'അങ്ങേയറ്റം ഭയാനകമായ അനുഭവം'; യുവാക്കൾ കോച്ചിലേക്ക് ഇടിച്ചുകയറി, ട്രെയിൻ ടോയ്‌ലെറ്റിൽ മണിക്കൂറുകളോളം കുടുങ്ങി യുവതി-വിഡിയോ
40 ഓളം യുവാക്കൾ പെട്ടെന്ന് കമ്പാർട്ടുമെന്റിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് യുവതി പറയുന്നു

പട്‌ന: ട്രെയിനിലെ ടോയ്‌ലെറ്റിൽ മണിക്കൂറുകളോളം കുടുങ്ങിയ ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് യുവതി. ബിഹാറിലാണ് ഒറ്റക്ക് യാത്ര ചെയ്യേണ്ടി വന്ന യുവതി തനിക്ക് നേരിടേണ്ടിവന്ന അനുഭവം സോഷ്യൽമീഡിയായ എക്‌സിൽ പങ്കുവെച്ചത്. ട്രെയിൻ കതിഹാർ ജംഗ്ഷനിൽ നിർത്തിയപ്പോൾ ടോയ്‌ലറ്റിൽ പോയതായിരുന്നു യുവതി. ഈ സമയം കോച്ചിൽ നിന്ന് ഉച്ചത്തിലുള്ള നിലവിളികളും ഉന്തും തള്ളുമുണ്ടാകുന്ന ശബ്ദം താൻ കേട്ടു. വാഷ്‌റൂമിൽ നിന്ന് പുറത്തേക്ക് കാലെടുത്തുവെക്കാൻ നോക്കുമ്പോൾ ഏകദേശം 30-40 ഓളം യുവാക്കൾ പെട്ടെന്ന് കമ്പാർട്ടുമെന്റിലേക്ക് ഇരച്ചുകയറുകയും വാതിൽക്കൽ നിരന്ന് നിൽക്കുകയും ചെയ്തു.
ടോയ്‌ലറ്റിന്റെ വാതിലിന് പുറത്ത് ആളുകൾ തിങ്ങി നിൽക്കുന്നുണ്ടായിരുന്നു.വാതിൽ മുഴുവനായി തുറക്കാൻ പോലും കഴിഞ്ഞില്ല.പേടിച്ചുപോയ താൻ ടോയ്‌ലെറ്റിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടുകയും വിഡിയോ റെക്കോർഡ് ചെയ്ത് റെയിൽവെ ഹെൽപ്പ് ലൈനിലേക്ക് വിളിക്കുകയും ചെയ്തു.
'ട്രെയിൻ യാത്രയിലുള്ള സുരക്ഷാ ആശങ്കകൾ എത്രത്തോളം യാഥാർഥ്യമുള്ളതാണെന്ന് എനിക്ക് മനസിലായി. ഞാൻ ഒറ്റക്കായിരുന്നു യാത്ര ചെയ്തിരുന്നത്. ട്രെയിൻ കതിഹാർ ജംഗ്ഷനിൽ നിർത്തി. പെട്ടെന്ന് 30-40 യുവാക്കൾ പരസ്പരം ബഹളമുണ്ടാക്കി ആ കോച്ചിലേക്ക് ഇടിച്ചുകയറി, തിരക്ക് കൊണ്ട് ടോയ്‌ലെറ്റിന്റെ വാതിൽ പോലും മുഴുവനായി തുറക്കാൻ കഴിഞ്ഞില്ല.ഞാനത് വീണ്ടും അടച്ചു.റെയിൽവെ ഹെൽപ്പ് ലൈനിലേക്ക് വിളിച്ചു.ഭാഗ്യത്തിന് ആർപിഎഫ് സ്ഥലത്തെത്തി. അവർ എന്നെ സുരക്ഷിതമായി പുറത്തിറക്കുകയും സീറ്റിൽ തിരിച്ചെത്തിക്കുകയും ചെയ്തു.വളരെ ഭയാനകമായ അനുഭവമായിരുന്നു ഇത്...' ;യുവതി എക്‌സിൽ പങ്കുവെച്ച ട്വീറ്റിൽ പറയുന്നു.യുവതി പകർത്തിയ വിഡിയോയും സോഷ്യൽമീഡിയയിൽ വൈറലായി. നിരവധി പേരാണ് ട്രെയിൻ യാത്രക്കിടയിൽ സ്ത്രീകൾ നേരിടുന്ന സുരക്ഷാ പ്രശ്‌നത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചത്.
'ഇന്ത്യയിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ സ്ത്രീ സുരക്ഷ ഒരു തമാശയാണ്. ടിക്കറ്റില്ലാത്തവരെ ട്രെയിനുകളിൽ കയറ്റുകയും മറ്റുള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും മോശം കാര്യം..'സോഷ്യൽമീഡിയയിൽ ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു.
'നിങ്ങളുടെ കൈവശം ഫോൺ ഇല്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു..ആലോചിക്കാൻ പോലും വയ്യെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.ഇത്രയും ഭയനാകമായ സാഹചര്യത്തിൽ യുവതി നടത്തിയ ഇടപെടലിനെയും നിരവധി പേർ പ്രശംസിച്ചു.
അതേസമയം,അനധികൃതമായി കോച്ചിൽ കയറിയ യാത്രക്കാരെ പുറത്താക്കിയതായികതിഹാർ ആർപിഎഫ് ഇൻസ്‌പെക്ടർ രാകേഷ് കുമാർ പറഞ്ഞു. സമാനമായ സംഭവങ്ങൾ തടയുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആർപിഎഫ് പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

