ഇക്കാര്യം പരിഹരിച്ചാൽ നിതീഷ് കുമാർ സർക്കാരിന് പിന്തുണ നൽകാം...; നിലപാട് വ്യക്തമാക്കി അസദുദ്ദീൻ ഉവൈസി
തലസ്ഥാനമായ പട്നയിലും ടൂറിസ്റ്റ് ഹോട്ട്സ്പോട്ടായ രാജ്ഗിറിലും മാത്രം വികസനം ഒതുങ്ങിയാൽ പോരെന്നും ഉവൈസി പറഞ്ഞു.

Photo| India Today
പട്ന: ഒരു കാര്യം അംഗീകരിച്ചാൽ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് പിന്തുണ നൽകാമെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി എംപി. സീമാഞ്ചൽ മേഖലയ്ക്ക് നീതി ലഭിച്ചാൽ പിന്തുണയ്ക്കാമെന്നാണ് ഉവൈസിയുടെ ഉറപ്പ്. അമൗറിൽ നടന്ന പൊതുപരിപാടിയിലാണ് ഉവൈസി നിലപാട് വ്യക്തമാക്കിയത്.
ബിഹാറിൽ അഞ്ച് സീറ്റുകളിലാണ് മജ്ലിസ് പാർട്ടി വിജയിച്ചത്. ഇവയെല്ലാം സീമാഞ്ചൽ മേഖലയിലാണ്. ആർജെഡിക്കും കോൺഗ്രസിനും പോലും ഇവിടെ തിളങ്ങാനാവായില്ല. സീമാഞ്ചൽ മേഖലയിലെ തങ്ങളുടെ സ്വാധീനം ചൂണ്ടിക്കാട്ടിയാണ് ഉവൈസി എൻഡിഎ സർക്കാരിന് മുന്നിൽ വ്യവസ്ഥ മുന്നോട്ടുവച്ചത്.
തലസ്ഥാനമായ പട്നയിലും ടൂറിസ്റ്റ് ഹോട്ട്സ്പോട്ടായ രാജ്ഗിറിലും മാത്രം വികസനം ഒതുങ്ങിയാൽ പോരെന്നും ഉവൈസി പറഞ്ഞു. 'നിതീഷ് കുമാർ സർക്കാരിന് പിന്തുണ നൽകാൻ ഞങ്ങൾ തയാറാണ്. എന്നാൽ സീമാഞ്ചൽ മേഖലയ്ക്ക് നീതി കിട്ടണം'- ഉവൈസി വ്യക്തമാക്കി. 'എത്രകാലം എല്ലാം പട്നയിലും രാജ്ഗീറിലും മാത്രമായി കേന്ദ്രീകരിക്കും?. നദികളിലെ മണ്ണൊലിപ്പ്, വലിയ തോതിലുള്ള കുടിയേറ്റം, വ്യാപകമായ അഴിമതി എന്നിവയാൽ സീമാഞ്ചൽ കഷ്ടപ്പെടുകയാണ്. സർക്കാർ ഈ പ്രശ്നങ്ങൾ പരിഹരിക്കണം'- ഉവൈസി കൂട്ടിച്ചേർത്തു.
ഇത്തവണ, തന്റെ പാർട്ടിയിലെ എംഎൽഎമാരെ നിരീക്ഷിക്കുമെന്നും ഉവൈസി പറഞ്ഞു. 'ഞങ്ങളുടെ അഞ്ച് എംഎൽഎമാർ ആഴ്ചയിൽ രണ്ടുതവണ അവരവരുടെ മണ്ഡല ഓഫീസുകളിൽ ഇരുന്ന് അവരുടെ ലൈവ് വാട്ട്‌സ്ആപ്പ് ലൊക്കേഷൻ അടങ്ങിയ ഫോട്ടോ എനിക്ക് അയച്ചു തരും. അവർ എവിടെയാണെന്ന് ഇത് കൃത്യമായി കാണിക്കും. ആറു മാസത്തിനുള്ളിൽ ഇക്കാര്യം ആരംഭിക്കാൻ ഞങ്ങൾ ശ്രമിക്കും. ആറു മാസത്തിലൊരിക്കൽ ഞാനും ആ മണ്ഡലങ്ങൾ സന്ദർശിക്കാൻ ശ്രമിക്കും'- ഉവൈസി കൂട്ടിച്ചേർത്തു.
ബിഹാറിന്റെ വടക്കുകിഴക്കൻ മേഖലയായ സീമാഞ്ചലിലെ ജനസംഖ്യയിൽ കൂടുതലും മുസ്‌ലിംകളാണ്. സംസ്ഥാനത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നാണിത്. കോസി നദിയിൽ ജലനിരപ്പ് ഉയരുന്നതോടെ എല്ലാ വർഷവും വെള്ളപ്പൊക്കം നേരിടുന്ന പ്രദേശം കൂടിയാണിത്. സീമാഞ്ചലിലെ 80 ശതമാനം പേരും ഗ്രാമീണ മേഖലയിലാണ് കഴിയുന്നത്.
കിഷന്‍ഗഞ്ച്, പുര്‍ണിയ, അരാരിയ, കതിഹാര്‍ ജില്ലകളിലായി 24 മണ്ഡലങ്ങളാണ് സീമാഞ്ചല്‍ മേഖലയിലുള്ളത്. ഇതിൽ ഭൂരിഭാഗവും പിടിച്ചത് എൻഡിഎയാണ്. 14 സീറ്റുകളിലാണ് എൻഡിഎ വിജയിച്ചത്. ഇതിൽ ബിജെപി ഏഴ് സീറ്റുകൾ നേടിയപ്പോൾ ജെഡിയു അഞ്ചും ചിരാഗ് പാസ്വാന്റെ എൽജെപി (ആർവി) രണ്ടും സീറ്റും നേടി. മഹാസഖ്യത്തിന് കേവലം അഞ്ച് സീറ്റുകൾ മാത്രമാണ് നേടാനായത്.
അതായത് കോൺഗ്രസിന് നാല് സീറ്റും ആർജെഡിക്ക് ഒരു സീറ്റും. അപ്പോഴാണ് രണ്ട് മുന്നണികളുടേയും ഭാഗമല്ലാതിരുന്ന എഐഎംഐഎം അഞ്ച് സീറ്റുകൾ നേടി ശക്തി തെളിയിച്ചത്. 2020ലും അഞ്ച് സീറ്റുകളായിരുന്നു മജ്ലിസ് പാർട്ടിയുടെ സമ്പാദ്യം. ഇത്തവണ അതേ എണ്ണം അവർ നിലനിർത്തുകയായിരുന്നു.
Adjust Story Font
16

