Quantcast

തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ എസ്ഡിപിഐയും; ഡിഎംകെ ആസ്ഥാനത്ത് സീറ്റ് ചര്‍ച്ച

എസ്ഡിപിഐക്ക് ഒരു സീറ്റ് നല്‍കുമെന്നാണ് സൂചന. മൂന്ന് സീറ്റാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്

MediaOne Logo
SDPI in DMK alliance in Tamil Nadu
X

ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ഡിഎംകെ - എസ്ഡിപിഐ നേതാക്കള്‍ സീറ്റ് ചര്‍ച്ചയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയില്‍ എസ്ഡിപിഐയും. മുന്നണിയില്‍ പ്രവേശിച്ച എസ്ഡിപിഐക്ക് ഒരു സീറ്റ് നല്‍കുമെന്നാണ് സൂചന. മൂന്ന് സീറ്റാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെത്തി എസ്ഡിപിഐ നേതൃത്വം സീറ്റ് ചര്‍ച്ച നടത്തി. സംസ്ഥാന അധ്യക്ഷന്‍ നെല്ലൈ മുബാറക്, ദേശീയ വൈസ് പ്രസിഡന്റ് ദഹലാന്‍ ബാഖവി തുടങ്ങിയ നേതാക്കളാണ് ചര്‍ച്ചക്കെത്തിയത്. ഡിഎംകെ നേതാക്കളായ കെ.എന്‍ നഹ്‌റു, തിരുച്ചി ശിവ, ടി.ആര്‍ ബാലു തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ക്രിയാത്മകമായ ചര്‍ച്ചയാണ് നടന്നതെന്നും സംതൃപ്തരാണെന്നും നെല്ലൈ മുബാറക് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, വിടുതലൈ ചിരുതൈകള്‍ കച്ചി, ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്, മക്കള്‍ നീതി മയ്യം, മനിതനേയ മക്കള്‍ കച്ചി, സിപിഐ, സിപിഎം എന്നിവയാണ് ഡിഎംകെ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ മുന്നണിയിലായിരുന്ന എസ്ഡിപിഐ ഒരു സീറ്റില്‍ മത്സരിച്ചിരുന്നു. ഡിണ്ടിഗല്‍ മണ്ഡലത്തില്‍ മത്സരിച്ച നെല്ലൈ മുബാറക് സിപിഎമ്മിന്റെ ആര്‍. സച്ചിദാനന്ദത്തോട് പരാജയപ്പെടുകയായിരുന്നു. എഐഎഡിഎംകെ ബിജെപിക്കൊപ്പം ചേര്‍ന്നതോടെ എസ്ഡിപിഐ മുന്നണി വിട്ടു. പിന്നീടാണ് ഡിഎംകെക്കൊപ്പം ചേര്‍ന്നത്. നിലവില്‍, കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ അടക്കം തമിഴ്‌നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളില്‍ എസ്ഡിപിഐക്ക് പ്രാതിനിധ്യമുണ്ട്.

TAGS :

Next Story