രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ്: ആപ്പും സിപിഎമ്മും നേട്ടമുണ്ടാക്കിയപ്പോൾ കോൺഗ്രസിന് അടിതെറ്റിയത് എന്തുകൊണ്ട്?
പരമ്പരാഗത ദ്വിധ്രുവ രാഷ്ട്രീയ നിലനിൽക്കുന്ന രാജസ്ഥാനിൽ ബിജെപിക്ക് ശക്തമായ ബദലായി കോൺഗ്രസിന് നിലയുറപ്പിക്കാൻ കഴിയാത്ത ഇടങ്ങളിലാണ് ഇരുപാർട്ടികളും നേട്ടമുണ്ടാക്കിയത്

- Published:
14 Sept 2026 6:39 PM IST

ജയ്പൂർ: രാജസ്ഥാൻ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിക്കും പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനും അപ്രതീക്ഷിത തിരിച്ചടി നൽകി ആം ആദ്മി പാർട്ടിക്കും സിപിഎമ്മിനും ചരിത്ര മുന്നേറ്റം. ബാരൻ മുനിസിപ്പൽ കൗൺസിലിൽ ആം ആദ്മി പാർട്ടിയും ബിക്കാനീർ ജില്ലയിലെ നോഖ നഗരപാലികയിൽ സിപിഎമ്മും ഭരണം പിടിച്ചെടുത്തു. പരമ്പരാഗത ദ്വിധ്രുവ രാഷ്ട്രീയ നിലനിൽക്കുന്ന രാജസ്ഥാനിൽ ബിജെപിക്ക് ശക്തമായ ബദലായി കോൺഗ്രസിന് നിലയുറപ്പിക്കാൻ കഴിയാത്ത ഇടങ്ങളിലാണ് ഇരുപാർട്ടികളും നേട്ടമുണ്ടാക്കിയത്.
ബാരനിൽ ചൂൽ വീശി ആം ആദ്മി പാർട്ടി
ബാരൻ മുനിസിപ്പൽ കൗൺസിലിലെ 60 വാർഡുകളിൽ 31 എണ്ണത്തിലും വിജയിച്ചാണ് ആം ആദ്മി പാർട്ടി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചത്. ഇവിടെ കോൺഗ്രസിന് 18 സീറ്റുകൾ മാത്രമാണ് നേടാനായത്; ബിജെപി ഒമ്പതിലേക്ക് ഒതുങ്ങി. രണ്ട് സ്വതന്ത്രരും വിജയിച്ചു. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് സാന്നിധ്യം താരതമ്യേന കുറഞ്ഞ എഎപിയെ സംബന്ധിച്ച് ഒരു മുനിസിപ്പൽ കൗൺസിലിൽ ഇരുമുന്നണികളെയും പിന്നിലാക്കി ഭരണം പിടിക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ പാർട്ടിക്ക് ലഭിച്ച നിർണായക ചുവടുവെപ്പാണ്. വിജയത്തെ തുടർന്ന് വിവിധ വാർഡുകളിൽ പ്രവർത്തകർ വലിയ ആഘോഷ പ്രകടനങ്ങൾ നടത്തി.
നോഖയിൽ ചെങ്കൊടി; കോൺഗ്രസിന് പൂജ്യം
ബിക്കാനീർ ജില്ലയിലെ നോഖ നഗരപാലികയിൽ വ്യക്തമായ ആധിപത്യം ഉറപ്പിച്ചാണ് സിപിഎം വിജയം സ്വന്തമാക്കിയത്. ആകെ 45 വാർഡുകളിൽ 29 ലും സിപിഎം വിജയിച്ചു. ബിജെപി 13 സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ കോൺഗ്രസിന് ഒറ്റ വാർഡിൽ പോലും വിജയിക്കാനായില്ല; മൂന്ന് സീറ്റിൽ സ്വതന്ത്രർ ജയിച്ചു. ഇതോടെ ഭരണ സമിതി രൂപീകരിക്കാൻ സിപിഎം തയ്യാറെടുക്കുകയാണ്.
