'അഖിലേഷ് യാദവ് പറഞ്ഞു'; യുപി നിയമസഭയിലെ പാര്‍ട്ടി ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് സമാജ്‌വാദി എംഎല്‍എ
എല്ലാ രാഷ്ട്രീപാര്‍ട്ടികളിലും സ്ഥാനമാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സമാജ്‌വാദി എംഎല്‍എ കമാല്‍ അക്തര്‍

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലെ പാര്‍ട്ടി ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് സമാജ്‌വാദി എംഎല്‍എ കമാല്‍ അക്തര്‍. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജിയെന്ന് അക്തര്‍ പറയുന്നു.
ഈ സ്ഥാനമാറ്റം ആരും ആയുധമാക്കേണ്ട. അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം. അതിനുവേണ്ടിയാണ് അഖിലേഷ് യാദവ് തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതെന്നും കമാല്‍ അക്തര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ രാഷ്ട്രീപാര്‍ട്ടികളിലും സ്ഥാനമാറ്റങ്ങള്‍ ഉണ്ടാകുമെന്നും അക്തര്‍ പറഞ്ഞു.
ഒരാള്‍ സ്വയം ഒരു നേതാവായി കണക്കാക്കുമ്പോള്‍ മാത്രമേ ഇത്തരം കാര്യങ്ങളില്‍ അസ്വസ്ഥത ഉണ്ടാകുകയുള്ളുവെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.
മൊറാദാബാദ് ജില്ലയിലെ കാന്ത് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അക്തര്‍. 2024ല്‍ എസ്പി എംഎല്‍എയായിരുന്ന മനോജ് പാണ്ഡെ രാജിവെച്ചതിനെ തുടര്‍ന്ന് കമാല്‍ അക്തറിനെ ചീഫ് വിപ്പായി നിയമിക്കുകയായിരുന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചതിന് പിന്നാലെയാണ് മനോജ് പാണ്ഡെയ്ക്ക് ഈ സ്ഥാനം നഷ്ടമായത്. നിലവിൽ അക്തറിന്റെ രാജി പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
യുപിയിലെ ബിജെപി സര്‍ക്കാരിനെതിരെ സമാജ്‌വാദി പാര്‍ട്ടി അതിശക്തമായി മുന്നോട്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ഈ രാജിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം പാര്‍ട്ടി ജില്ലാ ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മൊറാദാബാദ് എംപി രുചി വീരയില്‍ നിന്നും നിരന്തരം പരാതികള്‍ ലഭിച്ചിരുന്നതായി എസ്പി നേതാക്കള്‍ പറയുന്നു.
തുടര്‍ച്ചയായി പരാതികള്‍ ലഭിച്ചതോടെ ഇരുനേതാക്കളെയും അഖിലേഷ് യാദവ് ലഖ്നൗവിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇരുവരുമായും യാദവ് സംസാരിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അധിക ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് അക്തര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Adjust Story Font
16

