Quantcast

'താക്കറെമാർ വരുന്നു': ത്രിഭാഷ നയം ഫഡ്‌നാവിസ് സർക്കാർ പിൻവലിച്ചതിൽ വിജയാഘോഷ റാലിയുമായി രാജും ഉദ്ധവും

രണ്ട് സഹോദരന്മാരും ഒത്തുചേര്‍ന്നപ്പോള്‍ മഹാരാഷ്ട്രയില്‍ മറാത്തശക്തിയുടെ ഭൂകമ്പം ഉണ്ടാകുമായിരുന്നു. അതിനാലാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചതെന്ന് സഞ്ജയ് റാവത്ത്

MediaOne Logo

Web Desk

  • Published:

    1 July 2025 4:00 PM IST

താക്കറെമാർ വരുന്നു: ത്രിഭാഷ നയം ഫഡ്‌നാവിസ് സർക്കാർ പിൻവലിച്ചതിൽ വിജയാഘോഷ റാലിയുമായി രാജും ഉദ്ധവും
X

മുംബൈ: സ്കൂളുകളില്‍ ഹിന്ദിയെ മൂന്നാംഭാഷയായി അവതരിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കം താക്കറെ സഹോദരന്മാര്‍ നേടിയ വിജയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ജൂലൈ 5ന് വിജയാഘോഷ റാലി നടത്തുമെന്നും റാവത്ത് വ്യക്തമാക്കി.

നേരത്തെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ് താക്കറെയും ഉദ്ധവ് താക്കറെയും സംയുക്തമായി പ്രതിഷേധ റാലി സംഘടിപ്പിക്കാനൊരുങ്ങിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചതോടെ ഇരുവരും സമരത്തില്‍ നിന്നും പിന്മാറി.

രണ്ട് സഹോദരന്മാരും ഒത്തുചേര്‍ന്നപ്പോള്‍ മഹാരാഷ്ട്രയില്‍ മറാത്തശക്തിയുടെ ഭൂകമ്പം ഉണ്ടാകുമായിരുന്നു. അതിനാലാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചതെന്ന് റാവത്ത് പറഞ്ഞു.

എന്നാല്‍ വിജയാഘോഷ റാലി നടത്താനാണ് ഇരുവരുടെയും തീരുമാനം. താക്കറെമാര്‍ വരുന്നു എന്നാണ് സഞ്ജയ് റാവത്ത് എക്സില്‍ കുറിച്ചത്. ഉദ്ധവ് താക്കറെയാണ് റാലി തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ രാജ് താക്കറെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

'' ഇനിയും ഒട്ടേറെ വിജയങ്ങള്‍ നേടാനുണ്ട്. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത് നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തും. മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്രയില്‍ അധികാരംനേടുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യമെന്നും''- റാവത്ത് വ്യക്തമാക്കി. രണ്ട് സഹോദരന്മാര്‍ ഒരുമിച്ച് വരുന്നതില്‍ നിങ്ങള്‍ എന്തിനാണ് അസ്വസ്ഥരാകുന്നതെന്നും റാവത്ത് ചോദിച്ചു. ഫഡ്നാവിസിന്റെ വിമര്‍ശനം ചൂണ്ടിക്കാട്ടിയായിരുന്നു റാവത്തിന്റെ പരാമര്‍ശം.

TAGS :

Next Story