Quantcast

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം; വോട്ടർമാർ വഞ്ചിക്കപ്പെട്ടു; ശശി തരൂർ

രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കോൺഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-05-07 05:05:35.0

Published:

7 May 2023 5:04 AM GMT

False news against Shashi Tharoor; Times of India expressed regret
X

ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ശശി തരൂർ എം.പി. ബിജെപി വാ​ഗ്ദാനം ചെയ്ത സദ്ഭരണത്തിന് എന്ത് സംഭവിച്ചെന്ന് ശരിയായ ചിന്താ​ഗതിക്കാരെ എല്ലാ ഇന്ത്യക്കാരും ചിന്തിക്കണമെന്നും മണിപ്പൂരിലെ വോട്ടർമാർ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും തരൂർ ട്വീറ്റ് ചെയ്തു.

'മണിപ്പൂരിൽ‍ അക്രമങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, നമുക്ക് വാഗ്‌ദാനം ചെയ്‌ത ഏറെ കൊട്ടിഘോഷിച്ച സദ്‌ഭരണത്തിന്‌ എന്ത്‌ സംഭവിച്ചെന്ന്‌ ശരിയായ ചിന്താഗതിക്കാരായ എല്ലാ ഇന്ത്യക്കാരും സ്വയം ചോദിക്കണം. ബിജെപിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിച്ച് ഒരു വർഷം പിന്നിടുമ്പോൾ മണിപ്പൂരിലെ വോട്ടർമാർ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. അവിടെ രാഷ്ട്രപതി ഭരണത്തിന് സമയമായി. എന്തിനു വേണ്ടിയാണോ തെരഞ്ഞെടുക്കപ്പെട്ടത് ആ ജോലി ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല'- എന്നാണ് തരൂരിന്റെ ട്വീറ്റ്.

നേരത്തെ, കോൺ‍​ഗ്രസും രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും മണിപ്പൂർ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിമർശിച്ച് രംഗത്തുവന്നിരുന്നു.

സമുദായങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുന്ന ബിജെപി, സംസ്ഥാനത്തെ സമാധാനം തകർത്തുവെന്നായിരുന്നു വിമർശനം. പ്രധാനമന്ത്രി ഇടപെടണമെന്ന് രാഹുല്‍ഗാന്ധിയും ട്വീറ്റ് ചെയ്തിരുന്നു. അക്രമികളെ കണ്ടയിടത്തു വച്ച് വെടിവെക്കാൻ ഗവർണർ രഞ്ജിത്ത് സിങ് പൊലീസിനോട് നിർദേശിച്ചിരുന്നു. ജില്ലാ കലക്ടർമാര്‍ അടക്കമുള്ളവർക്ക് ആവശ്യമെങ്കിൽ വെടിവെക്കാനുള്ള അനുമതിയാണ് ഗവർണർ നല്‍കിയത്.

ഇംഫാൽ താഴ്‌വരയിൽ‍ താമസിക്കുന്ന ഹിന്ദു വിഭാ​ഗമായ മെയ്തികളും മലയോര മേഖലകളിൽ ക്രിസ്ത്യൻ ​ഗോത്ര വിഭാ​ഗമായ കുകികളും തമ്മിലാണ് മണിപ്പൂരിൽ സംഘർഷം ഉടലെടുത്തിരിക്കുന്നത്. സായുധരായ വിഭാ​ഗം ​ഗോത്ര ഗ്രാമങ്ങൾ ആക്രമിക്കുകയും വീടുകൾക്കും വാഹനങ്ങൾക്കും തീയിടുകയും നിരവധി കടകൾ കൊള്ളയടിക്കുകയും ചെയ്തു.

നിരവധി ക്രിസ്ത്യൻ പള്ളികൾ അ​ഗ്നിക്കിരാക്കുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്ത സംഘർഷത്തിനു പിന്നാലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുകയും അക്രമ ബാധിതമായ എട്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പതിനായിരങ്ങളാണ് സംസ്ഥാനത്തു നിന്നും സുരക്ഷിതത്വം തേടി പലായനം ചെയ്തത്.

അക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന ബിജെപി സർക്കാർ പരാജയപ്പെട്ടെന്ന വിമർശനം ശക്തമാണ്. സംഘർഷത്തെ അപലപിച്ച് കാത്തോലിക്കാ സഭയും വിവിധ ബിഷപ്പുമാരും രം​ഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് നിരവധി ആരാധനാലയങ്ങൾക്ക് തീയിട്ടിരിക്കുകയാണെന്ന് കാത്തലിക്ക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടികളും ആവശ്യമായ ജാഗ്രതയും ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






TAGS :

Next Story