ഐ ആം നാഥുറാം ​ഗോഡ്സെ' എന്ന നാടകം സ്റ്റേജിലെത്തിയതിനു പിന്നാലെയാണ് കോൺഗ്രസിന്റെയും യൂത്ത് കോൺ​ഗ്രസിന്റെയും എൻ‌എസ്‌യു‌ഐയുടേയും നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ പ്രതിഷേധം അലയടിച്ചത്. പ്രതിഷേധം ശക്തമായതോടെ വിവിധയിടങ്ങളിൽ നാടകത്തിന്റെ ഷോ റദ്ദാക്കി.

രാജ്കോട്ട്, ജാംനഗർ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പ്രദർശനം റദ്ദാക്കിയത്. മഹാത്മാഗാന്ധിയുടെ നാട്ടിൽ അദ്ദേഹത്തിന്റെ ഘാതകനെ നായകനാക്കിയുള്ള നാടകം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

​'ഗോഡ്സെ മുർദാബാദ്', '​ഗാന്ധിജി മരിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് നാടക വേദികളിൽ കോൺ​ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. നാടകത്തിന്റെ തിരശ്ശീല ഉയരുന്നതിന് മുമ്പുതന്നെ പ്രതിഷേധം അരങ്ങേറുകയായിരുന്നു. അഹമ്മാദാബാദിൽ മുനിസിപ്പൽ കോർപറേഷനു കീഴിലുള്ള പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് ഹാളിലായിരുന്നു നാടകം തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രദർശനം റദ്ദാക്കുകയായിരുന്നു.

നാടകത്തിന്റെ 75 ശതമാനം ടിക്കറ്റുകളും ഓൺലൈൻ വഴിയാണ് വിറ്റിരുന്നത്. ​ഗാന്ധിയുടെ ​ഗുജറാത്തിൽ അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ​ഗോഡ്സെയെ ഹീറോ ആക്കാൻ അനുവദിക്കില്ലെന്ന് കോൺ​ഗ്രസ് വക്താവ് പാർഥിവ്‌രാജ്‌സിങ് കത്‌വാഡിയ പറഞ്ഞു. ഗാന്ധിയെ കൊന്നയാളെ എങ്ങനെയാണ് മഹാനാക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു.

ഗാന്ധിയെ സ്വന്തം മനഃസാക്ഷിയായി കണക്കാക്കുന്ന ഒരു സംസ്ഥാനത്ത് അദ്ദേഹത്തിന്റെ ധാർമികവും രാഷ്ട്രീയവുമായ പാരമ്പര്യത്തെ പ്രതിരോധിക്കാനാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപിതാവിന്റെ ഘാതകനും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയുമായ ഗോഡ്‌സെയെ നായകനാക്കുന്ന നാടകം ഗാന്ധിജിയുടെ ജന്മനാട്ടിൽ എങ്ങനെ അനുവദിക്കാൻ കഴിയും?- അദ്ദേഹം ചോദിച്ചു. ​​

ഗോഡ്സെ നാടകം ഒരു ഒറ്റപ്പെട്ട സാംസ്കാരിക പരിപാടിയല്ല, മറിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബോധപൂർവമായ ഇടപെടലാണ്. രാഷ്ട്രത്തിന് മഹാത്മാഗാന്ധിയെ സമ്മാനിച്ച സംസ്ഥാനത്ത് അദ്ദേഹത്തിന്റെ ഘാതകനെ മഹത്വവത്ക്കരിക്കാൻ അധികൃതർ എന്തിനാണ് അനുമതി നൽകിയതെന്നും അദ്ദേഹം ചോദിച്ചു. ഗാന്ധിജിയുടെ പ്രത്യയശാസ്ത്ര സ്വാധീനം ദുർബലപ്പെടുത്താനുള്ള ​ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഇത്തരം നാടകങ്ങളെന്നും കോൺഗ്രസ് ആരോപിച്ചു.

TAGS :

Next Story