Quantcast

ബിഹാറിൽ സ്ട്രോങ് റൂമിലെ സിസിടിവി കാമറകൾ പ്രവർത്തനരഹിതം; തെളിവുകൾ പുറത്തുവിട്ട് ആർജെഡിയും കോൺഗ്രസും

പല ജില്ലകളിലും സ്‌ട്രോങ് റൂമുകളിലെ സിസിടിവി കാമറകൾ പ്രവർത്തനരഹിതമാണെന്നും ഫലപ്രഖ്യാപനത്തിന് മുമ്പ് ബിഹാറിൽ വോട്ട് മോഷ്ടിക്കാൻ ഗൂഢാലോചന നടക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചു

MediaOne Logo

Web Desk

  • Updated:

    2025-11-13 11:07:36.0

Published:

13 Nov 2025 4:17 PM IST

ബിഹാറിൽ സ്ട്രോങ് റൂമിലെ സിസിടിവി കാമറകൾ പ്രവർത്തനരഹിതം; തെളിവുകൾ പുറത്തുവിട്ട് ആർജെഡിയും കോൺഗ്രസും
X

പട്ന: ബിഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ ഗുരുതര ആരോപണവുമായി ആർജെഡിയും കോൺഗ്രസും. മുസാഫർപൂർ ഉൾപ്പടെയുള്ള പല ജില്ലകളിലെയും സ്ട്രോങ് റൂമുകളിലെ സിസിടിവി കാമറകൾ പ്രവർത്തനരഹിതമാണെന്ന് ആർജെഡി നേതാവും ബിഹാർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവും ഇന്ത്യൻ നാഷണൽ കോൺഗ്രസും ആരോപിച്ചു. പല ജില്ലകളിലും സ്‌ട്രോങ് റൂമുകളിലെ സിസിടിവി കാമറകൾ പ്രവർത്തനരഹിതമാണെന്നും ഫലപ്രഖ്യാപനത്തിന് മുമ്പ് ബിഹാറിൽ വോട്ട് മോഷ്ടിക്കാൻ ഗൂഢാലോചന നടക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചു. പാർട്ടികളുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ ഇതിന്റെ തെളിവുകളും പുറത്തുവിട്ടു. പുറത്തുവിട്ട വിഡിയോയിൽ പ്രവർത്തന രഹിതമായ സിസിടിവി ദൃശ്യങ്ങൾ കാണാം.

നേരത്തെ വൈശാലി ജില്ലയിലെ ഹാജിപൂരിലെ ഒരു സ്‌ട്രോങ് റൂമിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായി ചൂണ്ടിക്കാണിച്ച് ആർജെഡി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വിവിധ നിയമസഭാ മണ്ഡലങ്ങളിലെ കാമറകൾ ഓരോന്നായി ഓഫ് ചെയ്തതായും രാത്രി വൈകി ഒരു പിക്കപ്പ് വാൻ പരിസരത്ത് പ്രവേശിക്കുന്നതും പോകുന്നതും കണ്ടതായും അവകാശപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പാർട്ടി ഔദ്യോഗിക X ഹാൻഡിലിൽ പോസ്റ്റ് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ വോട്ട് കള്ളൻ പ്രചാരണത്തിന്റെ മറവിൽ ദിവസങ്ങളായി ബിഹാറിൽ തമ്പടിച്ചിരിക്കുകയാണെന്നും വോട്ടെടുപ്പിൽ കൃത്രിമം നടന്നതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മാധ്യമങ്ങൾ സഹായിക്കുകയാണെന്നും ആർജെഡി പോസ്റ്റിൽ ആരോപിച്ചു.

എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ ആരോപണം തള്ളി ജില്ലാ ഭരണകൂടവും സംസ്ഥാന തെരഞ്ഞെടുപ്പ് വകുപ്പും. കാമറ ഒരു നിമിഷം പോലും ഓഫ് ചെയ്തിട്ടില്ലെന്നും സോഷ്യൽ മീഡിയയിലെ പോസ്റ്റ് പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഭരണകൂടം ഔദ്യോഗിക പോസ്റ്റിൽ പറഞ്ഞു. മുസാഫർപൂർ നിയമസഭാ വോട്ടെണ്ണൽ കേന്ദ്രത്തിൽ കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അവകാശപ്പെട്ടു. അതേസമയം, മുസാഫർപൂർ സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറ ഓഫ് ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഒരു വിഡിയോ ആർജെഡി പങ്കിട്ടു. ബിഹാറിലെ മറ്റ് നിരവധി ജില്ലകളിൽ നിന്നും സമാനമായ പരാതികൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ആർജെഡി ആരോപിച്ചു.

TAGS :

Next Story