Quantcast

നടി സഞ്ചിതയുടെ ആത്മഹത്യയില്‍ വെളിപ്പെടുത്തലുമായി സഹോദരന്‍; 'കാസ്റ്റിങ് ഏജൻ്റുമാര്‍ നിരന്തരം ശല്യപ്പെടുത്തി'

സഞ്ചിതയുടെ മരണത്തെ നടന്‍ സുശാന്ത് സിങ് രാജ്പുത്തിൻ്റെ മരണവുമായി താരതമ്യം ചെയ്തുള്ള പോസ്റ്റുകള്‍ താന്‍ കണ്ടതായി ആകാശ് പറഞ്ഞു

MediaOne Logo
Sanchita Ugales brother claims casting agents harassed her
X

മുംബൈ: ഹിന്ദി ടെലിവിഷന്‍ താരം സഞ്ചിത ഉഗാല ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി സഹോദരന്‍. കാസ്റ്റിങ് ഏജന്റുമാര്‍ സഞ്ചിതയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് സഞ്ചിത ജീവനൊടുക്കിയതെന്നും സഹോദരന്‍ ആകാശ് സതീഷ് ഉഗാലെ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് 22കാരിയായ താരത്തെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

സഞ്ചിതയുടെ മരണത്തെ നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി താരതമ്യം ചെയ്തുള്ള പോസ്റ്റുകള്‍ താന്‍ കണ്ടതായി ആകാശ് പറഞ്ഞു. തുടര്‍ന്ന് സഞ്ചിതയുടെ സുഹൃത്തുക്കളുമായി സംസാരിച്ചു. ഏതാനും കാസ്റ്റിങ് ഏജന്റുമാര്‍ അവളെ നിരന്തരം ഉപദ്രവിച്ചുവെന്ന വിവരമാണ് ലഭിച്ചത്. അവളെ മാനസികമായി ഉപദ്രവിച്ചിരുന്നു. വലിയ സമ്മര്‍ദത്തിലായിരുന്നു -ആകാശ് പറഞ്ഞു.

ബോളിവുഡ് താരമായിരുന്ന സുശാന്ത് സിങ്ങിനെ 2020 ജൂണ്‍ 14നാണ് ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്ത് ആത്മഹത്യ ചെയ്തതാണെന്ന് പിന്നീട് കണ്ടെത്തി. ഇതേ ദിവസമാണ് സഞ്ചിതയും ജീവനൊടുക്കിയത്.

'സിനിമാ മേഖല വളരെ ഭയപ്പെടുത്തുന്നതാണ്. ഇത് ആളുകളെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്യും. സുശാന്ത് സിങ് രാജ്പുത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. ഈ ഇന്‍ഡസ്ട്രി അദ്ദേഹത്തെ തകര്‍ത്തു, ഇല്ലാതാക്കി. ഇതിന്റെ പിന്നില്‍ പലപ്പോഴും ശക്തരായ ആളുകളുണ്ടാകും. ഇതെല്ലാം അധികാരത്തിന്റെ കളിയാണ്' -ആകാശ് ഉഗാലെ പറഞ്ഞു.

'കുങ്കും ഭാഗ്യ', 'വാഗ്ലെ കി ദുനിയാ', 'ദില്‍വാലി ദുല്‍ഹാ ലേ ജായേഗി' തുടങ്ങിയ ഷോകളിലൂടെ പ്രശസ്തയായ താരമാണ് സഞ്ചിത. ഞായറാഴ്ച രാവിലെയാണ് സഞ്ചിതയെ മഹാരാഷ്ട്രയിലെ നലസൊപാരയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പിതാവിന്റെ പരാതിയില്‍ അസാധാരണ മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

മരണത്തിന് തൊട്ടുമുമ്പത്തെ ദിവസം പോലും നടി സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ബോളിവുഡ് ഗാനം ഡഫ്‌ലി വാലെ ഡഫ്‌ലി ബജായ്ക്ക് ചുവടുവെക്കുന്ന തന്റെ വിഡിയോ പങ്കുവച്ച് 24 മണിക്കൂറിനുള്ളിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)

TAGS :

Next Story