Quantcast

'മണിപ്പൂരില്‍ ആയുധധാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കണം'; ആഹ്വാനവുമായി സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍

സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ജി.പി സിങ്ങിന്റേതാണ് വിവാദ പരാമര്‍ശം

MediaOne Logo

രാഗേന്ദു​ പി.ആർ

  • Updated:

    2026-06-08 03:47:00

Published:

8 Jun 2026 8:56 AM IST

മണിപ്പൂരില്‍ ആയുധധാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കണം; ആഹ്വാനവുമായി സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍
X

ഇംഫാല്‍: മണിപ്പൂരില്‍ ആയുധധാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ആഹ്വാനവുമായി സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ജി.പി സിങ്ങിന്റേതാണ് നിര്‍ദേശം. ആയുധധാരികളെ നിര്‍വീര്യമാക്കുന്നവരെ താന്‍ സംരക്ഷിക്കുമെന്നും അക്രമികള്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ വെടിയുണ്ടകള്‍ നല്‍കിയത് എന്തിനാണെന്നും ജി.പി സിങ് ചോദിച്ചു.

സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലിന്റെ പരാമര്‍ശം. അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ വടക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളില്‍ മാറ്റമുണ്ടാകുമെന്നും ജി.പി സിങ് പറഞ്ഞു.

സംസ്ഥാനത്തെ ബഫര്‍സോണ്‍ മേഖലയായ ഗെല്‍മോളിലെ ക്യാമ്പിലേക്ക് അതിക്രമിച്ച് കയറിയ ജനക്കൂട്ടത്തിന് നേരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്ത നടപടി ചൂണ്ടിക്കാട്ടിയായിരുന്നു ഡയറക്ടര്‍ ജനറലിന്റെ ആഹ്വാനം. ആയുധധാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമ്പോള്‍ വിഷമം തോന്നേണ്ടതില്ല. താനുള്ളിടത്തോളം 'ശരിയായ നടപടി'യെ പിന്തുണക്കുമെന്നും ജി.പി സിങ് പറഞ്ഞു.

'ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അക്രമം തുടര്‍ന്നാല്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ബലപ്രയോഗം നടത്താം. ഞങ്ങള്‍ നക്‌സലിസം അവസാനിക്കുമെന്ന് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. അടുത്ത ഊഴം മണിപ്പൂരിലാണ്,' സിങ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ജി.പി സിങ്ങിന്റെ വിവാദ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിരിക്കുകയാണ്. സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മണിപ്പൂര്‍ സംഘര്‍ഷം വഷളാക്കാനാണ് ശ്രമിക്കുന്നതെന്നും ഉടന്‍ നടപടിയെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

അതേസമയം മണിപ്പൂര്‍ സംഘര്‍ഷം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നാഗ-കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. മെയ് 13നുണ്ടായ മറ്റൊരു സംഘര്‍ഷത്തില്‍ കുക്കി വിഭാഗക്കാരായ മൂന്ന് മതപണ്ഡിതന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് വീണ്ടും അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

2023ല്‍ തുടങ്ങിയ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ 260ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി ആളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയാകുകയും ചെയ്തു.

സംഘര്‍ഷം വഷളായതോടെ അധികാരത്തിലിരുന്ന ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. നിലവില്‍ ഭരണത്തിലിരിക്കുന്ന യുംനാം സര്‍ക്കാരും മണിപ്പൂര്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.

TAGS :

Next Story