Quantcast

റോഡിൽ നിന്നും കിട്ടിയ 45 പവൻ തിരികെ നൽകിയ ശുചീകരണ തൊഴിലാളിക്ക് സ്വര്‍ണമാല സമ്മാനിച്ച് രജനികാന്ത്

ചെന്നൈയിലെ ടി. നഗർ പ്രദേശത്ത് റോഡ് വൃത്തിയാക്കുന്നതിനിടെയാണ് പത്മയ്ക്ക് ചപ്പുചവറുകള്‍ക്കിടയില്‍ നിന്ന് ഒരു ബാഗ് ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    4 Feb 2026 12:26 PM IST

റോഡിൽ നിന്നും കിട്ടിയ 45 പവൻ തിരികെ നൽകിയ ശുചീകരണ തൊഴിലാളിക്ക് സ്വര്‍ണമാല സമ്മാനിച്ച് രജനികാന്ത്
X

ചെന്നൈ: റോഡില്‍ നിന്ന് കിട്ടിയ 45 പവൻ ഉടമക്ക് തിരികെ നല്‍കിയ സത്യസന്ധതക്ക് തലൈവരുടെ അഭിനന്ദനം. ശുചീകരണ തൊഴിലാളിയായ പത്മയെ ചെന്നൈയിലെ തന്‍റെ വസതിയിലേക്ക് വിളിച്ചുവരുത്തിയാണ് രജനികാന്ത് അഭിനന്ദിച്ചത്. സ്വര്‍ണം തിരികെ നൽകിയ പത്മക്ക് ഒരു സ്വര്‍ണമാല കൂടി സമ്മാനിച്ചു.

കഴിഞ്ഞ ജനുവരി 11-ന് ചെന്നൈയിലെ ടി. നഗർ പ്രദേശത്ത് റോഡ് വൃത്തിയാക്കുന്നതിനിടെയാണ് പത്മയ്ക്ക് ചപ്പുചവറുകള്‍ക്കിടയില്‍ നിന്ന് ഒരു ബാഗ് ലഭിച്ചത്. ബാഗ് തുറന്നുനോക്കിയപ്പോൾ അതില്‍ നിന്ന് ഏകദേശം 45 പവൻ സ്വർണാഭരണങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് പത്മ മേലധികാരികളെ വിവരമറിയിക്കുകയും അടുത്തുള്ള പോണ്ടി ബസാർ പൊലീസ് സ്റ്റേഷനില്‍ സ്വർണം അടങ്ങിയ ബാഗ് ഏല്‍പ്പിക്കുകയും ചെയ്തു. പൊലീസ് സ്വർണം യഥാർഥ ഉടമയ്ക്ക് കൈമാറി.

പത്മയുടെ ഈ നിസ്വാർഥമായ പ്രവൃത്തിയെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം പത്മയെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു. പത്മയുടെ ജീവിതം സമൂഹത്തിന് ഒരു വലിയ പാഠമാണെന്നും ഇന്നത്തെ തിരക്കുപിടിച്ച ലോകത്തും മനുഷ്യത്വം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണിതെന്നും നടൻ രജനികാന്ത് പറഞ്ഞു. അദ്ദേഹം പത്മയെ ആദരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

നേരത്തെ തന്‍റെ പേരിൽ ഹോട്ടൽ നടത്തുന്ന ആരാധകൻ ശേഖറിനെ രജനി കാണുകയും ആദരിക്കുകയും ചെയ്തിരുന്നു. എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് രൂപക്കാണ് ശേഖര്‍ പെറോട്ട വിറ്റുകൊണ്ടിരുന്നത്.

രജനീകാന്ത് ഇപ്പോൾ നെൽസൺ ദിലീപ്കുമാറിനൊപ്പം ജയിലർ 2 എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ്. 2023 ലെ ഹിറ്റായ ജയിലറിന്റെ രണ്ടാം ഭാഗത്തിൽ രമ്യ കൃഷ്ണൻ, മോഹൻലാൽ, ശിവ രാജ്കുമാർ എന്നിവർ വീണ്ടും അഭിനയിക്കുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ കീഴിൽ കമൽ ഹാസൻ നിർമിച്ച് സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന കോമഡി ചിത്രവും അണിയറയിലൊരുങ്ങുന്നുണ്ട്.

TAGS :

Next Story