ജനകീയ വിഷയങ്ങളിലും പ്രാദേശിക വികസന പ്രശ്‌നങ്ങളിലും നടത്തിയ നിരന്തര ഇടപെടലുകളാണ് വിജയത്തിന് വഴിയൊരുക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കിഷൻ പരീഖ് പ്രതികരിച്ചു. ബിജെപിക്കെതിരായ ജനവികാരവും കോൺഗ്രസിന്റെ അസാന്നിധ്യവും ജനങ്ങൾ സിപിഎമ്മിനെ ഒരു ബദലായി കാണാൻ കാരണമായെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തുടനീളം 192 സ്ഥാനാർഥികളെ നിർത്തിയ സിപിഎമ്മിന് നാൽപ്പതോളം ഇടങ്ങളിൽ ജയിക്കാൻ സാധിച്ചതായും നേതൃത്വം അറിയിച്ചു.
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 'ഇൻഡ്യ' മുന്നണിയുടെ ഭാഗമായി സികർ മണ്ഡലത്തിൽ നിന്ന് സിപിഎമ്മിന്റെ അമ്രാ റാം വിജയിച്ചിരുന്നു. ഇതിന് പിന്നാലെ നോഖയിലെ മുനിസിപ്പൽ വിജയവും രാജസ്ഥാന്റെ പ്രാദേശിക തലങ്ങളിൽ ഇടതുപക്ഷ സാന്നിധ്യം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
സിക്കാർ, ജാലാവാർ തുടങ്ങിയ ചില പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം നിലനിർത്താൻ കോൺഗ്രസിന് കഴിഞ്ഞെങ്കിലും, മുൻസിപ്പാലിറ്റികളിലും കൗൺസിലുകളിലും പ്രതിപക്ഷത്തിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റുന്നതിൽ പാർട്ടി പിന്നോട്ടുപോയി.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ ജനവികാരം പൂർണമായി സമാഹരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നിൽ പ്രധാനമായും നാല് കാരണങ്ങളാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
- സംഘടനാപരമായ ദൗർബല്യം: താഴെത്തട്ടിൽ ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനത്തിലും കേഡർ പ്രവർത്തനത്തിലും വന്ന ആലസ്യം വോട്ടെടുപ്പ് ഏകോപനത്തെ ബാധിച്ചു.
- ഉൾപ്പാർട്ടി തർക്കങ്ങളും സ്ഥാനാർഥി നിർണയവും: ഗ്രൂപ്പ് സമവാക്യങ്ങൾക്ക് മുൻഗണന നൽകി ജനപിന്തുണയുള്ള പ്രാദേശിക നേതാക്കളെ അവഗണിച്ചത് പലയിടത്തും വിമത ശല്യത്തിനും വോട്ട് ചോർച്ചയ്ക്കും കാരണമായി.
- നഗര-അർധനഗര വികാരം ഒപ്പിയെടുക്കുന്നതിലെ പരാജയം: ജലക്ഷാമം, നഗര ശുചിത്വം, പ്രാദേശിക നികുതികൾ തുടങ്ങിയ ദൈനംദിന വിഷയങ്ങളിൽ ഭരണകൂടത്തിനെതിരെ ശക്തമായ രാഷ്ട്രീയ പ്രചാരണം അഴിച്ചുവിടാൻ പാർട്ടിക്ക് കഴിഞ്ഞില്ല.
- ജനങ്ങളിലെ വിശ്വാസ്യതക്കുറവ്: ബിജെപിയുടെ ഭരണത്തിനെതിരായ അസംതൃപ്തി സ്വാഭാവികമായി കോൺഗ്രസിലേക്ക് ഒഴുകുമെന്ന അമിത ആത്മവിശ്വാസം തിരിച്ചടിയായി. ജനങ്ങൾ കോൺഗ്രസിന് പകരം മറ്റ് ആധികാരിക പ്രതിപക്ഷ സ്വരങ്ങളെ തേടുകയായിരുന്നു.
Adjust Story Font
16
