Quantcast

'പിണറായിയെ കെട്ടിപ്പിടിക്കാനാവില്ല, അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടം തുടരും, ഇന്‍ഡ്യാ സഖ്യം ഒന്നിച്ച് നില്‍ക്കണം': രാഹുല്‍ ഗാന്ധി

പ്രാദേശികമായ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി വേണം ഇന്‍ഡ്യാ സഖ്യം മുന്നോട്ട് പോകാനെന്ന് രാഹുല്‍

MediaOne Logo

Web Desk

  • Updated:

    2026-06-12 14:21:12

Published:

12 Jun 2026 5:47 PM IST

Why havent you sacked education minister Rahul Gandhi
X

ന്യൂഡല്‍ഹി: ദേശീയതലത്തില്‍ ഇന്‍ഡ്യാ സഖ്യം ഒന്നിച്ചുനിന്ന് പോരാടണമെന്നും അതേസമയം സഖ്യത്തിലെ ഓരോ പാര്‍ട്ടിക്കും അവരവരുടേതായ നിലപാടുണ്ടെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പിണറായി വിജയനെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞാല്‍ അതിന് തനിക്ക് കഴിയില്ലെന്നും അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടം തുടരുകയാണെന്നും രാഹുല്‍ പറഞ്ഞു. പ്രാദേശികമായ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി വേണം ഇന്‍ഡ്യാ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും ജൂണ്‍ എട്ടിന് നടന്ന ഇന്‍ഡ്യാ സഖ്യത്തിന്റെ യോഗത്തിലെ പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ രാഹുല്‍ ഗാന്ധി പ്രസംഗം പുറത്തുവിട്ടിട്ടുണ്ട്.

നിലവിലെ കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. പ്രതിപക്ഷത്തെ തകര്‍ക്കാനും ദുര്‍ബലമാക്കാനും സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യും. അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാന്‍ ഇന്‍ഡ്യാ സഖ്യത്തിന് സാധിക്കും. സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെതിരെ ഉന്നയിക്കുന്ന എല്ലാ വിമര്‍ശനങ്ങളെയും പൂര്‍ണ്ണ സന്തോഷത്തോടെയും പുഞ്ചിരിയോടെയും സ്വീകരിക്കാന്‍ താന്‍ തയ്യാറാണ്. സഖ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്തുകയെന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ചുമതല -രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും ഉള്ള പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളിലേക്ക് വരുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഊന്നിനിന്നുകൊണ്ട് സംസാരിക്കേണ്ടിവരും. അതില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല. മുന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാന്‍ തനിക്ക് കഴിയില്ല. അതിന് താന്‍ തയ്യാറല്ല. അദ്ദേഹവുമായി തനിക്ക് വ്യക്തമായ രാഷ്ട്രീയ പോരാട്ടമുണ്ട്. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് വേണം ഇന്‍ഡ്യാ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാന്‍.

ഭയം വെടിഞ്ഞ് എല്ലാവരും ഒറ്റക്കെട്ടായി പ്രതിരോധത്തിന്റെ പാത സ്വീകരിച്ചാല്‍ ബിജെപിയെ പരാജയപ്പെടുത്തുക എളുപ്പമാണ്. ഇന്‍ഡ്യാ സഖ്യത്തിലെ പല നേതാക്കള്‍ക്കും തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയെപ്പറ്റിയോ അട്ടിമറിയെക്കുറിച്ചോ ഇപ്പോഴും ഉറപ്പില്ലെങ്കിലും തനിക്ക് പൂര്‍ണ ഉറപ്പുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിക്ക് തന്റെ സംസ്ഥാനത്ത് വോട്ട് ചോര്‍ന്നതില്‍ 90 ശതമാനം മാത്രമാണ് സംശയമുള്ളത്. ഉദ്ധവ് താക്കറെക്കും തേജസ്വി യാദവിനും 40 ശതമാനമേ സംശയമുള്ളൂ. എന്നാല്‍, രാജ്യത്ത് തെരഞ്ഞെടുപ്പ് പൂര്‍ണമായും അട്ടിമറിക്കപ്പെടുന്നുണ്ടെന്നും അതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും രാഹുല്‍ പറഞ്ഞു. പരമ്പരാഗതമായ പഴയ രാഷ്ട്രീയ ശൈലികള്‍ വിജയിക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി കക്ഷികള്‍ മനസ്സിലാക്കണമെന്നും ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ബിജെപിക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.

TAGS :

Next Story